Connect with us

Health

യൂറിക് ആസിഡ് കുറയാന്‍ വീട്ടില്‍ ചെയ്യാവുന്ന 5 കാര്യങ്ങള്‍

പ്യൂരിന്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്.

Published

|

Last Updated

രീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. സാധാരണയായി പുരുഷന്മാരിലാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നതായി കണ്ടുവരുന്നത്. പല കാരണങ്ങള്‍ കൊണ്ടും യൂറിക് ആസിഡിന്റെ അളവ് കൂടാം. അതില്‍ പ്രധാനമായും അമിതമായി പ്യൂരിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത്.

എന്താണ് പ്യൂരിന്‍

ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂരിന്‍. പ്യൂരിന്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയില്‍ ഈ യൂറിക് ആസിഡ് രക്തത്തില്‍ അലിഞ്ഞ് ചേരുകയും മൂത്രം വഴി പുറത്തേക്ക് പോകുകയും ചെയ്യുന്നു. പക്ഷേ, ഈ പ്യൂരിന്റെ അളവ് കൂടുകയാണെങ്കില്‍ ക്രമേണ യൂറിക് ആസിഡിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടിയാല്‍ ഇത് പുറം തള്ളാതെ ശരീരത്തിലെ പലയിടങ്ങളിലായി ഇത് അടിഞ്ഞുകൂടുന്നതായി കാണപ്പെടാറുണ്ട്. അത്തരത്തില്‍ അടിഞ്ഞുകൂടുകയാണെങ്കില്‍ ശരീരത്തിന്റെ പല സ്ഥങ്ങളിലായി സന്ധിവേദന, നീര് കെട്ടിയ അവസ്ഥ, നിറ വ്യത്യാസം എന്നിവ ഉണ്ടാകുന്നു. ശേഷം ഡോക്ടര്‍ പരിശോധനയിലൂടെ ഗൗട്ടാണെന്ന് കണ്ടുപിടിക്കാറുണ്ട്.

എന്താണ് ഗൗട്ട്

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ യൂറിക് ആസിഡ് പലയിടങ്ങളിലായി അടിഞ്ഞു കൂടുമ്പോള്‍ പലയിടങ്ങളില്‍ അതായത് സന്ധികളിലെല്ലാം നീരും വേദനയും വരുന്ന ഒരു തരത്തിലുള്ള വാതമാണ് ഗൗട്ട്. യൂറിക് ആസിഡിന്റെ അളവ് പുരുഷന്മാരില്‍ ഏഴ് വരെ പോകാം. സ്ത്രീകള്‍ക്ക് യൂറിക് ആസിഡിന്റെ അളവ് ആറ് വരെ പോകാം. അതായത് യൂറിക് ആസിഡിന്റെ മിനിമം അളവ് സ്ത്രീകള്‍ക്ക് ഒന്നര മുതല്‍ ആറ് വരെയാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് യൂറിക് ആസിഡിന്റെ മിനിമം അളവ് രണ്ടര മുതല്‍ ഏഴ് വരെയാണ് വേണ്ടത്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിനെയാണ് ഹൈപ്പര്‍ യുറീസിമിയ എന്ന് വിളിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ മുഖേനയാണ് ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് എന്നുണ്ടെങ്കില്‍ സാധാരണഗതിയില്‍ അത്തരത്തിലുള്ള രോഗിയെ പരിശോധിച്ചാല്‍ അവര്‍ പറയാറുള്ള ലക്ഷണങ്ങള്‍ വശങ്ങളില്‍ വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന, ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍ എന്നിവയൊക്കെയാണ്. അത്തരക്കാരെ നമ്മള്‍ സ്‌കാനിംഗിന് വിധേയമാക്കിയാലാണ് അവര്‍ക്ക് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടെന്ന കാര്യം മനലസ്സിലാകുക. യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ യൂറിക് ആസിഡ് പലയിടങ്ങളിലായി അടിഞ്ഞു കൂടുന്നു. അത്തരത്തില്‍ കിഡ്‌നിയില്‍ യൂറിക് ആസിഡ് ക്രിസ്റ്റല്‍ പോലെ അടിഞ്ഞു കൂടുന്നതുകൊണ്ടാണ് കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത്.

യൂറിക് ആസിഡിന്റെ അളവ് കുറയുന്നതും പ്രശ്‌നമാണ്. എന്നാല്‍ വളരെ വിരളമായാണ് ആളുകള്‍ക്ക് യൂറിക് ആസിഡിന്റെ അളവ് കുറയുന്നതായി കണ്ടുവരുന്നത്. അത്തരത്തില്‍ കുറയുകയാണെങ്കില്‍ ശരീരത്തിന് വളരെയധികം തളര്‍ച്ച, ക്ഷീണം എന്നിവയാണ് അനുഭവപ്പെടുക.

യൂറിക് ആസിഡിനെ എങ്ങനെ നിയന്ത്രിക്കാം

1. വ്യായാമം
സൈക്ലിങ്, നടത്തം, നീന്തല്‍ എന്നിവ ഏതെങ്കിലും ചെയ്യുക.
2. ശരീരഭാരം കൃത്യമായി നിയന്ത്രിക്കുക
ഒരു വ്യക്തിയുടെ നീളത്തിന് അനുസരിച്ച ഭാരം എന്ന രീതിലേക്ക് ശരീരം ഭാരം നിയന്ത്രിക്കുക.
3.മദ്യപാനം ഒഴിവാക്കുക
മദ്യപിക്കുന്നവരാണെങ്കില്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുക.
4. ആവശ്യത്തിന് വെള്ളം കുടിക്കുക
ഒരു ദിവസം മൂന്നര ലിറ്റര്‍ മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം നിര്‍ബന്ധമായും കുടിക്കുക.
5. മികച്ച ഡയറ്റ് പ്ലാന്‍ തയ്യാറാക്കുക
നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതില്‍ ചെറി, പേരയ്ക്ക, പപ്പായ, വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള നാരങ്ങ, ഓറഞ്ച് തുടങ്ങിയവയും ഉള്‍പ്പെടുത്തുക. ഇതുകൂടാതെ കാരറ്റ്, കക്കിരി, ബീട്രൂട്ട്, ഒലിവ് ഓയില്‍ എന്നിവയെല്ലാം യോജിപ്പിച്ചുണ്ടാക്കുന്ന സാലഡ് കഴിക്കുന്നതും ഉത്തമമാണ്.

ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടത്

മധുരപലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക, പോത്തിറച്ചി, താറാവ് ഇറച്ചി, പോര്‍ക്ക് മുതലായവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.

കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍, ദഹനപ്രക്രിയ സംബന്ധമായ അസുഖമുള്ളവര്‍, അമിത വണ്ണമുള്ളവര്‍ ഇത്തരക്കാരിലൊക്കെ യൂറിക് ആസിഡ് കൂടുന്നതായി കാണാറുണ്ട്. അമിതമായി മദ്യപിക്കുന്നവരിലും യൂറിക് ആസിഡ് കൂടുന്നതായി കാണാറുണ്ട്. മുകളില്‍ പറഞ്ഞതുപ്രകാരം ചെയ്തിട്ടും യൂറിക് ആസിഡ് കുറയുന്നില്ലെങ്കില്‍ വിദഗ്ധ ചികിത്സ ആവശ്യമാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഫാത്തിമ മുഹമ്മദ്, ബിഎച്ച്എംസ്
ഡോക്ടര്‍ ബാസില്‍ ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest