Connect with us

literature

വിമർശനകലയിലെ നിർഭയ വ്യക്തിത്വം

മലയാള സാഹിത്യത്തിലെ എക്കാലത്തേയും വലിയ "കുറ്റാന്വേഷകനായിരുന്ന' പ്രൊഫ. എം കൃഷ്ണൻ നായർ ജന്മശതാബ്‌ദിയുടെ നിറവിലാണ്. സാഹിത്യനിരൂപണത്തിന് നിർഭയത്വത്തിന്റെയും നിഷ്പക്ഷതയുടെയും കവചകുണ്ഡലങ്ങളണിയിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.

Published

|

Last Updated

“കാലത്തിന്റെ പ്രവാഹത്തിനെതിരായി എനിക്ക് സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ! എന്തെല്ലാം കാഴ്ചകൾ ഞാൻ കാണുമായിരുന്നില്ല! ഇടപ്പള്ളി രാഘവൻ പിള്ള മുറിക്കൈ ഷർട്ടിട്ട്, മുഷിഞ്ഞ മുണ്ടുടുത്ത് തിരുവനന്തപുരത്തെ സയൻസ് കോളജിനു മുന്പിൽ ചിന്താധീനനായി നിൽക്കുന്നു. സിൽക്ക് ട്രൗസേഴ്സ്, സിൽക്ക് കോട്ട്, സിൽക്ക് ടൈ ഇവ ധരിച്ചു സുന്ദരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള ഇടപ്പള്ളി സാഹിത്യപരിഷത്തിൽ കവിതയെക്കുറിച്ച് ഇംഗ്ലീഷിൽ പ്രസംഗിക്കുന്നു. ഇ വി കൃഷ്ണപിള്ള പ്രഭാഷണം നടത്തുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്യത്തിലും നേരമ്പോക്ക്. എ ബാലകൃഷ്ണപ്പിള്ള വെള്ളത്താടി തടവിക്കൊണ്ട്, “എൻ വി കൃഷ്ണവാരിയർ നല്ല കവിയാണ്. നിങ്ങൾ മുന്പ് പറഞ്ഞത് തിരുത്തിയെഴുതണം’ എന്ന് എന്നോടു പറയുന്നു. എറണാകുളത്ത് വള്ളത്തോൾ പ്രസംഗിച്ചുകൊണ്ടു നിൽക്കുന്നു. ആയിടെ റഷ്യയിൽ പോയിവന്ന അദ്ദേഹം മോസ്‌കോയിലെ ഒരു ബാലെ നർത്തകിയെക്കുറിച്ച് “റോസാദലം കാറ്റിൽ പറക്കുമ്പോലെ’ എന്നു പറയുന്നു…… കാലമേ, പിറകോട്ടു പോകൂ. ഞാനിവരെയൊക്കെ കാണട്ടെ. അവർ പറയുന്നതു കേൾക്കട്ടെ.’

