Connect with us

Kerala

ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി; രക്ഷപ്പെട്ടത് അത്ഭുതകരമായി

കാടുകള്‍ നിറഞ്ഞ പ്രദേശത്ത് എവിടെയെങ്കിലും പുലി ഒളിച്ചിരിക്കുന്നുണ്ടാകാമെന്നാണ് സംശയം

Published

|

Last Updated

ബേഡകം | വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പയങ്ങാട് രാഘവനും ഭാഗ്യയും സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടിയത്. ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്ത ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വാഹനം അതിവേഗതയില്‍ ഓടിച്ചുപോയതിനാല്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഒയോലത്ത് മുള്ളന്‍പന്നിയെ പുലി കടിച്ചുകൊന്നിരുന്നു. കൊളത്തൂരില്‍ ഗുഹയില്‍ കുടുങ്ങിയ പുലി ചാടിപ്പോയതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയായും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പുലിയുടെ വയറില്‍ പന്നിക്കെണി കുരുങ്ങിയതിനാല്‍ അധികദൂരം പോകാന്‍ കഴിയില്ലെന്ന് വനപാലകര്‍ വ്യക്തമാക്കിയിരുന്നു. പുലിയെ കുടുക്കാന്‍ കൂടും സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലി ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചുകഴിയുകയാണ്. കരിച്ചേരി, കൊളത്തൂര്‍ ഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്നാണ് നാട്ടുകാര്‍ കരുതുന്നത്. കാടുകള്‍ നിറഞ്ഞ പ്രദേശത്ത് എവിടെയെങ്കിലും പുലി ഒളിച്ചിരിക്കുന്നുണ്ടാകാമെന്നാണ് സംശയം.

പുലിയെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ ആളുകള്‍ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്.

 

Latest