Connect with us

Kerala

സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്തത്‌ 1707 അധ്യാപക, അനധ്യാപകര്‍; കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്.

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. അധ്യാപകരും അനധ്യാപകരും അടക്കം 1707  പേരാണ് ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്തതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 229 അധ്യാപകരും വാക്സിന്‍ എടുത്തിട്ടില്ല. ഇതില്‍ ജില്ല തിരിച്ചുള്ള കണക്കും മന്ത്രി പുറത്തുവിട്ടു.പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29, തിരുവനന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, കണ്ണൂര്‍ 90, കാസര്‍കോട്‌ 36 എന്നിങ്ങനെയാണ് കണക്ക്.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര്‍ വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സ്‌കൂളില്‍ വരരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

വാക്‌സിനേഷന്‍ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തില്‍ കിട്ടിയതെന്നു മന്ത്രി പറഞ്ഞു. വാക്‌സീനെടുക്കാതെ സ്‌കൂളില്‍ വരരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അത് അധ്യാപക, അനധ്യാപകര്‍ അംഗീകരിച്ചു. രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചതോടെ സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു. അതിനുശേഷം വാക്‌സീന്‍ എടുക്കാത്ത അധ്യാപകരെക്കുറിച്ചുള്ള ചര്‍ച്ച മാധ്യമങ്ങളില്‍ നടന്നു. തുടര്‍ന്നാണ് പട്ടിക പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Latest