ഒരിക്കൽ എം കൃഷ്ണൻ നായർ “സാഹിത്യവാരഫല’ത്തിൽ എഴുതി. ഇപ്പോൾ നമ്മോടൊപ്പം കൃഷ്ണൻ നായരുമില്ല. കാലത്തിന്റെ യവനികയ്ക്കു പിറകിൽ അദ്ദേഹവും പോയ് മറഞ്ഞു. കാലഗതിക്കെതിരെ വായനക്കാർക്കും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ നിർഭയമായ തൂലിക മലയാളസാഹിത്യത്തിലെ നെല്ലും പതിരും വേർതിരിക്കുന്ന കാഴ്ച ഒരിക്കൽ കൂടി നമുക്കും കാണാമായിരുന്നു…
മലയാള സാഹിത്യത്തിലെ എക്കാലത്തേയും വലിയ കുറ്റാന്വേഷകനായിരുന്ന പ്രൊഫ. എം കൃഷ്ണൻ നായർ (1923- 2006) ജന്മശതാബ്‌ദിയുടെ നിറവിലാണ്. സാഹിത്യനിരൂപണത്തിന് നിർഭയത്വത്തിന്റെയും നിഷ്പക്ഷതയുടെയും കവചകുണ്ഡലങ്ങളണിയിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം. തെളിഞ്ഞ ധിഷണയും നിരന്തര വായനയിൽനിന്നും ആർജിച്ചെടുത്ത അപാരമായ വിശകലനപാടവവും കൊണ്ട് അദ്ദേഹം തന്റെ മുന്നിലെത്തിയ രചനകളെയെല്ലാം – അവയിൽ സ്വദേശിയും വിദേശിയുമുണ്ടായിരുന്നു – കമ്പോടു കമ്പ് പരിശോധിച്ച് അവയുടെ ശക്തിദൗർബല്യങ്ങളെ മലയാളത്തിലെ വായനക്കാർക്ക് മുന്നിൽ സവിസ്തരം അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ഉദാത്ത രചനകളെ മലയാളികൾക്ക് പരിചയപ്പെടുത്തിയതോടൊപ്പം എഴുത്തിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുകയും ചെയ്തു അദ്ദേഹം. വൈദേശിക സാഹിത്യത്തിന്റെ വിശാലവിഹായസ്സിലൂടെ വായനയുടെ സ്വർണരഥത്തിലേറി കൃഷ്ണൻ നായർ കുതിക്കുന്നത് വിസ്മയത്തോടെയാണ് വായനാലോകം നോക്കിനിന്നത്. സാഹിത്യം ദേശകാലങ്ങൾക്കതീതമാണെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. സ്വീകരിക്കേണ്ടതും തിരസ്കരിക്കേണ്ടതുമായ രചനകളെക്കുറിച്ച് വായനക്കാരെ നിരന്തരം പ്രബുദ്ധരാക്കി. സാഹിത്യാസ്വാദനത്തിൽ അദ്ദേഹത്തിന് യാതൊരു മുൻവിധിയുമുണ്ടായിരുന്നില്ല. ഉത്തമം, അധമം എന്നതല്ലാതെ സാഹിത്യത്തിൽ മറ്റൊരു വേർതിരിവും അദ്ദേഹം അംഗീകരിച്ചില്ല. സാഹിത്യത്തിലെ കലാംശത്തിനപ്പുറം എഴുത്തുകാരന്റെ ഭാഷയോ, നിറമോ, സഹൃദയത്വമോ, പാണ്ഡിത്യമോ എന്തിന് പ്രശസ്തി പോലുമോ അദ്ദേഹം പരിഗണിച്ചില്ല. മുഖം നോക്കാതെ, പക്ഷം പിടിക്കാതെ, സ്ഥാനങ്ങളൊന്നും മോഹിക്കാതെ തന്റെ മുന്നിൽ വന്ന രചനകളെയെല്ലാം അദ്ദേഹം നിർദയം നിരൂപണം ചെയ്തു. വീശിഷ്ടമായവയെ കലവറയില്ലാതെ പുകഴ്ത്തി. അല്ലാത്തവയെ നിഷ്ഠൂരം തള്ളിക്കളഞ്ഞു.

