Connect with us

Articles

നീതിക്കായുള്ള നീക്കമാണ്, തടയാനാകില്ല

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും നിയമന രീതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച വിധി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയില്‍ ഊന്നുന്നതാണ്.

Published

|

Last Updated

നമ്മുടെ പ്രധാന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജനാധിപത്യ ഭരണക്രമത്തെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തി പൂര്‍ത്തിയാക്കുക എന്ന ദൗത്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍വഹിക്കാനുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും നിയമന രീതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച വിധി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയില്‍ ഊന്നുന്നതാണ്.

മന്ത്രിസഭയുടെ അതായത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലുള്ള നിയമന രീതി. ഭരണഘടനയുടെ 324ാം അനുഛേദത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന്റെ പ്രമുഖ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം നീതിയുക്തവും സുതാര്യവുമാകാന്‍ സംവിധാനം വേണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നാല് റിട്ട് ഹരജികളിലാണ് പരമോന്നത നീതിപീഠം ശ്രദ്ധേയ വിധി പ്രസ്താവം നടത്തിയത്. പാര്‍ലിമെന്റ് ഇവ്വിഷയികമായി ഒരു നിയമം നിര്‍മിക്കുന്നത് വരെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കേണ്ടതെന്നാണ് വിധി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന സംവിധാനത്തില്‍ കോടതി ഇടപെടുന്നത് എക്സിക്യൂട്ടീവിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദമാണ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്തിയത്. എക്സിക്യൂട്ടീവിന്റെ അധികാര പരിധിയിലേക്കുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റം ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായ അധികാര വിഭജനത്തിന്റെ ലംഘനമാണെന്നും വാദിച്ചു ഭരണകൂടം. പാര്‍ലിമെന്റ് കൊണ്ടുവരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും നിയമിക്കേണ്ടത് എന്നാണ് ഭരണഘടനയുടെ 324ാം അനുഛേദം പറയുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമം ഇക്കാലം വരെ പാര്‍ലിമെന്റ് ഉണ്ടാക്കിയിട്ടില്ല. അങ്ങനെയിരിക്കെ അതിന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 324ാം അനുഛേദവുമായി ബന്ധപ്പെട്ട് ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചകളും അതിന്റെ നിയമ ശാസ്ത്രവും വിശകലനം ചെയ്താണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിന് നടപടിക്രമം രൂപവത്കരിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭ പാര്‍ലിമെന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അങ്ങനെ രൂപവത്കരിക്കപ്പെടുന്ന നിയമം ഭരണഘടനാധിഷ്ഠിതവും സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണ്ടാകുക വഴി നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാകും. എന്നാല്‍ ആ ദിശയില്‍ ഒരു ചലനവും ഇല്ലാതിരിക്കെ ജുഡീഷ്യറി ചെയ്യേണ്ട ന്യായമായ പരിശോധന നടത്തുക മാത്രമാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ മറ്റു രണ്ട് സ്തംഭങ്ങളായ എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും പ്രവര്‍ത്തനം പരിശോധിക്കാനുള്ള അധികാരം ജുഡീഷ്യറിക്കുണ്ട്. അവ്വിധം നീതിന്യായ പരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പരമോന്നത നീതിപീഠം ഇവിടെ ചെയ്തിരിക്കുന്നത്. അത് ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായ അധികാര വിഭജനത്തെ ഭത്സിക്കുന്ന നീക്കമല്ല. അധികാര വിഭജനം ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായിരിക്കുമ്പോഴും നീതിപീഠത്തിന് ജുഡീഷ്യല്‍ ആക്ടിവിസത്തിനുള്ള അവസരം ഇല്ലാതാകുന്നുമില്ല. ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമിടയില്‍ കൃത്യമായ ലക്ഷ്മണ രേഖ വരച്ചുകൊണ്ടുള്ള അധികാര വിഭജന സിദ്ധാന്തമല്ല ഇന്ത്യന്‍ ഭരണഘടനയുടേത് എന്നുമോര്‍ക്കണം. രാജ്യത്തെ ജനാധിപത്യത്തെയും അതുവഴി ഭരണഘടനാ മൂല്യങ്ങളെയും ശക്തിപ്പെടുത്താനുള്ള നീതിന്യായ ഇടപെടലുകളെ അധികാര വിഭജനത്തെ അന്തിമ ആശയമായി കണ്ട് തടയാനാകില്ല.

