Connect with us

Petrol Diesel Price

'ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്സ്യൂളുകളല്ല; ഈ കൊടിയ ദുരിതത്തിനുള്ള പ്രായോഗിക മരുന്നുകളാണ്'

നേരിട്ടുള്ള ഈ കണക്കുകൾ മറച്ചുവച്ചാണ് ശതമാനക്കണക്കുകൾ വച്ച് സി പി എം ന്യായീകരണത്തൊഴിലാളികൾ ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നത്.

Published

|

Last Updated

സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ ഇന്ധന നികുതിയിൽ സ്വന്തം നിലക്ക് ഒരു കുറവും വരുത്താൻ തയ്യാറല്ല എന്ന ധിക്കാരപൂർവ്വമായ നിലപാടിലാണെന്ന് മുൻ എം എൽ എ. വി ടി ബൽറാം. ജനങ്ങളോടുള്ള പ്രതിബദ്ധതക്കപ്പുറം ന്യായീകരണ സാഹിത്യങ്ങൾ ചമയ്ക്കുന്നതിലാണ് അവർക്ക് താത്പര്യം. ചില ശതമാനക്കണക്കുകൾ പറഞ്ഞ് ജനങ്ങളെ ആശയകുഴപ്പത്തിലാക്കുകയാണ് തോമസ് ഐസക്കും ബാലഗോപാലുമൊക്കെ. എന്നാൽ യു ഡി എഫ് ഭരണകാലത്ത് കേരളത്തിൽ വിറ്റിരുന്ന ഒരു ലിറ്റർ പെട്രോളിൽ നിന്ന് സംസ്ഥാന ഖജനാവിന് ലഭിച്ചിരുന്നത് കേവലം 12.20 രൂപയായിരുന്നുവെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ലഭിക്കുന്നത് 25.50 രൂപയാണ്. ഡീസലിൽ നിന്ന് അക്കാലത്ത് ലഭിച്ചിരുന്നത് 4 രൂപയോളമായിരുന്നുവെങ്കിൽ ഇന്ന് ലഭിക്കുന്നത് 12.65 രൂപയാണ്. നേരിട്ടുള്ള ഈ കണക്കുകൾ മറച്ചുവച്ചാണ് ശതമാനക്കണക്കുകൾ വച്ച് സിപിഎം ന്യായീകരണത്തൊഴിലാളികൾ ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ടു പോവുകയാണ്. ഇന്ന് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച ‘ചക്രസ്തംഭന’ സമരം ഉദ്ഘാടനം ചെയ്തു.

2014 മുതൽ ഏതാണ്ട് 18 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ അമിതമായ നികുതികളും സർചാർജുമൊക്കെ വഴി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് സമാഹരിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് “ദീപാവലി സമ്മാന”മായി നേരിയ കുറവ് വരുത്താൻ അവർ നിർബ്ബന്ധിതരായിട്ടുള്ളത്. ഇത് ഒട്ടും തൃപ്തികരമോ ആശ്വാസകരമോ അല്ല. എല്ലാ നിത്യോപയോഗ സാധനങ്ങളുടേയും രൂക്ഷമായ വിലക്കയറ്റത്തിനിടയാക്കിയിട്ടുള്ള ഈ ഇന്ധനവില വർദ്ധനവിനെ പിടിച്ചു കെട്ടാൻ നികുതികൾ ഗണ്യമായി കുറക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാകണം.

സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാവട്ടെ സ്വന്തം നിലക്ക് ഒരു കുറവും വരുത്താൻ തയ്യാറല്ല എന്ന ധിക്കാരപൂർവ്വമായ നിലപാടിലാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതക്കപ്പുറം ന്യായീകരണ സാഹിത്യങ്ങൾ ചമയ്ക്കുന്നതിലാണ് അവർക്ക് താത്പര്യം. ചില ശതമാനക്കണക്കുകൾ പറഞ്ഞ് ജനങ്ങളെ ആശയകുഴപ്പത്തിലാക്കുകയാണ് തോമസ് ഐസക്കും ബാലഗോപാലുമൊക്കെ. എന്നാൽ യുഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വിറ്റിരുന്ന ഒരു ലിറ്റർ പെട്രോളിൽ നിന്ന് സംസ്ഥാന ഖജനാവിന് ലഭിച്ചിരുന്നത് കേവലം 12.20 രൂപയായിരുന്നുവെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ലഭിക്കുന്നത് 25.50 രൂപയാണ്. ഡീസലിൽ നിന്ന് അക്കാലത്ത് ലഭിച്ചിരുന്നത് 4 രൂപയോളമായിരുന്നുവെങ്കിൽ ഇന്ന് ലഭിക്കുന്നത് 12.65 രൂപയാണ്. നേരിട്ടുള്ള ഈ കണക്കുകൾ മറച്ചുവച്ചാണ് ശതമാനക്കണക്കുകൾ വച്ച് സി പി എം ന്യായീകരണത്തൊഴിലാളികൾ ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നത്. കേന്ദ്രം വർദ്ധിപ്പിക്കുമ്പോൾ ചുമ്മാ കൈയ്യും കെട്ടി ഇരുന്ന് അതിന്റെ പങ്കുപറ്റുകയാണ് സംസ്ഥാന സർക്കാരും. നേരത്തേ ഉൽപ്പാദനച്ചെലവ് അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കാനുള്ള മൻമോഹൻ സിംഗിന്റെ നയമാണ് ഇന്ധന വിലവർദ്ധനവിന് കാരണമെന്ന് പറഞ്ഞുനടന്നിരുന്ന ആളുകൾക്ക് ഇപ്പോൾ ആ ന്യായം പറയാൻ കഴിയാതെ വന്നപ്പോൾ ഗോൾ പോസ്റ്റ് മാറ്റി പുതിയ വാദങ്ങളുമായി വരികയാണ്. ഏതായാലും ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്സ്യൂളുകളല്ല, ഈ കൊടിയ ദുരിതത്തിനുള്ള പ്രായോഗിക മരുന്നുകളാണ്. വാറ്റ് നികുതിയും സെസുമൊക്കെ ഗണ്യമായി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട് എന്നതിൽ സംശയമില്ല.

ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് സമരത്തിൽ അണിനിരന്നത്. നേതാക്കളായ ടിയു രാധാകൃഷ്ണൻ, അനിൽ അക്കര, പത്മജ വേണുഗോപാൽ, എംപി വിൻസന്റ്, പി എ മാധവൻ, ടിവി ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സിഎസ് ശ്രീനിവാസൻ, ജോൺ ഡാനിയൽ, എ പ്രസാദ്, രാജേന്ദ്രൻ അരങ്ങത്ത്, സിസി ശ്രീകുമാർ, കെബി ശശികുമാർ, ഐപി പോൾ, നിജി ജസ്റ്റിൻ, സി ഒ ജേക്കബ് തുടങ്ങിയവരെല്ലാം സമരത്തിന്റെ ഭാഗമായി.

പ്രതീകാത്മക പ്രതിഷേധം എന്ന നിലയിൽ കേവലം 15 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെങ്കിലും ഇതിനിടയിലും ആംബുലൻസുകൾ അടക്കമുള്ള അത്യാവശ്യ വാഹനങ്ങളെ പ്രവർത്തകർ മുൻകൈ എടുത്ത് കടത്തിവിടുന്നുണ്ടായിരുന്നു. മുഴുവൻ ബഹുജനങ്ങളും അണിനിരക്കേണ്ട ഒരു സമരമായാണ് ഇതിനെ കോൺഗ്രസ് പാർട്ടി നോക്കിക്കാണുന്നത്. സംസ്ഥാന സർക്കാർ നിഷേധാത്മക സമീപനങ്ങൾ ഇതേപടി തുടരുകയാണെങ്കിൽ കൂടുതൽ സമരപരിപാടികളുമായി നമുക്ക് മുന്നോട്ടുപോകേണ്ടതായി വരും. ഏവരുടേയും പിന്തുണ അക്കാര്യത്തിൽ അഭ്യർത്ഥിക്കുന്നു.

 

---- facebook comment plugin here -----

Latest