Connect with us

Articles

മനുഷ്യപക്ഷത്ത് നിലകൊണ്ട മാധ്യമ പ്രവര്‍ത്തകന്‍

നടന്ന വഴികളില്‍ നേരിന്റെ ചുവടുകള്‍ സ്വീകരിച്ച, അടിയന്തരാവസ്ഥയെ ധീരമായി ചെറുത്ത, വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ക്രിയാത്മകവും വിമര്‍ശനാത്മകവുമായ ഇടപെടല്‍ നടത്തിയ ഒരാളായിരുന്നു ഭാസുരേന്ദ്രബാബു.

Published

|

Last Updated

നിലപാടില്‍ ഇടത് കാര്‍ക്കശ്യം വ്യക്തമാക്കി മനുഷ്യപക്ഷത്ത് നിലകൊണ്ട മാധ്യമ പ്രവര്‍ത്തകന്‍ ഇനി ഓര്‍മകളില്‍. നടന്ന വഴികളില്‍ നേരിന്റെ ചുവടുകള്‍ സ്വീകരിച്ച, അടിയന്തരാവസ്ഥയെ ധീരമായി ചെറുത്ത, വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ക്രിയാത്മകവും വിമര്‍ശനാത്മകവുമായ ഇടപെടല്‍ നടത്തിയ ഒരാളായിരുന്നു ഭാസുരേന്ദ്രബാബു. കേന്ദ്ര പ്രോവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനില്‍ നിന്ന് സജീവ മാധ്യമ മേഖലയിലേക്കും മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലേക്കും കടന്ന ഭാസുരേന്ദ്ര ബാബു അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനത്തിനായുള്ള മനുഷ്യാവകാശ പോരാട്ടങ്ങളിലും സജീവമായുണ്ടായിരുന്നു.

എഴുപതുകളില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അമരത്ത് പ്രവര്‍ത്തിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചു. പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായി. അടിയന്തരാവസ്ഥക്ക് ശേഷം ജയില്‍മോചിതനായ ഭാസുരേന്ദ്ര ബാബു ഇടത് നിലപാടില്‍ അടിയുറച്ച് തന്നെ മുന്നോട്ട് പോയി. സി പി ഐ എം എല്‍ പ്രസ്ഥാനങ്ങളുടെ സെന്‍ട്രല്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകത്തിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചു. എം എല്‍ പ്രസ്ഥാനത്തില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് അദ്ദേഹം നക്‌സല്‍ പ്രസ്ഥാനവുമായുള്ള ബന്ധം ഉപേക്ഷിച്ചത്. പിന്നീട് സി പി എമ്മുമായാണ് അടുത്ത ബന്ധം പുലര്‍ത്തിയത്.

ചാനല്‍ ചര്‍ച്ചകളില്‍ സി പി എം ഔദ്യോഗിക വിഭാഗത്തിന്റെ ശക്തനായ വക്താവെന്ന നിലയില്‍ ഇടപെട്ട ഭാസുരേന്ദ്ര ബാബു പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരായ നീതി നിഷേധത്തിനും ഗൂഢാലോചനക്കും എതിരെ പോരാടാന്‍ രൂപവത്കരിച്ച നിയമ സഹായവേദിയുടെ രക്ഷാധികാരികളിലൊരാളുമായി. മഅ്ദനിക്ക് കേസുമായി ബന്ധപ്പെട്ട നിയമസഹായം നല്‍കുക, ഗൂഢാലോചനക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുക, മാധ്യമ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുക തുടങ്ങിയ സമിതിയുടെ ലക്ഷ്യങ്ങള്‍ക്കൊപ്പം അദ്ദേഹം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു. സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി സമിതിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളോട് കൈക്കൊണ്ട അതേ സമീപനമാണ് ഒരു പ്രത്യേക ന്യൂനപക്ഷത്തോട് ഭരണകൂടം കാട്ടുന്നതെന്ന് വേദികളില്‍ അദ്ദേഹം തുറന്ന് പറഞ്ഞു. മഅ്ദനി ഒരു തീവ്രവാദ വിഷയമല്ലെന്നും മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. എക്കാലത്തും മനുഷ്യപക്ഷത്ത് അടിയുറച്ച് നിന്ന ഒരാളായിരുന്നു ഭാസുരേന്ദ്ര ബാബുവെന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു സാക്ഷി.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest