Uae
അൽ ഐനിൽ 120 മില്യൺ ദിർഹത്തിന്റെ വൻ കാർഷിക പദ്ധതി
പദ്ധതി വരുന്നത് ചൈന - യു എ ഇ സഹകരണത്തിൽ

അബൂദബി | അല്‍ ഐനില്‍ 100,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അഗ്രിടെക് ഹബ് പദ്ധതി പ്രഖ്യാപിച്ചു. അബൂദബി ആസ്ഥാനമായുള്ള അഗ്രി-ഫുഡ്, ടെക്നോളജി കമ്പനിയായ സിലാലും ചൈനയിലെ ഷൗഗ്വാംഗ് വെജിറ്റബിള്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പും സംയുക്തമായാണ് 120 മില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി നടപ്പാക്കുന്നത്.
വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബറിന്റെയും കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹകിന്റെയും സാന്നിധ്യത്തില്‍ ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ്’ കോണ്‍ഫറന്‍സില്‍ കരാര്‍ ഒപ്പുവച്ചു.യു എ ഇയുടെ കാര്‍ഷിക മേഖലയെ ജല-തീവ്രവും കാലാവസ്ഥാ ദുര്‍ബലവുമായ രീതിയില്‍ നിന്ന് ഡാറ്റാധിഷ്ഠിതവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ മാതൃകയിലേക്ക് ഈ പദ്ധതി മാറ്റും.
ഷൗഗ്വാങിന്റെ ‘ഷൗഗ്വാങ് മോഡല്‍’ എന്ന ഗ്രീന്‍ഹൗസ് കൃഷിരീതിയാണ് പദ്ധതിയുടെ കാതല്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ വിജയകരമായി നടപ്പാക്കിയതാണ് ഈ മോഡല്‍. യു എ ഇയുടെ വരണ്ട കാലാവസ്ഥക്ക് ഇത് അനുയോജ്യമാക്കും. ഫോട്ടോവോള്‍ട്ടായിക് ഗ്ലാസ് ഗ്രീന്‍ഹൗസുകള്‍, വലിയ സോളാര്‍ ഗ്രീന്‍ഹൗസുകള്‍, ഫിലിം കണക്റ്റഡ് ഘടനകള്‍ എന്നിവ ഉള്‍പ്പെടുന്ന സൗകര്യം പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കും.
തക്കാളി, വെള്ളരി, മത്തങ്ങ, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും മെച്ചപ്പെട്ട രുചിയോടും വിളവോടും കൃഷിചെയ്യും. ഓട്ടോമേറ്റഡ് കാലാവസ്ഥാ നിയന്ത്രണം, റോബോട്ടിക് ഹാര്‍വെസ്റ്ററുകള്‍, പ്രിസിഷന്‍ ജലസേചനം എന്നിവ ജല, വള ഉപയോഗം 30 ശതമാനം വരെ കുറക്കും.
ജല ശുദ്ധീകരണ സംവിധാനങ്ങള്‍, മോഡുലാര്‍ പ്യൂരിഫിക്കേഷന്‍ യൂണിറ്റുകള്‍, ഊര്‍ജ സംഭരണം, കൂണ്‍ ഉത്പാദന മേഖല, ജീവനക്കാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍, സെന്‍സറി എക്സ്പീരിയന്‍സ് സെന്റര്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും.വിളവെടുപ്പിന് ശേഷമുള്ള ഫോള്‍ഡ് സ്റ്റോറേജ് സെന്റര്‍, ഓട്ടോമേറ്റഡ് സോര്‍ട്ടിംഗ് ലൈനുകള്‍, ലോജിസ്റ്റിക്സ് സംവിധാനങ്ങള്‍ എന്നിവയും ഒരുക്കുന്നുണ്ട്.