Connect with us

Kerala

'മാട്രിമോണിയല്‍ പരസ്യം': യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് ഭര്‍തൃമതിയായ യുവതിക്കും മാതാവിനുമെതിരേ കേസ്

തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി.

Published

|

Last Updated

പന്തളം | വിവാഹാലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിക്കും മാതാവിനും എതിരേ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂര്‍ മൂര്‍ത്തിയത്ത് വീട്ടില്‍ ദേവിക ആര്‍ നായര്‍ (26), മാതാവ് എം എസ് ശ്രീലേഖ (47) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.

തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ സഹോദരിയുടെ മകന്‍ മാട്രിമോണിയല്‍ പരസ്യത്തിലൂടെ യുവതിയെ പരിചയപ്പെട്ടു. യുവതിയുടെ പ്രൊഫൈല്‍ ഇയാള്‍ കാണുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടര്‍ന്ന്, യുവതി മാതാവിന് കാന്‍സര്‍ ആണെന്നും മറ്റും യുവാവിനെയും മാതാവിനെയും പറഞ്ഞു വിശ്വസിപ്പിച്ചു. ആശുപത്രിയില്‍ അടയ്ക്കാനാണെന്ന് പറഞ്ഞ് ഇരുവരും ചേര്‍ന്ന് 1,76,500 രൂപ ഇവരില്‍ നിന്നും പലതവണയായി കൈപ്പറ്റി. പിന്നീട്, 57,550 രൂപ ബേങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കി.

പിന്നീടാണ്, യുവാവിനെ ദേവിക പറ്റിച്ചതാണെന്നും ഇവര്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്നും യുവാവിനും കുടുംബത്തിനും വ്യക്തമായത്. തുടര്‍ന്ന് പരാതിയുമായി യുവാവിന്റെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ്, എസ് ഐ. അനീഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

Latest