Connect with us

literature

പ്രാണവായുപോലെ എഴുത്ത്...

വൈയക്തിക സ്വഭാവമുള്ളവയാണ് ക്ലാരിസ് ലിസ്പെക്തറിന്റെ എല്ലാ രചനകളും. ബോധധാരാ രീതിയിലുള്ള ആഖ്യാനശൈലി വിർജീനിയ വൂൾഫിന്റെ രചനകളെ അനുസ്മരിപ്പിക്കുന്നു. അസ്തിത്വവാദപരമായ നിരവധി സമസ്യകൾക്ക് ഉത്തരം തേടുന്നവയാണ് അവ. അന്യവത്കരിക്കപ്പെട്ടവരോ അന്യതാബോധമുള്ളവരോ ആണ് അവരുടെ കഥാപാത്രങ്ങൾ. സ്വന്തം ഇടത്തേയും നിലനിൽപ്പിനെയും തങ്ങളെത്തന്നെയും ചോദ്യം ചെയ്യുന്നവരാണ് അവരിൽ പലരും.

Published

|

Last Updated

ബ്രസീലിലെ ഏറ്റവും ജനപ്രീതി നേടിയ എഴുത്തുകാരിയാണ് ക്ലാരിസ് ലിസ്പെക്തർ (Clarice Lispector). നോവൽ, ചെറുകഥ, ബാലസാഹിത്യം, പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ എഴുത്തുകാരിയാണവർ. പുതുമനിറഞ്ഞ രചനാരീതികൊണ്ട് രാജ്യത്ത് അക്കാലംവരെ നിലവിലുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെയെല്ലാം അവർ പൊളിച്ചെഴുതി. ആധുനികതയുടെ രീതിശാസ്ത്രം വിജയകരമായി പരീക്ഷിക്കുകവഴി എഴുത്തിൽ പുതിയ ഭാവുകത്വം സൃഷ്ടിച്ചു. എന്നിട്ടും ഈ എഴുത്തുകാരിയുടെ പ്രശസ്തി ബ്രസീലിന്റെ അതിർത്തികൾ കടന്നത് അവരുടെ മരണശേഷം മാത്രമാണെന്നതാണ് കൗതുകകരമായ വസ്തുത.

1920 ഡിസംബർ പത്തിന് പടിഞ്ഞാറൻ ഉക്രൈനിലെ പദീലിയ പ്രവിശ്യയിലാണ് ഹയ പിൻകസീവ്ന ലിസ്പെക്തർ എന്ന ക്ലാരിസ് ലിസ്പെക്തർ ജനിച്ചത്. അവർക്ക് രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ബ്രസീലിലേക്ക് പലായനം ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് സെമിറ്റിക് വംശജർക്ക് ജന്മനാട്ടിൽ അഭിമുഖീകരിക്കേണ്ടിവന്ന അരക്ഷിതാവസ്ഥയെ തുടർന്നായിരുന്നു പലായനം. ലിസ്പെക്തറിന്റെ ഒന്പതാമത്തെ വയസ്സിൽ അമ്മ മരണമടഞ്ഞു. തുടർന്ന് അച്ഛനും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബം റിയോ ഡീ ജനീറോയിലേക്ക് താമസം മാറ്റി. കയ്പുനിറഞ്ഞതായിരുന്നു ലിസ്പെക്തറിന്റെ ബാല്യം. കുടുംബം പുലർത്താൻ അച്ഛന് നന്നേ കഷ്ടപ്പെടേണ്ടി വന്നിരുന്നു. ബ്രസീലിലെ നിയമവിദ്യാലയത്തിൽനിന്നും ബിരുദം നേടിയ ലിസ്പെക്തർ 1944ൽ വിവാഹിതയാവുകയും തുടർന്ന് ഭർത്താവിനൊപ്പം യൂറോപ്പിലേക്ക് പോകുകയും ചെയ്തു. തുടർന്നുള്ള ഒന്നര പതിറ്റാണ്ട് അവർ ഇറ്റലി, സ്വിറ്റ്‌സർലാൻഡ്, ഇംഗ്ലണ്ട്, എന്നീ രാജ്യങ്ങളിലും പിന്നീട് യു എസിലും താമസമാക്കി. 1959ൽ ഭർത്താവുമായി പിരിഞ്ഞതിനുശേഷം റിയോവിലേക്ക് തിരിച്ചുവന്ന ലിസ്പെക്തർ അവിടുത്തെ ചില പ്രമുഖ പത്രസ്ഥാപനങ്ങളിൽ കോളമിസ്റ്റായി. അവരുടെ പ്രശസ്തമായ നിരവധി രചനകൾ ഈ കാലത്താണ് പുറത്തുവന്നത്. 1966ൽ ആകസ്മികമായി സംഭവിച്ച അപകടത്തിന്റെ വേദന പേറിക്കൊണ്ടാണ് പിന്നീട് അവർ ജീവിതം തള്ളിനീക്കിയത്. പിൽക്കാലത്ത് ഉറക്കഗുളികകളെ അമിതമായി ആശ്രയിച്ചത് എഴുത്തുകാരിയുടെ മനോനിലയെ സാരമായി ബാധിച്ചെങ്കിലും അതവരുടെ സർഗജീവിതത്തെ ദുർബലപ്പെടുത്തിയില്ല. 1977 ഡിസംബർ ഒന്പതിന് മസ്തിഷ്കത്തിലെ രക്തസ്രാവം നിമിത്തം അന്പത്തിയാറാമത്തെ വയസ്സിൽ ക്ലാരിസ് ലിസ്പെക്തർ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു.

