Kerala
'സുരേഷ് ഗോപിയുടേത് ഉഡായിപ്പ് പണി; എയിംസ് എവിടെ കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാര്‍'
സുരേഷ് ഗോപി വെറുതെ ഒന്ന് പൊട്ടിച്ചു. അല്ലാതെ ഒരു തീരുമാനവും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്ന് നാസര്‍

ആലപ്പുഴ | കേരളത്തിന് അനുവദിച്ച എയിംസ് ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സുരേഷ് ഗോപിയുടേത് ഉഡായിപ്പ് പണിയാണ്. അദ്ദേഹം പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു.
എയിംസ് വരുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കണം.എവിടെ കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ തയ്യാറാണ് . കേന്ദ്രം ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ല. സുരേഷ് ഗോപി വെറുതെ ഒന്ന് പൊട്ടിച്ചു. അല്ലാതെ ഒരു തീരുമാനവും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്ന് നാസര്‍ പറഞ്ഞു
എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും തള്ളിയിരുന്നു. സുരേഷ് ഗോപി എന്ത് ഉദ്ദേശിച്ചാണ് ആലപ്പുഴയില്‍ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല. എയിംസ് തിരുവനന്തപുരത്ത് സ്ഥാപിച്ചാല്‍ കേരളത്തിനും തമിഴ്‌നാടിനും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എയിംസ് ആലപ്പുഴയില്‍ തന്നെ സ്ഥാപിക്കണം. വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. 13 ജില്ലകളെടുത്ത് പരിശോധിച്ചാല്‍ ഇടുക്കിയേക്കാള്‍ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാല്‍, ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു