Connect with us

mamata against modi

'തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗംഗയില്‍ മുങ്ങുന്നു'; മോദിക്കെതിരെ മമത

വാരാണസി സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത | ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ബി ജെ പി നേതാക്കളും നടത്തിയ വാരാണസി സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗംഗയില്‍ മുങ്ങുകയും ക്ഷേത്രങ്ങളില്‍ പോയിരിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രി പതിവാക്കിയിരിക്കുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. കൊവിഡിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ മരിക്കുകയും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിടുകയും ചെയ്യുമ്പോള്‍ പ്രധാനമന്ത്രിക്ക് എങ്ങനെ ഇതിന് സാധിക്കുമെന്നും മമത ചോദിച്ചു.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ഇവര്‍ക്ക് ഗംഗാ നദിയെ ഓര്‍മ്മവരുന്നത്. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ മറന്നുപോകുകയും ചെയ്യുന്നുവെന്നും മമത ആഞ്ഞടിച്ചു. താനും ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് വരുന്നത്, അതിനാല്‍ തനിക്ക് ബി ജെ പിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മമത പറഞ്ഞു.

തന്റെ സംസ്ഥാനത്ത് 40 വര്‍ഷത്തില്‍ ഏറെയായി കാളി പൂജ നടക്കുന്നു. ജഗദാത്രി പൂജകളില്‍ ഉള്‍പ്പെടെ താന്‍ പങ്കെടുക്കാറുണ്ട്. ദുര്‍ഗാ പൂജ നടത്തുന്ന ക്ലബുകള്‍ക്ക് താന്റെ സര്‍ക്കാര്‍ 50,000 രൂപ അനുവദിക്കാറുണ്ട്. ബി ജെ പിക്ക് അതിന് സാധിക്കുമോ എന്നും മമത ചോദിച്ചു. താന്‍ ഈദ് ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. ന്യൂനപക്ഷങ്ങളും മനുഷ്യരാണ്. ക്രിസ്മസ് ആഘോഷങ്ങളിലും തങ്ങള്‍ പങ്കെടുക്കാറുണ്ട്. ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്താറുമുണ്ടെന്നും മമത പറഞ്ഞു.

Latest