Connect with us

Kerala

കൂടത്തായി കൊലപാതക പരമ്പര; കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹരജി തള്ളി

കേസില്‍ തനിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്നുമായിരുന്നു ജോളിയുടെ വാദം

Published

|

Last Updated

കൊച്ചി |  കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ആദ്യഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹരജിയാണ് കോടതി തളളിയത്. നേരത്തെ കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജോളിയുടെ അപേക്ഷ തള്ളിയിരുന്നു. ഹരജി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

കേസില്‍ തനിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്നുമായിരുന്നു ജോളിയുടെ വാദം. റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശത്തെക്കുറിച്ച് പറയുന്നില്ലെന്നും ഹരജിയിലുണ്ട്. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിയുടെ മകനും നിലവിലെ ഭര്‍ത്താവുമൊക്കെ നല്‍കിയ മൊഴികള്‍ ജോളിയുടെ പങ്കിനെക്കുറിച്ച് വലിയ സംശയം സൃഷ്ടിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

2011 സെപ്റ്റംബര്‍ 20ന് സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയ് തോമസ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരെയുള്ള കേസ്. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

 

Latest