National
21 ദിവസത്തെ ഓപ്പറേഷൻ; ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ 31 നക്സലുകളെ വധിച്ചു
കൊല്ലപ്പെട്ട നക്സലുകളിൽ തലക്ക് 1.72 കോടി രൂപ ഇനാം പ്രഖ്യാപിച്ചവർ വരെ

ഛത്തീസ്ഗഢ് | ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കാറെഗുട്ട വനമേഖലയിൽ 21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ സുരക്ഷാ സേനകൾ 31 നക്സലുകളെ വധിച്ചു. സിആർപിഎഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗും ഛത്തീസ്ഗഢ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) അരുൺ ദേവ് ഗൗതമും സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റ് ഭീഷണിയുടെ അന്ത്യത്തിൻ്റെ തുടക്കമാണിതെന്നും അവർ ഊന്നിപ്പറഞ്ഞു.
ഏപ്രിൽ 21 ന് ആരംഭിച്ച 21 ദിവസത്തെ ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതിൽ 28 പേരെ തിരിച്ചറിഞ്ഞതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തിരിച്ചറിഞ്ഞ നക്സലുകളിൽ തലക്ക് 1.72 കോടി രൂപ ഇനാം പ്രഖ്യാപിച്ചവർ വരെയുണ്ട്. ഇവരിൽ നിന്ന് സൈന്യം ആയുധ ശേഖരം പിടിച്ചെടുക്കുകയും ആയുധങ്ങളും ഐഇഡികളും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന നാല് നക്സൽ സാങ്കേതിക യൂണിറ്റുകൾ നശിപ്പിക്കുകയും ചെയ്തതായി ഛത്തീസ്ഗഢ് പോലീസ് അഡീഷണൽ ഡിജി (ആൻ്റി-നക്സൽ ഓപ്പറേഷൻസ്) വിവേകാനന്ദ് അറിയിച്ചു.
നിരവധി മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടമാണ് ലഭിച്ചത്. ഇത് അവസാനത്തിൻ്റെ തുടക്കമാണെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവുമുണ്ട്. 2026 മാർച്ച് 31-നകം രാജ്യത്ത് നിന്ന് നക്സൽ അക്രമം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം ഞങ്ങൾ നേടുമെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അങ്ങേയറ്റം ദുഷ്കരമായ ഭൂപ്രകൃതി കാരണം എല്ലാ മൃതദേഹങ്ങളും കണ്ടെടുക്കാനോ പരിക്കേറ്റവരെ അറസ്റ്റ് ചെയ്യാനോ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, നാടൻ നിർമ്മിത ആയുധങ്ങൾ ഉൾപ്പെടെ 35 ആയുധങ്ങളും വലിയ അളവിൽ വെടിമരുന്നുകളും സൈന്യം കണ്ടെടുത്തു. 450 ഐഇഡികളും വലിയ തോതിലുള്ള ഡിറ്റോണേറ്ററുകളും സ്ഫോടകവസ്തുക്കളും കൂടാതെ മരുന്നുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, നക്സൽ സാഹിത്യ കൃതികൾ തുടങ്ങി 12,000 കിലോഗ്രാം മറ്റ് വസ്തുക്കളും പിടിച്ചെടുത്തതായി അവർ പറഞ്ഞു.
ജനറേറ്ററുകൾ, ഡ്രില്ലുകൾ, മോട്ടോറുകൾ, കട്ടറുകൾ എന്നിവ കണ്ടെത്തിയ നക്സലുകളുടെ നാല് ആയുധ നിർമ്മാണ ഫാക്ടറികൾ സൈന്യം നശിപ്പിച്ചു.
രാജ്യത്തെ നക്സൽ മുക്തമാക്കാനുള്ള ദൃഢനിശ്ചയത്തിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ ഒരു ചരിത്രപരമായ മുന്നേറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. 2026 മാർച്ച് 31-നകം ഇന്ത്യ നക്സൽ മുക്തമാകുമെന്ന് ഒരിക്കൽ കൂടി രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഓപ്പറേഷനുമായി ബന്ധപ്പെട്ട് 17 എഫ്ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ ദേശീയ അന്വേഷണ ഏജൻസിയുടെ സഹായവും തേടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.