Connect with us

kodiyeri Balakrishnan

പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിച്ച തന്ത്രജ്ഞന്‍

മൂര്‍ച്ചയേറിയ രാഷ്ട്രീയ നീക്കങ്ങളും ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഫലിതങ്ങളും ഭരണസാമര്‍ഥ്യവും കൈയിലുള്ള സി പി എം നേതാവിന്റെ കസേര ഇനി ഏറെ നാള്‍ ഒഴിഞ്ഞു കിടക്കും.

Published

|

Last Updated

തിരുവനന്തപുരം | ഭരണവും പാര്‍ട്ടിയും ഒരുപോലെ കൊണ്ടുപോകാന്‍ തന്ത്രവും ഊര്‍ജവും നല്‍കിയ പാര്‍ട്ടി സെക്രട്ടറിയെയാണ് സി പി എമ്മിന് നഷ്ടമായത്. മുന്നണിക്കുള്ളിലും പുറത്തും പാര്‍ട്ടിക്കെതിരെ വിമര്‍ശങ്ങളുയര്‍ന്ന സാഹചര്യങ്ങളിലെല്ലാം അതിനെ ഏറ്റവും സുന്ദരമായി പ്രതിരോധിക്കാനുള്ള അടവുനയങ്ങള്‍ ആവോളമുള്ള നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഇത് തന്നെയാണ് അസുഖം ബാധിച്ച സമയത്തും പാര്‍ട്ടി സെക്രട്ടറിയായി തുടരാന്‍ കാരണമായത്.

വിവാഹ ദിവസം തന്നെ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കല്യാണ സ്ഥലത്തുനിന്ന് സമ്മേളന നഗരിയിലേക്കുപോയ കോടിയേരി പിറ്റേന്നാണ് മടങ്ങിയെത്തിയത്. ഈ കൂറും വികാരവുമാണ് പിണറായി- വി എസ് പക്ഷങ്ങള്‍ക്കിടയില്‍ പക്ഷപാതമില്ലാതെ നില്‍ക്കാന്‍ കരുത്തായത്. പക്ഷങ്ങള്‍ക്കിടയില്‍ കോടിയേരി പക്ഷം ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള കരുതലും അദ്ദേഹത്തിനുണ്ടായിരുന്നു. നര്‍മബോധവും സൗമ്യതയും മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഗുണം ചെയ്തു. മൂര്‍ച്ചയേറിയ രാഷ്ട്രീയ നീക്കങ്ങളും ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഫലിതങ്ങളും ഭരണസാമര്‍ഥ്യവും കൈയിലുള്ള സി പി എം നേതാവിന്റെ കസേര ഇനി ഏറെ നാള്‍ ഒഴിഞ്ഞു കിടക്കും.

സങ്കീര്‍ണ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിച്ച് ആരെയും പിണക്കാതെ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള മധ്യസ്ഥന്‍ വിടവാങ്ങുമ്പോള്‍ പാര്‍ട്ടിക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. സി പി എം- സി പി ഐ തര്‍ക്കം രൂക്ഷമായ വേളകളിലെല്ലാം പാര്‍ട്ടി അനുനയ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയത് കോടിയേരിയെയാണ്. വെളിയം ഭാര്‍ഗനും പിണറായി വിജയനും വി എസ് അച്യുതാനന്ദനുമെല്ലാം കോടിയേരിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതക്ക് വഴങ്ങിയവരാണ്. വിഎസ് സര്‍ക്കാറിന്റെ കാലത്ത് സി പി ഐയുമായുള്ള ബന്ധം തീര്‍ത്തും വഷളായി. സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയും ഭാര്‍ഗവനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍ രംഗം ശാന്തമാക്കിയത് കോടിയേരിയുടെ ഇടപെടലുകളാണ്.

വിഭാഗീയത രൂക്ഷമായ ഘട്ടത്തില്‍ മുഖ്യമന്ത്രിയായ വി എസില്‍ നിന്ന് ആഭ്യന്തര വകുപ്പ് എടുത്തു മാറ്റിയപ്പോള്‍ മന്ത്രിയായി എത്തിയത് കോടിയേരിയാണ്. വിഭാഗീയതയുടെ കനലുകള്‍ ഒരിക്കലും വി എസ്- കോടിയേരി ബന്ധത്തെ ബാധിച്ചില്ല. പിണറായിയുമായുള്ള സൗഹൃദവും അതേപോലെ തുടര്‍ന്നു. കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരില്‍ ഒരാളായിരുന്നു. പോലീസ് സേനയില്‍ ആധുനികവത്ക്കരണം നടന്നതും സ്റ്റുഡന്റ് പോലീസ് രൂപവത്കരിച്ചതും ഉള്‍പ്പടെ പുതിയ തുടക്കങ്ങള്‍ കോടിയേരിയുടെ കാലത്തുണ്ടായി.