Connect with us

Kerala

30 കോടിയുടെ വിൽപ്പന ലക്ഷ്യം; സ്‌കൂൾ വിപണി ഉണർത്തി സ്റ്റുഡന്റ് മാർക്കറ്റുകൾ

കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ സംസ്ഥാനത്തെമ്പാടുമായി 500 സ്റ്റുഡന്റ്മാർക്കറ്റുകളാണ് ഇക്കുറി ഒരുക്കുന്നത്

Published

|

Last Updated

കൊച്ചി | സ്‌കൂൾ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാൻ ഇക്കുറിയും സഹകരണ സംഘങ്ങളുടെ കൈത്താങ്ങ്. സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ, കൺസ്യൂമർ ഫെഡിന്റെ കൂടി സഹകരണത്തോടെ സംസ്ഥാനത്തെമ്പാടുമായി 500 സ്റ്റുഡന്റ്മാർക്കറ്റുകളാണ് ഇക്കുറി ഒരുക്കുന്നത്. സഹകരണ സംഘങ്ങളിലൂടെ 400ഉം കൺസ്യൂമർഫെഡിന് കീഴിലുള്ള ത്രിവേണികൾ വഴി 100 ഉൾപ്പെടെ 500 വിപണന കേന്ദ്രങ്ങളാണ് തുറക്കുക. സ്‌കൂൾ സീസണിൽ പൊതുവിപണിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന വിലവർധനവ് നിയന്ത്രിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാർഥികളുടെ അഭിരുചിക്കനുസൃതമായി ഗുണനിലവാരമുള്ള സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും പദ്ധതി ഉന്നമിടുന്നു. 2017 മുതലാണ് സ്റ്റുഡന്റ് മാർക്കറ്റുകളിലൂടെ വിൽപ്പന സജീവമായത്. 2017ൽ 346 വിൽപ്പന കേന്ദ്രങ്ങളാണുണ്ടായത്. 5.94 കോടിയായിരുന്നു ആ വർഷത്തെ വിൽപ്പന. കഴിഞ്ഞ വർഷം മാർക്കറ്റുകളുടെ എണ്ണം 400 ആയി വർധിച്ചപ്പോൾ വിൽപ്പന 7.93 കോടിയായി ഉയർന്നു. ഇത്തവണ 500 കേന്ദ്രങ്ങളിലൂടെ കൂടുതൽ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് 30 കോടിയുടെ വിൽപ്പനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള ത്രിവേണി നോട്ട്്ബുക്കുകൾ ഉൾപ്പടെ വിദ്യാർഥികൾക്കാവശ്യമായ മുഴുവൻ പഠന സാമഗ്രികളും ഇക്കുറി വിൽപ്പന നടത്തും. പൊതുമാർക്കറ്റിലേതിനേക്കാൾ 40 ശതമാനം വരെ വിലക്കുറവിലുള്ള വിൽപ്പനയാണ് ലക്ഷ്യം. തൃശൂർ കുന്നംകുളത്തുള്ള കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റേഷനറി ഡിവിഷൻ മുഖാന്തരമാണ് നോട്ട്്ബുക്ക് നിർമാണം.

പരമാവധി കുറഞ്ഞ നിരക്കിൽ എ ഗ്രേഡ് മില്ലുകളിൽ നിന്ന് പേപ്പർ വാങ്ങും. കുന്നംകുളം കേന്ദ്രമാക്കി നോട്ട് ബുക്ക് നിർമാണം പരമ്പരാഗത തൊഴിലായി ഉപജീവനം നടത്തിവരുന്ന ബൈൻഡിംഗ് യൂനിറ്റുകൾക്ക് പേപ്പറും പ്രിന്റഡ് ചട്ടകളും നൽകിയാണ് ബൈൻഡിംഗ് പ്രവൃത്തികൾ നടത്തുക. ഇത്തവണ 800 ടൺ പേപ്പർ ഉപയോഗിച്ച് 42 ലക്ഷത്തോളം നോട്ട്്ബുക്കുകൾ നിർമിക്കാനാണ് തീരുമാനം. 20 കോടിയുടെ നോട്ട്്്ബുക്ക് വിൽപ്പനയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മറ്റിനങ്ങളായ സ്‌കൂൾ ബാഗ്, കുട, പേന, പെൻസിൽ, ടിഫിൻ ബോക്‌സ് മുതലായവ ഉത്പാദകരിൽ നിന്നും വിതരണക്കാരിൽ നിന്നും നേരിട്ട് സംഭരിക്കും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി