Eranakulam
മാറ്റിവെക്കാനുള്ള ഹൃദയം എയർ ആംബുലൻസിൽ എത്തിച്ചു; 16കാരന്റെ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങി
ഹരിനായരായണൻ എന്ന വിദ്യാർഥിയാണ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്.

കൊച്ചി | കാർഡിയാക് മയോപതി ബാധിതനായ 16കാരന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രികയ എറണാകുളം ലിസി ആശുപത്രിയിൽ തുടങ്ങി. കായംകുളം സ്വദേശീ ഹരിനായരായണൻ എന്ന വിദ്യാർഥിയാണ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഹരിനാരായണന് മാറ്റിവെക്കാനുള്ള ഹൃദയം തിരുവനന്തപുരത്ത് നിന്നും കര, വ്യോമമാർഗം അൽപം മുമ്പാണ് ലിസി ആശുപത്രിയിൽ എത്തിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഹൃദയം അടങ്ങിയ പെട്ടി ആംബുലൻസ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ എത്തിച്ചു. അവിടെ നിന്നും സർക്കാറിന്റെ ഹെലികോപ്റ്ററിലാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹെലിപ്പാഡിൽ കോപ്റ്റർ ഇറക്കിയ ശേഷം അവിടെ നിന്നും വീണ്ടും ആംബുലൻസിൽ ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചു. ഗ്രാൻഡ് ഹയാത്തിൽ നിന്ന് ലിസി ആശുപത്രി വരെയുള്ള ആറ് കിലോമീറ്റർ ദൂരം രണ്ടര മിനുട്ട് കൊണ്ടാണ് ആംബുലൻസ് പിന്നിട്ടത്. പോലീസ് വഴിയിലെ തടസ്സങ്ങളെല്ലാം നീക്കിയും ഗതാഗതം നിയന്ത്രിച്ചും ദൗത്യത്തിൽ സജീവ പങ്കാളികളായി.
തിരുവനന്തപുരം ലിസി ആശുപത്രി അധികൃതരുടെ അഭ്യർഥന പ്രകാരമാണ് സർക്കാർ ഹെലികോപ്റ്റർ വിട്ടുനൽകിയത്. നവകേരള സദസ്സിനിടെ മുഖ്യമന്ത്രി ഇടപെട്ടാണ് ഹെലികോപ്റ്റർ അനുവദിച്ചത്.
ഹരിനാരായണന്റെ സഹോദരൻ സൂര്യനാരായണനും ഇതേ അസുഖത്തെ തുടർന്ന് ഹൃദയം മാറ്റിവെച്ചിരുന്നു. 2021ൽ ലിസി ആശുപത്രിയിൽ തന്നെയായിരുന്നു ശസ്ത്രക്രിയ. അന്നും സർക്കാർ ഹെലികോപ്റ്റിലാണ് ഹൃദയം എത്തിച്ചത്.