Connect with us

Editorial

ചരിത്രമെഴുതിയ പ്രയാണം

യാത്ര അവസാനിച്ചെങ്കിലും അതുയർത്തിയ മുദ്രാവാക്യവും സന്ദേശവും അവസാനിക്കുന്നില്ല. മനുഷ്യനോടൊപ്പം നിൽക്കുന്ന രാഷ്്ട്രീയവും സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളുമാണ് നാടിന് ആവശ്യമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ യാത്രക്കായിട്ടുണ്ട്.

Published

|

Last Updated

ഇതൊരു ചരിത്ര യാത്രയായി കാലം രേഖപ്പെടുത്താതിരിക്കില്ല. പ്രമേയത്തിലും സംഘാടനത്തിലും ജനപങ്കാളിത്തത്തിലും മികവ് പുലര്‍ത്തി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി, കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള യാത്ര. ജനുവരി ഒന്നിനു കാസര്‍ക്കാട് നിന്നു, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച യാത്ര ഇന്നലെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചപ്പോള്‍, സാമൂഹിക സാംസ്‌കാരിക കേരളത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായി അത് മാറി. സാമുദായിക സൗഹാര്‍ദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു യാത്രയുടെ ഓരോ ചുവടുവെപ്പും. വര്‍ഗീയതക്കും വിഭാഗീയതക്കും വെറുപ്പിന്റെ രാഷ്്ട്രീയത്തിനുമെതിരെ സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് യാത്ര ജനങ്ങളിലെത്തിച്ചത്.

ഒട്ടേറെ രാഷ്ട്രീയ, സാമുദായിക, പ്രാസ്ഥാനിക യാത്രകള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. അതത് പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ ആശയ- സമ്മേളന പ്രചാരണങ്ങളോ ആണ് അത്തരം യാത്രകളിലെല്ലാം ചര്‍ച്ച ചെയ്യപ്പെടാറ്്. ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തവും വേറിട്ടു നില്‍ക്കുന്നതുമായിരുന്നു ഉസ്താദിന്റെ നേതൃത്വത്തില്‍ നടന്ന കേരള യാത്ര. അതത് പ്രദേശത്തിന്റെ പ്രശ്നങ്ങള്‍ തൊട്ടറിയാനും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും യാത്രയിലുടനീളം നേതാക്കള്‍ ശ്രദ്ധിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ, സാമൂഹിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും നാടിന്റെ സുരക്ഷിത ഭാവിയെക്കുറിച്ചും ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നു. യാത്രക്കിടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി സംവദിച്ച് രൂപപ്പെടുത്തിയ ജനസഭാ റിപോര്‍ട്ടും നവകേരളത്തിനായി യാത്രാ നേതൃത്വം മുന്നോട്ടു വെക്കുന്നുണ്ട്.

‘മനുഷ്യര്‍ക്കൊപ്പം’ എന്ന യാത്രയുടെ പ്രമേയം കേവലമൊരു മുദ്രാവാക്യമല്ല; ഒരു ജനതയെ മുഴുവന്‍ ചേര്‍ത്തുപിടിക്കാനുള്ള ഹൃദയഹാരിയായ ആഹ്വാനമാണ്. മനുഷ്യന്‍ എന്ന വികാരത്തിന് ആഹ്വാനം ചെയ്യുന്ന ഈ പ്രമേയം കൂടിയാണ് കേരള യാത്രയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. ജാതിയും മതവും മുന്‍നിര്‍ത്തി, ഭരണഘടന കല്‍പ്പിച്ചു തരുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതിനു ഭരണകൂടങ്ങള്‍ തന്നെ കൂട്ടുനില്‍ക്കുന്ന ഇക്കാലത്ത് മനുഷ്യര്‍ക്കൊപ്പം നിന്നല്ലാതെ അതിനെ പ്രതിരോധിക്കാനാകില്ലെന്ന സന്ദേശം നല്‍കുന്നു യാത്ര. കാലം ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഏറ്റവും വലിയ സന്ദേശവും മുദ്രാവാക്യവുമാണിത്. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഒരു പോലെ യാത്രക്കു സ്വീകാര്യത ലഭിച്ചതിനു പിന്നില്‍ പ്രമേയത്തിന്റെ ആഴവും പരപ്പുമാണ്. മനുഷ്യാവകാശങ്ങള്‍ ഭരണകൂടത്തിന്റെ താത്പര്യമനുസരിച്ചു നിശ്ചയിക്കപ്പെടുന്ന കാലത്ത് മനുഷ്യന്‍ കേന്ദ്രബിന്ദുവാകുന്ന രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു യാത്രാ നായകര്‍. കേരളത്തിന്റെ സാമൂഹിക ഭൂപടത്തില്‍ സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പുതിയൊരു ചരിത്രം രചിച്ചു കൊണ്ടാണ് ഈ മഹാപ്രയാണം തിരുവനന്തപുരത്ത് സമാപിച്ചത്.