1950കളുടെ ആദ്യമാണ് കൃഷ്ണൻനായരുടെ നിരൂപണങ്ങൾ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. സി വി കുഞ്ഞിരാമൻ പത്രാധിപരായിരുന്ന “നവജീവൻ’ ആഴ്ചപ്പതിപ്പിലായിരുന്നു ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. തുടർന്ന് അക്കാലത്തെ പ്രശസ്തമായ “കൗമുദി’ വാരികയിൽ അദ്ദേഹം നിരന്തരം എഴുതി. “ചങ്ങമ്പുഴക്കു ശേഷം മലയാള കവിത ഒരടി മുന്നോട്ടു പോയിട്ടില്ല’ എന്ന പേരിൽ “കൗമുദി’യിൽ വന്ന അദ്ദേഹത്തിന്റെ ലേഖനം അക്കാലത്ത് മലയാള സാഹിത്യ മേഖലയിൽ സൃഷ്ടിച്ച പ്രകമ്പനം വലുതായിരുന്നു. അക്കാലത്തെ പല വലിയ കവികളും കൃഷ്ണൻ നായരെ നിരവധി വേദികളിൽ കടുത്ത ഭാഷയിൽ ഭർത്സിച്ചെങ്കിലും അദ്ദേഹം പതറിയില്ല. ഈ നിർഭയത്വം അദ്ദേഹം തന്റെ അവസാനകാലം വരെ കാത്തുസൂക്ഷിച്ചു എന്നത് ശ്രദ്ധേയമാണ്.

പ്രൊഫ. എം കൃഷ്ണൻ നായർ നിരവധി നിരൂപണകൃതികൾ രചിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിലെ വായനക്കാരുടെ മനസ്സിൽ ഉന്നതമായൊരു സിംഹാസനം അദ്ദേഹത്തിന് നേടിക്കൊടുത്തത് “സാഹിത്യവാരഫലം’ എന്ന പംക്തിയാണ്. “മലയാളനാട്’ വാരികയുടെ ആദ്യലക്കത്തിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഏറെക്കാലം “കലാകൗമുദി’ വരികയിലും, പിന്നീട് “സമകാലിക മലയാളം’ വാരികയിലും സ്ഥാനം പിടിച്ച ഈ അസാധാരണ സാഹിത്യപംക്തി നിരവധി വായനക്കാരെയാണ് ആകർഷിച്ചത്. കൗമുദി ബാലകൃഷ്ണൻ നിർദേശിച്ച ഈ പേര് പിൽക്കാലത്ത് മലയാള നിരൂപണത്തിന്റെ നിർഭയത്വത്തിന്റെയും ആർജവത്വത്തിന്റെയും പര്യായമായി എന്നത് പിൽക്കാല ചരിത്രം.

“സാഹിത്യവാരഫലം’ എന്നത് കേവലം ലിറ്റററി ജേർണലിസമാണെന്ന് കൃഷ്ണൻ നായർ പലതവണ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും. ഏറെ സവിശേഷമായ, അതുവരെ സാഹിത്യലോകത്ത് അപരിചിതമായിരുന്ന, തികച്ചും പുതുമയാർന്നൊരു പംക്തിയായിരുന്നു “സാഹിത്യവാരഫലം.’ ഇതിലൂടെ മലയാളികൾ പരിചയപ്പെട്ട വിദേശ എഴുത്തുകാർക്ക് കൈയും കണക്കുമില്ല. ഒരു വിദേശരചനയെ വിശകലനം ചെയ്യുന്ന അവസരത്തിൽ, ആയിടെ മലയാളത്തിലെ ഏതെങ്കിലും ആനുകാലികത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കഥയെയോ നോവലിനെയോ കവിതയെയോ അടിമുടി പരിശോധിച്ച് വിധിപ്രസ്താവിക്കുന്ന ഒരപൂർവരീതിയും കൃഷ്ണൻ നായർ അനുവർത്തിച്ചത് പുതുമയാർന്ന സവിശേഷതയായിരുന്നു.

