Connect with us

National

പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് അജ്മീറില്‍ മക്കളുടെ മുന്നിലിട്ട് മധ്യവയസ്‌കനെ മര്‍ദിച്ചു

രണ്ട് മക്കളുടെ മുന്നിലിട്ടായിരുന്നു ചീത്തവിളിയും ക്രൂരമര്‍ദനവും.

Published

|

Last Updated

അജ്മീര്‍ | രാജസ്ഥാനിലെ അജ്മീറില്‍ അഞ്ച് പേര്‍ ചേര്‍ന്ന് മുസ്ലിം മധ്യവയസ്‌കനെ കുടുംബത്തിന്റെ മുന്നിലിട്ട് മര്‍ദിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇദ്ദേഹത്തോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്നുമുണ്ട് അക്രമികള്‍. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

രണ്ട് മക്കളുടെ മുന്നിലിട്ടായിരുന്നു ചീത്തവിളിയും ക്രൂരമര്‍ദനവും. യു പിയില്‍ നിന്ന് വന്നത് മോഷ്ടിക്കാനല്ലേ, സ്വര്‍ണം മോഷ്ടാക്കള്‍ എന്നിങ്ങനെ പറഞ്ഞായിരുന്നു മര്‍ദനം. ഒരു വീടിന് പുറത്തുള്ള തെരുവില്‍ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണം മുഴുവനും അക്രമികള്‍ പിടിച്ചുവാങ്ങി.

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെന്നും ഭിക്ഷ യാചിക്കുന്നയാളെയാണ് മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു. അതേസമയം, കേസെടുത്തിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ വളക്കച്ചവടക്കാരനെ പേര് ചോദിച്ചറിഞ്ഞ ശേഷം ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചിരുന്നു.

Latest