Connect with us

Articles

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭം

നിയമസഭയില്‍ അംഗമായിരുന്ന കാലയളവില്‍ ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയില്‍ അവതരിപ്പിച്ചിരുന്നു

Published

|

Last Updated

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍, തൊഴിലാളി വര്‍ഗ ഐക്യത്തെ ബലപ്പെടുത്തുന്നതില്‍, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതില്‍, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തു രക്ഷിക്കുന്നതില്‍ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളില്‍ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂനിയന്‍ നേതാവ് എന്ന നിലയില്‍ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാര്‍ഥി, യുവജന, തൊഴിലാളി മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ പല ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതിന്റെ അനുഭവ സമ്പത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി.

നിയമസഭയില്‍ അംഗമായിരുന്ന കാലയളവില്‍ ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമ നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്ത് നിലകൊണ്ടു. ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍, കരുത്തനായ സംഘാടകന്‍, മികച്ച വാഗ്മി, പാര്‍ട്ടി പ്രചാരകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്നു കാനം.
സി പി ഐ, സി പി ഐ (എം) ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധ വെച്ചു. വ്യക്തിപരമായ നിലയില്‍ നോക്കിയാല്‍ പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ നിരവധി ഓര്‍മകള്‍ ഈ നിമിഷത്തില്‍ മനസ്സില്‍ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പര്‍ശമുള്ളവയാണ്. മനസ്സിനോട് വളരെയേറെ ചേര്‍ന്നുനിന്ന സുഹൃത്തും സഖാവും ആയിരുന്നു കാനം എന്ന് മാത്രം പറയട്ടെ.

ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. നികത്താനാകാത്ത നഷ്ടമാണിത്. കേരളത്തിന്റെ താത്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.

ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണിത്. നിസ്വാര്‍ഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിനു നഷ്ടമായത്. സി പി ഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

---- facebook comment plugin here -----

Latest