National
'പാക് സേനാ താവളങ്ങള്‍ ഐ സി യുവില്‍'; ഇന്ത്യയുടെ വിജയോത്സവമെന്ന് ലോക്‌സഭാ സമ്മേളനത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി
ഭീകര പ്രവര്‍ത്തകരുടെ ആസ്ഥാനം തകര്‍ക്കാന്‍ രാജ്യത്തിനായതിന്റെ ആഘോഷമാണിത്. സിന്ദൂര്‍ ഓപറേഷനിലൂടെ 22 മിനുട്ട് കൊണ്ട് താവളങ്ങള്‍ തകര്‍ത്ത് പാക് ഭീകരര്‍ക്ക് ഉറക്കം കെടുത്തുന്ന മറുപടി നല്‍കി.

ന്യൂഡല്‍ഹി | സിന്ദൂര്‍ ഓപറേഷനു ശേഷം നടക്കുന്ന ലോക്‌സഭാ സമ്മേളനം ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകര പ്രവര്‍ത്തകരുടെ ആസ്ഥാനം തകര്‍ക്കാന്‍ രാജ്യത്തിനായതിന്റെ ആഘോഷമാണിത്. സൈന്യം കാണിച്ച ധീരതയുടെ വിജയാഘോഷമാണിതെന്നും ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ക്രൂരതയുടെ അങ്ങേയറ്റമാണ് ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ കണ്ടത്. വിദേശത്തായിരുന്ന താന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഉടനെ തിരിച്ചടിക്ക് നിര്‍ദേശം നല്‍കി. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കി. 22 മിനുട്ട് കൊണ്ട് താവളങ്ങള്‍ തകര്‍ത്ത് പാക് ഭീകരര്‍ക്ക് ഉറക്കം കെടുത്തുന്ന മറുപടി നല്‍കി. പാക് വ്യോമസേനാ താവളങ്ങള്‍ ഇപ്പോഴും ഐ സി യുവിലാണ്. പാകിസ്താന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും അവരുടെ ആണവ ഭീഷണി വ്യാജമെന്ന് തെളിയിക്കാനാനായെന്നും പ്രധാന മന്ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ മുമ്പുംം പലതവണ സംഘര്‍ഷമുണ്ടായിട്ടുണ്ട്. പക്ഷേ, പാകിസ്താന്റെ ഉള്ളില്‍ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. ഇതിലൂടെ ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ്സ് പിന്തുണ ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.