അതേസമയം മലയാളത്തിലെ മിക്ക എഴുത്തുകാർക്കും കൃഷ്ണൻ നായരെ ഒരു ശത്രുവാക്കി മാറ്റുകയായിരുന്നു ഈ പംക്തി. തങ്ങളുടെ സർഗശക്തിയുടെ വളർച്ചയിൽ അദ്ദേഹം വിലങ്ങുതടിയായി നിൽക്കുന്നു എന്നു പരിതപിച്ച അവർ കിട്ടിയ വേദികളിലെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. ചിലപ്പോൾ വ്യക്തിഹത്യയിലേക്കു പോലും നയിക്കും വിധമുള്ള പരാമർശങ്ങളും ചില സാഹിത്യകാരന്മാരുടെ ഭാഗത്തുനിന്നുമുണ്ടായി. കൃഷ്ണൻ നായർ വിദേശ സാഹിത്യത്തെ പുകഴ്ത്തുകയും മലയാള സാഹിത്യത്തെ മുച്ചൂടും എതിർക്കുകയുമാണെന്ന് വേറെ ചിലർ കുറ്റപ്പെടുത്തി. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം നിർവികാരതയോടെയാണ് അദ്ദേഹം നേരിട്ടത്. മലയാളത്തിലെ എത്രയോ എഴുത്തുകാരെ വലിപ്പച്ചെറുപ്പം നോക്കാതെ വിമർശിച്ചതുപോലെത്തന്നെ അദ്ദേഹം പുകഴ്ത്തിയിട്ടുമുണ്ട്. അതുപോലെ വിദേശകൃതികളെ പുകഴ്ത്തുന്നതിനൊപ്പം പലതിനെയും അദ്ദേഹം കണ്ണുപൊട്ടും വിധം വിമർശിച്ചിട്ടുമുണ്ട്.

തന്റെ വിമർശനരീതിയെക്കുറിച്ച് “വിമർശനം – എന്റെ മാർഗം’ എന്ന പേരിൽ 1966 ൽ എഴുതിയ ഒരു കുറിപ്പിൽ കൃഷ്ണൻ നായർ പറയുന്നത് ഇതാണ്. “നിത്യജീവിതത്തിൽ നാം വിനയപൂർവം പെരുമാറിയെന്നു വരും. എന്നാൽ ആ വിനയം സാഹിത്യത്തിൽ ആദരണീയമല്ല. ഒരധമഗ്രന്ഥത്തെ ശ്രീ എസ് ഗുപ്തൻ നായരുടെ മട്ടിൽ പ്രശംസിച്ചു പറയാനാണ് ഭാവമെങ്കിൽ അധമഗ്രന്ഥങ്ങൾ വർധിക്കുകയേയുള്ളൂ. നീചങ്ങളായ ഗ്രന്ഥങ്ങളുടെ ആധിക്യം സാഹിത്യസംസ്കാരത്തിന് ഹാനി സംഭവിപ്പിക്കും. അങ്ങനെ മനുഷ്യസമുദായം അധഃപധിക്കും. ഇന്ന് സാഹിത്യത്തിന്റെ മണ്ഡലത്തിൽ ആവിർഭവിക്കുന്ന പുസ്തകങ്ങളിൽ നൂറ്റിന് തൊണ്ണൂറ്റിയൊന്പതും നീചങ്ങളാണ്. അവയെ നിഷ്കരുണം ഹനിക്കേണ്ടത് നമ്മുടെ ഒരു ആവശ്യകതയാണ്. ആ ഹനന പരിപാടിയിൽ മുഴുകിയിരിക്കുമ്പോൾ വിധികർത്താവാണെന്നു “തത്പര കക്ഷികൾ’ പറയുമായിരിക്കും. എന്നാലും സാരമില്ല. സത്യം ആദ്യമൊക്കെ കല്ലേറ് വാങ്ങിക്കും. കാലം കഴിയുമ്പോൾ സത്യത്തിന്റെ മഹനീയത ആളുകൾ മനസ്സിലാക്കുകയും ചെയ്യും. ഇക്കാരണത്താലാണ് ഞാനൊരു ദോഷൈകദൃക്കായി അറിയപ്പെടുന്നത്.’
ഏതു കലയുടെയും പ്രധാന ലക്ഷ്യം ആസ്വദനമാണെന്നാണ് കൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നത്. അദ്ദേഹം പറയുന്നത് നോക്കൂ. “ഉള്ളടക്കം എന്തായാലും ആവിഷ്കാരരീതി എന്തായാലും ആസ്വാദനത്തിന് അത് സഹായിക്കുന്നില്ലെങ്കിൽ കലയില്ല, സാഹിത്യമില്ല. കാളിദാസന്റെ മേഘസന്ദേശം വായിച്ചാസ്വദിക്കുന്ന സഹൃദയൻ നെരൂദയുടെ കാന്റോ ജനറലും വായിച്ചാസ്വദിക്കുന്നു.’ “ഭാരത പര്യടനം’ എന്ന കൃതിയെ വിലയിരുത്തുമ്പോൾ കുട്ടികൃഷ്ണമാരാരുടെ ഭാഷയെ കൃഷ്ണൻ നായർ മുക്തകണ്ഠം പ്രശംസിക്കുന്നത് കാണാം. അതേസമയം അതിലെ ആശയങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു.: “നല്ല മലയാളം എഴുതുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ ആ പുസ്തകം – ഭാരത പര്യടനം – വീണ്ടും വീണ്ടും വായിക്കണം. മലയാളഭാഷയുടെ ഓജസ്സ് മുഴുവൻ അതിലുണ്ട്. പക്ഷേ അതിലെ ആശയങ്ങൾ തലതിരിഞ്ഞവയാണ്. (പെർവേർഷൻ എന്നു പറയാം). അവ കുട്ടികളെയും പ്രായമായവരെയും വഴിതെറ്റിക്കും. ” (സാഹിത്യവാരഫലം. പേജ് : 691) ഇത്തരത്തിൽ രചനകളെ സൂക്ഷ്മമായി അപഗ്രഥനം ചെയ്തുകൊണ്ടാണ് അദ്ദേഹം അവയുടെ ശക്തി ദൗർബല്യങ്ങളെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്.

