Kerala
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പതിനെട്ടുകാരന്‍ അറസ്റ്റില്‍
മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പില്‍ അഭിനന്ദ് (18)നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പില്‍ അഭിനന്ദ് (18)നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ യുവാവ് പല തവണ പെണ്‍കുട്ടിയുടെ വീട്ടിലും സ്‌കൂളിലും എത്തി കാണുകയും രണ്ടുതവണ സ്‌കൂളില്‍ നിന്നും വിളിച്ചിറക്കി സ്‌കൂട്ടറില്‍ ആലപ്പുഴ ബീച്ചില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
2022 ജൂണില്‍ പെണ്‍കുട്ടിക്ക് ഫോണ്‍ കൊടുക്കാനായി വീട്ടിലെത്തി അവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് സംബന്ധിച്ച് കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കഴിഞ്ഞുവന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരുവല്ല കോടതിയിലും ഹാജരാക്കി മൊഴിയെടുത്തു. കുട്ടിയെ കൊണ്ടുപോയ ഇടങ്ങളിലെത്തി പോലീസ് അന്വേഷണം നടത്തി.
യുവാവ് ഉപയോഗിച്ച സ്‌കൂട്ടര്‍ വായ്പ തവണ മുടങ്ങിയതിനാല്‍ ഫിനാന്‍സ് സ്ഥാപനം പിടിച്ചെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് മലപ്പുറത്തെ വീടിനടുത്തു നിന്നും പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ കാണാന്‍ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്നും ഇവിടെ എത്തിയിരുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ. അലോഷ്യസ്, എസ് സി പി ഒ. നാസര്‍, സി പി ഒമാരായ ജിതിന്‍, ഫൈസല്‍ സുജ എന്നിവരാണ് സംഘത്തിലുള്ളത്.