National
യുവാവ് കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍; കാമുകി അറസ്റ്റില്‍
മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയിലാണ് സംഭവം. വ്യവസായിയായ ഗോവിന്ദ് ജഗന്നാഥ് ബാര്‍ഗെ (38)ആണ് മരിച്ചത്.

മുംബൈ | യുവാവിനെ കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയിലാണ് സംഭവം. വ്യവസായിയായ ഗോവിന്ദ് ജഗന്നാഥ് ബാര്‍ഗെ (38)ആണ് മരിച്ചത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഗോവിന്ദിന്റെ കാമുകി പൂജ ദേവിദാസ് ഗെയ്ക്വാദ് (21) എന്ന നര്‍ത്തകിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ആദ്യം ആത്മഹത്യയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പിന്നീട് മരണത്തില്‍ ദുരൂഹത ഉയരുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗോവിന്ദ് പര്‍ഗാവ് കലാ കേന്ദ്രത്തിലെ നര്‍ത്തകിയായ പൂജയുമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. പൂജയ്ക്ക് സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണും ഗോവിന്ദ് സമ്മാനമായി നല്‍കിയിരുന്നതായും സൂചനയുണ്ട്. ഈയടുത്ത ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും അറിയുന്നു.
ഭാര്യാസഹോദരനാണ് ഗോവിന്ദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗ കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഗോവിന്ദിനെ പൂജ പലതവണ ബ്ലാക്ക്മെയില്‍ ചെയ്തതായി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.