Connect with us

Aksharam Education

പഠനം എ ഐ കുടക്കീഴിലാക്കാൻ സോഹോ ക്ലാസ്സസ് 2.0

അധ്യാപനം, പഠനം, വിദ്യാർഥി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെ ഭരണനിർവഹണം എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിനു കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

Published

|

Last Updated

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിർമിത ബുദ്ധി (എ ഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠന മാനേജ്മെന്റ്സംവിധാനമായ ‘ക്ലാസ്സസ് 2.0’ അവതരിപ്പിച്ച് ഇന്ത്യൻ ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയായ സോഹോ.

അധ്യാപനം, പഠനം, വിദ്യാർഥി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെ ഭരണനിർവഹണം എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിനു കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഇന്ത്യയിൽ വികസിപ്പിച്ച പ്ലാറ്റ്‌ഫോം ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ട 22 ഇന്ത്യൻ ഭാഷകൾക്കും പിന്തുണ നൽകുന്നുണ്ട്. കൂടാതെ, രാജ്യത്തെ സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും സർവകലാശാലകൾക്കും ലൈസൻസ് ഫീസ് ഈടാക്കാതെയാണ് സോഹോ ഇത് ലഭ്യമാക്കുന്നത്.

സവിശേഷതകൾ

അധ്യാപകർക്ക്

അധ്യാപകരെ സംബന്ധിച്ച് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, സിലബസ്, വിഷയം, അല്ലെങ്കിൽ പാഠ്യപദ്ധതി നൽകിയാൽ 30 സെക്കൻഡിനുള്ളിൽ ക്രമബദ്ധമായ കോഴ്‌സ് തയ്യാറാക്കാൻ ഇതിന് കഴിയും എന്നതാണ്. വീഡിയോ പാഠങ്ങളുടെ രൂപരേഖ, വായനാ സാമഗ്രികൾ, മൂല്യനിർണയ മാനദണ്ഡങ്ങളോടുകൂടിയ അസൈൻമെന്റുകൾ, പരിശീലന പരീക്ഷകൾ എന്നിവ സ്വയമേവ തയ്യാറാക്കുകയും അവ കോഴ്‌സ് ഔട്ട്കം, പ്രോഗ്രാം ഔട്ട്കം എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യും. പഠന സാമഗ്രികൾ എപ്പോൾ വിദ്യാർഥികൾക്ക് ലഭ്യമാക്കണമെന്നത് അധ്യാപകർക്ക് മുൻകൂട്ടി നിശ്ചയിക്കാനും ആവശ്യമായ സമയം വരെ അവ ലോക്ക് ചെയ്ത് വെക്കാനും കഴിയും. ഒരു ലക്ഷത്തിലധികം പാഠ്യപദ്ധതി ടെംപ്ലേറ്റുകളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

വിദ്യാർഥികൾക്ക്

വിദ്യാർഥികൾ ക്ലാസ്സ് മുറിയിലെത്തുന്നതിന് മുമ്പ് പഠന സാമഗ്രികൾ പഠിച്ച് വരികയും ക്ലാസ്സിൽ ചർച്ചകളും സംവാദങ്ങളും നടത്തുകയും ചെയ്യുന്ന “ഫ്ലിപ്ഡ് ക്ലാസ്സ്റൂം’ മാതൃകക്കും ഈ പ്ലാറ്റ്‌ഫോം പിന്തുണ നൽകുന്നു. വിദ്യാർഥികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എ ഐ ട്യൂട്ടർ, ചെറിയ ഘട്ടങ്ങളിലൂടെയുള്ള പഠന മൊഡ്യൂളുകൾ, ഗെയിം അടിസ്ഥാനമാക്കിയുള്ള പഠനാനുഭവങ്ങൾ എന്നിവയും ഇതിൽ ഒരുക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി, വിദ്യാർഥികളുടെ പ്രവേശനം മുതൽ കോഴ്‌സ് പൂർത്തിയാക്കുന്നതു വരെയുള്ള മുഴുവൻ അക്കാദമിക് ചക്രവും സോഹോ ക്ലാസ്സസ് 2.0 കൈകാര്യം ചെയ്യുന്നു. അധിക പഠനസഹായം ആവശ്യമായ വിദ്യാർഥികളെ എ ഐയുടെ സഹായത്തോടെ തിരിച്ചറിയാനും പ്ലാറ്റ്‌ഫോമിന് കഴിയും. ലോ- കോഡ് മൈക്രോ ആപ്പ് ബിൽഡർ’ എന്ന സംവിധാനവും ഇതിലുണ്ട്. ഇതിലൂടെ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുടെ സഹായമില്ലാതെ തന്നെ അഡ്മിഷൻ നടപടിക്രമങ്ങൾ, സിലബസ് മാനേജ്മെന്റ്തുടങ്ങിയ ആവശ്യങ്ങൾക്കനുസരിച്ചുള്ള കസ്റ്റം ആപ്ലിക്കേഷനുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയം വികസിപ്പിക്കാനാകും.
സോഹോ ക്ലാസ്സസ് 2.0 ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ അക്രഡിറ്റേഷൻ മാനദണ്ഡങ്ങളായ നാക്, എൻ ബി എ, യു ജി സി, എൻ എം സി എന്നിവ പാലിക്കുന്നതാണ്. കൂടാതെ, ദേശീയ വിദ്യാഭ്യാസ നയം 2020നും അനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മെഡിക്കൽ കോളജുകൾക്ക്

മെഡിക്കൽ കോളജുകൾക്ക് പ്രത്യേകമായി, “കോമ്പിറ്റൻസി- ബേസ്ഡ് മെഡിക്കൽ എജ്യുക്കേഷൻ’ (സി ബി എം ഇ) സംവിധാനത്തിനാവശ്യമായ പ്രവർത്തനങ്ങളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ പ്രാവീണ്യ പുരോഗതി വിലയിരുത്തൽ, ക്ലിനിക്കൽ ലോഗുകളുടെ പരിപാലനം, ഓഡിറ്റിന് ആവശ്യമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ലഭ്യമാണ്.

സോഹോ ക്ലാസ്സസ് പുതിയതായി ആരംഭിക്കുന്ന പദ്ധതിയല്ല. ഇതുവരെ 80 ലക്ഷത്തിലധികം അറിയിപ്പുകൾ പ്ലാറ്റ്‌ഫോമിലൂടെ കൈമാറിയിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം അസൈൻമെന്റ് സമർപ്പണങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സംവിധാനം, അധ്യാപകർ സൃഷ്ടിച്ച രണ്ട് ടെറാബൈറ്റിലധികം വീഡിയോ പഠനസാമഗ്രികൾക്കും വേദിയാണ്. നിലവിൽ, എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട്, ശിഷ്യ സ്കൂൾ, ചെട്ടിനാട് ഹെൽത്ത് സിറ്റി, വിദ്യാമന്ദിർ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി സർക്കാർ വിദ്യാഭ്യാസ ഏജൻസികളും സോഹോ ക്ലാസ്സസ് ഉപയോഗിക്കുന്നുണ്ട്.

Content Highlights:
Zoho has launched Classes 2.0, an AI-powered learning management system for educational institutions. The platform supports 22 Indian languages and is free for government schools and colleges. It offers AI tutors, customized course creation, and compliance with national accreditation standards.

---- facebook comment plugin here -----

Latest