എം കൃഷ്ണൻ നായരുടെ ജന്മശതാബ്‌ദിവേളയിൽ അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും നിരൂപണരീതികളെക്കുറിച്ചുമുള്ള തുറന്ന, മുൻവിധികളേതുമില്ലാത്ത വായനകളും സംവാദങ്ങളും ചർച്ചകളും നടക്കേണ്ടതുണ്ട്. സാഹിത്യരചനകളുടെ ആസ്വാദനത്തെ സംബന്ധിച്ച നിരവധി പുതിയ പാഠങ്ങൾ അവ വായനക്കാർക്കു നൽകുമെന്നതിൽ സംശയമില്ല. അതോടൊപ്പം എഴുത്തിനേയും നിരൂപണത്തെയും സംബന്ധിച്ച കൂടുതൽ ആരോഗ്യപരമായ ഉൾക്കാഴ്ചകൾ ആ മേഖലകളിലേക്കു കടന്നുവരുന്നവർക്ക് ലഭിക്കാനും അവ സഹായകമായിരിക്കും. ഇന്നിപ്പോൾ പലവിധ കുതന്ത്രങ്ങളിലൂടെ കപടവേഷധാരികളായ എത്രയോ പേർ നമ്മുടെ അക്ഷരലോകത്ത് നിറഞ്ഞാടുമ്പോൾ ഗവേഷണപ്രബന്ധങ്ങൾ പോലും പകർപ്പെഴുത്തുകളായി അധഃപധിക്കുമ്പോൾ, സാഹിത്യമോഷണമെന്നത് ഒരു തെറ്റായിട്ടുപോലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സത്യം. പക്ഷേ, അതുവഴി സംഭവിക്കുന്ന വലിയൊരു അത്യാഹിതം നമ്മുടെ ഭാഷയിലുണ്ടാകുന്ന പല നല്ല രചനകളും വായനക്കാരിലേക്കെത്താതെ പോകുന്നു എന്നതാണ്. അതുകൊണ്ടുതന്നെ, നല്ല വായനക്ക് പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ എം കൃഷ്ണൻ നായരുടെ നിരൂപണങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് പറയാതെ വയ്യ.

---- facebook comment plugin here -----