Connect with us

Kerala

അഞ്ച് വർഷത്തിനിടെ ചരിഞ്ഞത് 138 ആനകൾ

ഉത്സവങ്ങളിൽ ആനകൾ പീഡനത്തിനിരയാകുന്നതായി റിപോർട്ട്

Published

|

Last Updated

കൊച്ചി | അഞ്ച് വർഷത്തിനിടെ സ്വകാര്യ ഉടമസ്ഥതയിലുള്ള 138 ആനകൾ ചരിഞ്ഞതായി കണക്കുകൾ. 2018നും 2023നും ഇടയിലാണ് സംസ്ഥാനത്ത് ഇത്രയും ആനകൾ ചരിഞ്ഞത്. മൃഗാവകാശ സംഘടനയായ സെന്റർ ഫോർ റിസർച്ച് ഓൺ അനിമൽ റൈറ്റ്സ് (സി ആർ എ ആർ) ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

പൂരങ്ങളിലും ഉത്സവങ്ങളിലും പങ്കെടുപ്പിക്കുന്ന ആനകളാണ് മതിയായ വിശ്രമമോ ചികിത്സയോ ലഭിക്കാതെ ചരിഞ്ഞതിലേറെയും. ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്ന ആനകൾ നിരന്തരം പീഡനത്തിനിരയാകുന്നതായും റിപോർട്ടിലുണ്ട്.

ഉത്സവങ്ങളിൽ ആനപ്പുറത്ത് നാല് പേരെ കയറ്റുന്നതിന് പുറമെ മറ്റു ഭാരവും വഹിക്കേണ്ടി വരുന്നു. തൊട്ടടുത്തുള്ള ആനകളുടെ ശരീരത്തിലേക്ക് ചേർന്ന് അവ ഭാരം തുലനം ചെയ്യാൻ ശ്രമിക്കുന്നത് പതിവ് കാഴ്ചയാണ്. സൂര്യന്റെ ചൂടേറ്റ് മണിക്കൂറുകൾ നിൽക്കേണ്ടി വരുന്നു. ചങ്ങലകൾ കൊണ്ട് ബന്ധിപ്പിക്കുന്നതിനാൽ ആനകൾക്ക് ഭാരം തുലനം ചെയ്യാനും സാധിക്കുന്നില്ല. അടുത്തടുത്ത് നിൽക്കുന്നത് ആനകളെ സമ്മർദത്തിലാക്കുന്നതായും പഠനത്തിലുണ്ട്.

ആനകൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ള നിലയിലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സംവിധാനം ആന ഉടമകളും വെറ്ററിനറി മേഖലയിലുള്ളവരും തമ്മിലുള്ള ബന്ധം മൂലം പരാജയപ്പെട്ടതായി സംഘടന ചൂണ്ടിക്കാട്ടുന്നു. പരുക്കുകളും രോഗങ്ങളും ഉണ്ടായിട്ടും മംഗലംകുന്ന് കർണനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തെറ്റായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ വെറ്ററിനറി ഡോക്ടറെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2019ൽ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

പൂരം കാലയളവിൽ 27 ഇടങ്ങളിലാണ് ആനകൾ ഇടഞ്ഞത്. പാപ്പാന്മാരെയും കാണികളെയും ആക്രമിച്ച മുപ്പതിലേറെ സംഭവങ്ങളുമുണ്ടായി. പാപ്പാന്മാർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ആന വ്യവസായത്തിലെ സ്ഥിരം സംഭവമായിട്ടുണ്ട്. ആൾക്കൂട്ടത്തിൽ ആനകൾക്കുണ്ടാകുന്ന ഭീതിയും സമ്മർദവുമാണ് മദമിളകാൻ കാരണമാകുന്നതെന്നും റിപോർട്ടിൽ പറയുന്നു.

Latest