Connect with us

Kozhikode

സക്കീറിന്റെ 'ഓട്ടോ ലൈബ്രറി'

വായനയും വാഹനവും തമ്മിലുള്ളൊരു കഥയും കുന്ദമംഗലത്തെ വഴികളിലൂടിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

Published

|

Last Updated

 

കോഴിക്കോട് | ഓട്ടോക്കാരുടെ നന്മ നിറഞ്ഞ കഥകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് കോഴിക്കോട്. ഇക്കൂട്ടത്തിൽ വായനയും വാഹനവും തമ്മിലുള്ളൊരു കഥയും കുന്ദമംഗലത്തെ വഴികളിലൂടിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. കഥകളുടെ അകമ്പടിയോടെ സവാരിയൊരുക്കി കഥകളുടെ മായാലോകത്തേക്ക് യാത്രികരെയും ഒപ്പം കൂട്ടുകയാണ് സക്കീറെന്ന ഓട്ടോ സാരഥി.
ഒരു തവണയെങ്കിലും സക്കീറിന്റെ ഓട്ടോറിക്ഷയിൽ കയറിയവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഓട്ടോയും ഇതിലെ യാത്രയും. പുസ്തകങ്ങളുടെ ഒരു ലോകം തന്നെയാണ് ഇദ്ദേഹം തന്റെ ഓട്ടോയിൽ ഒരുക്കിയിട്ടുള്ളത്. ഓഷോയും മാർക്വേസും അരുന്ധതി റോയിയും ബഷീറിനെയുമെല്ലാം ഓട്ടോ യാത്രക്കൊപ്പം ആസ്വദിക്കാം. കൂടാതെ കുട്ടികൾക്കായി ചെറുകഥാ പുസ്തകങ്ങളുമുണ്ട്. പുതുതലമുറയെ വായനയിലേക്ക് കൈപ്പിടിച്ച് കയറ്റുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഓട്ടോയിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കിയതെന്ന് സക്കീർ ഹുസൈൻ പറയുന്നു.

ഖുർആനും ഭഗവത് ഗീതയും ബൈബിളും ഉൾപ്പെടെ 50ഓളം പുസ്തകങ്ങളാണ് ഓട്ടോയിൽ സജ്ജീകരിച്ചിരിക്കുന്നത്. അങ്ങനെ പുസ്തകങ്ങൾ വായിച്ചിരുന്ന് ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും മറന്ന് പോയവരുണ്ടെന്നും ഇദ്ദേഹം പറയുന്നു.
20 വർഷമായി ഇദ്ദേഹം കുന്ദമംഗലത്ത് ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്.
പഠിക്കാൻ വളരെ ഇഷ്ടമായിരുന്നുവെങ്കിലും ജീവിത ചുറ്റുപാടുകൾ കാരണം നാലാം ക്ലാസ്സിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സാഹചര്യങ്ങൾ ഒത്തുവന്നതാവട്ടെ തന്റെ 36ാം വയസ്സിലും. വീണ്ടും പുസ്തകങ്ങളെടുത്ത് തുടങ്ങിയപ്പോൾ ഏഴാം ക്ലാസ്സും പത്താം ക്ലാസ്സും പ്ലസ് ടുവും എഴുതിയെടുത്തു. ഇപ്പോൾ ഡിഗ്രി വിദൂര വിദ്യാഭ്യാസം വഴി എഴുതിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ജോലിക്കൊപ്പം തന്നെ തുടർന്നും പഠിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ വലിയ ആഗ്രഹം. പൂർണ പിന്തുണയുമായി ഉമ്മ ആഇഷാബിയും ഭാര്യ അസ്ബിജയും മക്കളും കൂടെയുണ്ട്.

കോഴിക്കോട്