International
ഗസ്സയിൽ ഇസ്റാഈലിന് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ 24 ഇസ്റാഈൽ സൈനികർ കൊല്ലപ്പെട്ടു
ഇസ്‌റാഈല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹാഗ്രിയാണ് സൈനികര്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്
ഗസ്സ സിറ്റി | ഗസ്സയില്‍ 24 മണിക്കൂറിനിടെ 24 ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹാഗ്രിയാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. സൈനിക ടാങ്കിലേക്ക് റോക്കറ്റ് ഇടിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് പറഞ്ഞു.
അതേ സമയം, കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന രണ്ട് കെട്ടിടങ്ങളിലും സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ ഇസ്‌റാഈല്‍ സൈനികരുടെ മേല്‍ വീണതും മരണങ്ങള്‍ക്ക് കാരണമായി.
സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് പറഞ്ഞു. ‘അസഹ്യമായ പ്രയാസമുള്ള പ്രഭാത’മെന്ന് ഇസ്‌റാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രസ്ഥാവനയില്‍ പറഞ്ഞു. യുദ്ധം തുടങ്ങിയിട്ട് ഏറ്റവും ഭീകരമായ ദിവസമാണിതെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വിജയിക്കുന്നത് വരെ യുദ്ധം തുടരുമെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു.
അതേസമയം ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 25,295 ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.