റിയോയിലെ സ്കൂളിൽ പഠിക്കുമ്പോൾ ത്തന്നെ ക്ലാരിസ് ലിസ്പെക്തർ ചെറുകഥകൾ എഴുതിത്തുടങ്ങിയിരുന്നു. ആദ്യകാല രചനകൾ പക്ഷെ ആനുകാലികങ്ങളിലൊന്നും പ്രസിദ്ധീകരിക്കപ്പെട്ടില്ല. 1940 ലാണ് അവരുടെ ആദ്യത്തെ കഥ Triumph വെളിച്ചം കണ്ടത്. 1943 ൽ അവരുടെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ നോവൽ “Near to the Wild Heart’ പ്രസിദ്ധീകരിച്ചു. ബോധധാരാരീതിയിൽ എഴുതിയ ഈ നോവൽ അക്കാലത്ത് ബ്രസീലിലെ അക്ഷരലോകത്ത് പുതുമയുള്ള ഒരനുഭവമായിരുന്നു. കൗമാരത്തിന്റെ വൈകാരികമായ വ്യാഖ്യാനമെന്ന നിലയിൽ ഈ രചന വലിയ തോതിൽ നിരൂപക ശ്രദ്ധ നേടുകയുണ്ടായി.

നിയമവിദ്യാലയത്തിൽ പഠിക്കുമ്പോൾ വായിച്ച ബ്രുക് സ്പിനോസയുടെ (Baruch Spinoza) രചനകൾ ജീവിതകാലം മുഴുവനും എഴുത്തുകാരിയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. നിരവധി നോവലുകൾ എഴുതിയെങ്കിലും കഥാകൃത്ത് എന്ന നിലയിലാണ് ലിസ്പെക്തർ രാജ്യാന്തരതലത്തിൽ പ്രശസ്തയായത്. Family Ties, The Foreign Legion, Covert Joy, Beauty and the Beast എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ഇതിൽ 1960ൽ പ്രസിദ്ധീകരിച്ച Family Ties എന്ന കഥാസമാഹാരം അവരുടെ എഴുത്തുജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. ലോക ചെറുകഥയുടെ ഭൂപടത്തിൽ അവരെ ശക്തമായി അടയാളപ്പെടുത്തിയ പുസ്തകമാണിത്. 2015ൽ The Complete Stories എന്ന പേരിൽ എഴുത്തുകാരിയുടെ മുഴുവൻ കഥകളുടെയും ഒരു ബൃഹത് സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലുകളിൽ The Passion According to GH, The Chandelier, The besieged city, The Apple in the Dark, The Hour of the Star, A Breath of Life മുന്നിട്ടുനിൽക്കുന്നു. ഭാഷാപരമായി സങ്കീർണതകൾ നിറഞ്ഞ നോവലുകളാണ് The Chandelier ( 1946) The Besieged City (1949) എന്നിവ. ക്ലാരിസ് ലിസ്പെക്തറിന്റെ മാസ്റ്റർപീസായി വിശേഷിപ്പിക്കുന്ന നോവലാണ് The Passion According to G H( 1964).