സംഘാടന മികവായിരുന്നു യാത്രയുടെ മറ്റൊരു സവിശേഷത. ജാഥയെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് റോഡിന്റെ ഓരങ്ങളില്‍ അണിനിരന്നത്. ഓരോ സ്വീകരണ പരിപാടിയിലും പതിനായിരങ്ങള്‍ തടിച്ചുകൂടി. എന്നിട്ടും സുസജ്ജമായ വളണ്ടിയര്‍വിംഗിന്റെ പ്രവര്‍ത്തനം മൂലം എവിടെയും കാര്യമായ ഗതാഗത തടസ്സം ഉടലെടുത്തില്ല. യാത്രയിലെ ഓരോ പരിപാടിയും കൃത്യസമയത്ത് നടത്തുന്നതില്‍ സംഘാടകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. ലക്ഷങ്ങള്‍ പങ്കെടുത്ത സമാപന പരിപാടിയില്‍ പോലും അച്ചടക്കം കൈവിട്ടുപോയില്ല. ഓരോ സ്വീകരണ ചടങ്ങിലും എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തവും വിവിധ നേതാക്കളുടെ സാന്നിധ്യവും ഉറപ്പാക്കാനും സംഘാടകര്‍ക്കു സാധിച്ചു.യാത്ര കടന്നു പോകുന്ന ഇടങ്ങളിലെ റോഡ് സുരക്ഷിതത്വം, ശുചിത്വം, സമയക്രമം, വേദി നിയന്ത്രണം തുടങ്ങിയവയെല്ലാം ഒരു ജനാധിപത്യ സമൂഹത്തിനു മാതൃകയാക്കാകുന്ന വിധത്തിലായിരുന്നു. യാത്ര കടന്നുപോയ വഴികളിലെയും സ്വീകരണ പരിപാടികളിലെയും വന്‍ജനപങ്കാളിത്തം യാദൃച്ഛികമായിരുന്നില്ല, സമൂഹം ഉള്ളിലൊതുക്കിയ ഒരാഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു.

സമൂഹത്തിലെ അധാര്‍മിക പ്രവണതകളിലും ധ്രുവീകരണ ശ്രമങ്ങളിലും മനംമടുത്ത കേരള സമൂഹം, മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു നേതാവിനും ശബ്ദത്തിനുമായി കാത്തിരിക്കുകയായിരുന്നു. മാനവിക മൂല്യങ്ങള്‍ക്കു വേണ്ടി ദാഹിച്ച മനുഷ്യരുടെ ഒത്തുചേരലായിരുന്നു യാത്ര കടന്നു പോയ കേന്ദ്രങ്ങളിലല്ലാം കാണാനായത്. വലിയൊരു ജനസമൂഹത്തെ ഒരു ലക്ഷ്യത്തിലേക്ക് എങ്ങനെ ഏകോപിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ യാത്രയും കാന്തപുരം ഉസ്താദിന്റെ മുന്‍ കേരളയാത്രകളും. മതമൂല്യങ്ങളോടും ഇന്ത്യന്‍ ഭരണഘടനയോടും ചേര്‍ന്നു നില്‍ക്കുന്നതാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും നിലപാടുകള്‍.

യാത്ര അവസാനിച്ചെങ്കിലും അതുയര്‍ത്തിയ മുദ്രാവാക്യവും സന്ദേശവും അവസാനിക്കുന്നില്ല. മനുഷ്യനോടൊപ്പം നില്‍ക്കുന്ന രാഷ്്ട്രീയവും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമാണ് നാടിനു ആവശ്യമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ യാത്രക്കായിട്ടുണ്ട്. യാത്രയുടെ അവസാനം ഈ ചിന്തയുടെയും മനുഷ്യനെ കേന്ദ്രമാക്കി സമൂഹം പുനര്‍നിര്‍മിക്കാനുള്ള യാത്രയുടെയും തുടക്കം കൂടിയാണ്.

കേരളത്തിന്റെ അതിരുകള്‍ക്കപ്പുറം പ്രസക്തമാണ് കേരള യാത്ര ഉയര്‍ത്തിയ സന്ദേശങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളെ സംശയത്തോടെ നോക്കിക്കാണുകയും നിയമത്തെ ന്യൂനപക്ഷ വേട്ടക്കുള്ള ആയുധമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടന്ന ഈ മനുഷ്യ കേന്ദ്രീകൃത രാഷ്ട്രീയ മാതൃക ദേശീയ ചര്‍ച്ചയാകേണ്ടതാണ്. മനുഷ്യനോടൊപ്പമെന്ന വാക്യം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ മാനവിക പ്രതിരോധത്തിന്റെ മുദ്രാവാക്യമായി മാറേണ്ടതുണ്ട്.