Connect with us

Ongoing News

സംസ്ഥാനത്തെ അങ്കണ്‍വാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കും: മന്ത്രി വീണാ ജോര്‍ജ്

അങ്കണ്‍വാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തെ അങ്കണ്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ പ്രത്യേകം കമ്മിറ്റി രൂപവത്കരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. അങ്കണ്‍വാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കമ്മിറ്റി റിപോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് വനിതാ ശിശു വികസന വകുപ്പ് സര്‍ക്കാര്‍ പ്രത്യേകമായി രൂപവത്കരിച്ചത്. സംസ്ഥാനത്തെ 33,120 അങ്കണ്‍വാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 215 സ്മാര്‍ട്ട് അങ്കണ്‍വാടികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2400 എണ്ണം വൈദ്യുതീകരിച്ചു. ഈ വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മുട്ടയും പാലും നല്‍കും. പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ‘കാവല്‍ പ്ലസ്’ പോലുള്ള പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വീണ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, മുന്‍ എം എല്‍ എ. കെ സി രാജഗോപാല്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ ആര്‍ അജയകുമാര്‍, ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ പോള്‍ രാജന്‍, ലാലി ജോണ്‍, വി എം മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍ പങ്കെടുത്തു.

അങ്കണ്‍വാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്‍വാതുക്കല്‍ 72 – ാം നമ്പര്‍ അങ്കണവാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.

 

Latest