പോർച്ചുഗീസ് ഭാഷയിൽ ഒരു സ്ത്രീ എഴുതിയ എക്കാലത്തെയും മഹത്തരമായ നോവൽ എന്നാണ് ബ്രസീലിലെ അക്ഷരലോകം ഈ നോവലിനെ വിശേഷിപ്പിച്ചത്. ഇവയ്ക്കുപുറമെ നിരവധി ബാലസാഹിത്യ കൃതികളും വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് നിരവധി ഉപന്യാസങ്ങളും അവർ രചിച്ചിട്ടുണ്ട്. എഴുത്തുകാരനും വിവർത്തകനുമായ ബെഞ്ചമിൻ മോസർ Why this World എന്ന പേരിൽ എഴുതിയ എഴുത്തുകാരിയുടെ ജീവചരിത്രവും വളരെയേറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പക്ഷേ, ജീവിച്ചിരുന്ന കാലത്ത് ബ്രസീലിൽ അവർക്ക് അർഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല എന്നതും സത്യമാണ്. എഴുത്തുകാരിയുടെ യഥാർഥ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞത് അവരുടെ മരണത്തിനു ശേഷമായിരുന്നു. പ്രത്യേകിച്ചും അവരുടെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതിനു ശേഷം.

വൈയക്തിക സ്വഭാവമുള്ളവയാണ് ക്ലാരിസ് ലിസ്പെക്തറിന്റെ എല്ലാ രചനകളും. ബോധധാരാ രീതിയിലുള്ള ആഖ്യാനശൈലി വിർജീനിയ വൂൾഫിന്റെ രചനകളെ അനുസ്മരിപ്പിക്കുന്നു. അസ്തിത്വവാദപരമായ നിരവധി സമസ്യകൾക്ക് ഉത്തരം തേടുന്നവയാണ് അവ. അന്യവത്കരിക്കപ്പെട്ടവരോ അന്യതാബോധമുള്ളവരോ ആണ് അവരുടെ കഥാപാത്രങ്ങൾ. സ്വന്തം ഇടത്തേയും നിലനിൽപ്പിനെയും തങ്ങളെത്തന്നെയും ചോദ്യം ചെയ്യുന്നവരാണ് അവരിൽ പലരും. ലളിതമായ ഭാഷയാണ് എഴുത്തുകാരി ഉപയോഗിക്കുന്നതെങ്കിലും രചനകളിൽ സമൃദ്ധമായി കാണാവുന്ന ഗ്രാമീണ ശൈലിയും വാക്യഘടനയുടെ സങ്കീർണതയും വിവർത്തകരെ സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങളാണ്. സ്ഥലകാലങ്ങളെ ഉല്ലംഘിക്കുന്ന കലാവീക്ഷണം രചനകളുടെ പ്രധാന സവിശേഷതയായി കാണാം.

ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീ എഴുത്തുകാരിൽ പ്രധാനിയാണ് ക്ലാരിസ് ലിസ്പെക്തർ. ഒന്പത് നോവലുകളും എൺപതിലധികം ചെറുകഥകളും , അഞ്ച് ബാലസാഹിത്യകൃതികളും അസംഖ്യം ഉപന്യാസങ്ങളുമായി ബ്രസീലിലെ അക്ഷരഭൂമികയെ പ്രകാശമാനമാക്കിയ എഴുത്തുകാരിയാണവർ. അദൃശ്യശക്തിയുള്ള എഴുത്തുകാരി എന്ന് നിരൂപകർ വിശേഷിപ്പിക്കുന്ന ലിസ്പെക്തറിന്റെ രചനകളിൽ മോഡേണിസത്തിന്റെ ശക്തമായ അടിയൊഴുക്കുകൾ കാണാം. അക്കാലം വരെ പുരുഷാധിപത്യം നിലനിന്നിരുന്ന ബ്രസീലിലെ സാഹിത്യലോകത്ത് ഭാഷയിലും ആഖ്യാനത്തിലും പ്രതിപാദ്യത്തിലും പുതുമയുള്ള ആശയങ്ങളുമായി കടന്നുവന്ന് അവർ ചരിത്രം സൃഷ്ടിച്ചു. എഴുത്ത് എക്കാലവും വലിയ ആസക്തിയും ആവേശവുമായിരുന്നു എഴുത്തുകാരിക്ക്. പ്രാണവായുപോലെ അതവരെ ആവേശിച്ചു. അതുകൊണ്ടാണ് ഒരഭിമുഖത്തിൽ അവർ ഇങ്ങനെ വെളിപ്പെടുത്തിയത്. “എഴുത്ത് നിലച്ചാൽ പിന്നെ ഞാനില്ല.’