തിരഞ്ഞെടുപ്പ് കമ്മീഷനെന്ന സ്വയംഭരണാവകാശമുള്ള സംവിധാനത്തെ ജനാധിപത്യത്തിന്റെ മൂന്ന് അവിഭാജ്യ ഘടകങ്ങളുടെയും സ്വാധീനവലയത്തില്‍ നിന്ന് മുക്തമാക്കുമ്പോഴാണ് പൂര്‍ണാര്‍ഥത്തിലുള്ള സ്വയംഭരണം സാധ്യമാകുക. അപ്പോള്‍ മാത്രമേ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സ്വതന്ത്രവുമാകുകയുള്ളൂ. എക്സിക്യൂട്ടീവിന് പൂര്‍ണ റോളുള്ള തിരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന നിലവിലുള്ള രീതി പക്ഷപാതരഹിതമായ തിരഞ്ഞെടുപ്പെന്ന നമ്മുടെ ഭരണഘടനാ ആശയത്തെ നിഷേധിക്കുന്ന സമ്പ്രദായമാണ്. ആ നിലയില്‍ അത് ഭരണഘടനയുടെ മൗലിക ഘടനയുടെ ലംഘനമാകുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

മാറുന്ന കാലത്തിന്റെ സാമൂഹിക മാറ്റത്തോടൊപ്പം നവീകരിക്കപ്പെടാന്‍ സന്നദ്ധതയുള്ളതാണ് നമ്മുടെ ഭരണഘടന. അതൊരു ജീവനുള്ള രേഖയാണ്. മൗലിക ഘടനയെന്ന അടിസ്ഥാന ആശയങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള മാറ്റത്തെ സ്വീകരിക്കുന്നു ഇന്ത്യന്‍ ഭരണഘടന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന സംവിധാനത്തിന് പാര്‍ലിമെന്റ് നിയമം കൊണ്ടുവരണമെന്ന 324ാം ഭരണഘടനാനുഛേദത്തിന്റെ മാന്‍ഡേറ്റ്, ഭരണഘടന തുടര്‍ന്നും വികസിക്കുന്നതാണ് എന്നതിലേക്കുള്ള സൂചനയാണ്. 1950ലെ ഭരണഘടന സമകാലികമാകാന്‍ പാര്‍ലിമെന്റ് നിയമം കൊണ്ടുവരണം എന്ന് തുടങ്ങിയ ഭരണഘടനയിലെ വിടവുകള്‍ നികത്തിയിട്ടില്ലെങ്കില്‍ ജുഡീഷ്യറി വ്യത്യസ്ത നിയമ വ്യവഹാരങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അത് പൂരിപ്പിക്കണമെന്നാണ്. ഭരണഘടനാ നിയമത്തില്‍ മൗന സിദ്ധാന്തം എന്നാണ് അതിന് പറയുക. പൂര്‍ണ നീതി ലഭ്യമാക്കാന്‍ ഭരണഘടനയുടെ 142ാം അനുഛേദം അവ്വിധം നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോടതിയെ അനുവദിക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ എക്സിക്യൂട്ടീവ് ഏകാധിപത്യം വെച്ചുപുലര്‍ത്തുകയാണ് ഇപ്പോള്‍ രാജ്യത്തുള്ള നിയമന രീതിയിലൂടെ നടക്കുന്നത്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ പക്ഷപാതപരമാണെന്ന പരാതിക്കിപ്പോള്‍ രാജ്യത്ത് പഞ്ഞമില്ല. ഓരോ തിരഞ്ഞെടുപ്പ് വേളയിലും നാം അത് തന്നെ കേള്‍ക്കുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് പൗരന് അവകാശമുണ്ട്. അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സംവിധാനമാകണം. അല്ലെങ്കില്‍ ഭരണകൂടത്തിന്റെ ഇംഗിതമനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു ഏജന്‍സിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറലായിരിക്കും ഫലം.