Connect with us

Aksharam Education

ഒന്നാം ലോക മഹായുദ്ധം

യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിന് മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹാ യുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

Published

|

Last Updated

ലോകം കണ്ട ഏറ്റവും വലിയ മഹായുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം. 1914 ജൂലൈ 28 മുതൽ 1918 നവംബര്‍ 11 വരെ ഈ യുദ്ധം നീണ്ടു നിന്നു. ഓസ്ട്രിയ, ജർമനി, ഇറ്റലി എന്നിവ ചേർന്ന “ത്രികക്ഷി സഖ്യവും’ ഫ്രാൻസ് റഷ്യ, ബ്രിട്ടൻ എന്നിവയടങ്ങുന്ന “ത്രികക്ഷി സൗഹാർദവുമാണ് പ്രധാനമായും യുദ്ധത്തിൽ ഏറ്റുമുട്ടിയത്. ഒരു കോടിയിലധികം സൈനികരും 70 ലക്ഷത്തിലധികം സാധാരണക്കാരും യുദ്ധത്തിൽ മരിച്ചു. ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് ജർമനിക്കാണ്. 18 ലക്ഷം പേരാണ് ഇവിടെ മരിച്ചത്. 1918 നവംബർ 11 ന് ജർമനി വേഴ്സായി സന്ധിയിൽ ഒപ്പിട്ടതോടെയാണ് ലോകം കണ്ട ഏറ്റവും ക്രൂരമായ യുദ്ധങ്ങളിൽ ഒന്നായ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്.

യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയും രാഷ്ട്രീയ ഇടപെടലുകളുമാണ് യുദ്ധത്തിന്റെ തീവ്രത വർധിപ്പിച്ചത്. യുദ്ധത്തിന് ശേഷം ഇതിൽ പങ്കെടുത്ത രാജ്യങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെച്ചു.

കാരണം

ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയക്കും സെർബിയക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാന്റും ഭാര്യയും ബോസ്നിയയുടെ തലസ്ഥാനമായ സരാജെവോയിൽ വെച്ച് വധിക്കപ്പെട്ടതിന് പിന്നാലെയാണ് ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ഇവരുടെ മരണത്തോടെ 1914 ജൂലൈ 28 ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1914 ആഗസ്റ്റ് നാലിന് ബ്രിട്ടനും 1917 ഏപ്രിലിൽ അമേരിക്കയും യുദ്ധത്തിന്റെ ഭാഗമായി. ഓസ്ട്രിയയിൽ നിന്ന് ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യംഗ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്ന ഗാവ്രിലോയാണ് ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാന്റിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിന് പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്

സഖ്യശക്തികൾ

ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും രണ്ട് വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയ ശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. പിന്നീട് സഖ്യ കക്ഷികൾ പുനഃക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച്‌ കുടുതൽ രാജ്യങ്ങൾ അംഗങ്ങളാവുകയും ചെയ്തു.

ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സഖ്യകക്ഷികളോടും ഓട്ടോമൻ ചക്രവർത്തിയും ബൾഗറിയയും കേന്ദ്രിയ ശക്തികളോടും ചേർന്നു. 60 ദശലക്ഷം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നിച്ചുചേർക്കപ്പെട്ടത്.

യുദ്ധാനന്തരം

ലോക ഭൂപടത്തിലെ നാല് പ്രധാന സാമ്രാജ്യങ്ങളായ ഓസ്ട്രിയ- ഹംഗറി, ജർമനി, ഓട്ടോമൻ, റഷ്യ എന്നിവർ തകർച്ച നേരിട്ടു. ജർമനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലാവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുത്തു.

യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിന് മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

വേഴ്സായ് ഉടമ്പടി

ഒന്നാം ലോകമഹായുദ്ധത്തിന്‌ ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വേഴ്സായ് ഉടമ്പടിയിലൂടെയാണ്‌. സംഖ്യകക്ഷികളും ജര്‍മനിയും തമ്മിലുണ്ടാക്കിയ ഉടന്പടിയാണ് വേഴ്സായ്. അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോവില്‍സണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ്, ഫ്രാന്‍സിലെ ജോര്‍ജസ് ക്ലെമെന്‍കോ, ഇറ്റലി പ്രധാനമന്ത്രി വിറ്റോറിയോ ഇമ്മാനുവല്‍, എന്നിവരായിരുന്നു സന്ധിയുണ്ടാക്കിയത്.

തോറ്റ രാജ്യങ്ങളുടെ നേതാക്കളില്‍ ആരെയും ചർച്ചക്ക് ക്ഷണിച്ചിരുന്നില്ല. വേഴ്സായില്‍ എത്തി, നിബന്ധനകളെല്ലാം അംഗീകരിച്ച് ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ ജയിച്ച രാജ്യങ്ങൾ അവരോട് ആവശ്യപ്പെടുകയായിരുന്നു. പാരീസ് സമാധാന സമ്മേളനത്തിലെ‍ ആറ് മാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വേഴ്സായിൽ വെച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വെക്കപ്പെട്ടത്.

വ്യവസ്ഥകൾ

ഉടമ്പടിയിൽ പല വ്യവസ്ഥകളുമുണ്ടായിരുന്നെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ജർമനിയും കൂട്ടുകക്ഷികളുമായിരുന്നു യുദ്ധത്തിന്റെ പരിപൂർണ ഉത്തരവാദികൾ എന്ന് അവർ അംഗീകരിക്കുക എന്നതായിരുന്നു. ഇതു കൂടാതെ ഭൂമി വിട്ടുകൊടുക്കുക, സമ്പൂർണ നിരായുധീകരണം, സഖ്യകക്ഷികളിലെ ചില രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ഉടന്പടികളും അവർക്ക് അംഗീകരിക്കണ്ടി വന്നു. ജർമനി നൽകേണ്ടിയിരുന്ന ആകെ നഷ്ടപരിഹാരം 26,900 കോടി സ്വർണമാർക്ക് ആയിരുന്നു.