Connect with us

International

അമേരിക്കയിൽ ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നു; ലോകകപ്പ് മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആശങ്ക

കളി തുടരുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെടുന്ന താപ സൂചികയിലേക്ക് (heat indexes) കാലാവസ്ഥ മാറിയേക്കുമെന്നാണ് ആശങ്ക

Published

|

Last Updated

വാഷിംഗ്ടൺ | അമേരിക്കയിലും കാനഡയിലും ശക്തമാകുന്ന കടുത്ത ഉഷ്ണതരംഗം (heatwave) ഈ ആഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന് നാഷണൽ വെതർ സർവീസ് (National Weather Service) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും (humidity) ജനജീവിതം കൂടുതൽ ദുസ്സഹമാക്കും.

ചൂട് കടുക്കുന്നതോടെ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരുടെ യൂണിയനായ ഫിഫ്പ്രോ (Fifpro) നിഷ്കർഷിച്ചിട്ടുള്ള സുരക്ഷിത മാനദണ്ഡങ്ങൾ മറികടക്കാൻ സാധ്യതയുണ്ട്. കളി തുടരുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെടുന്ന താപ സൂചികയിലേക്ക് (heat indexes) കാലാവസ്ഥ മാറിയേക്കുമെന്നാണ് ആശങ്ക. ഇതോടെ ഈ ആഴ്ച നടക്കുന്ന ലോകകപ്പിലെ അവസാന 32 ഘട്ട മത്സരങ്ങളിൽ ചിലത് ടൂർണമെന്റിലെ തന്നെ ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലായിരിക്കും നടക്കുക.

കേന്ദ്ര കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിലും കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നേക്കും. ഉയർന്ന ആർദ്രത കൂടി കണക്കിലെടുക്കുമ്പോൾ സതേൺ ഗ്രേറ്റ് പ്ലെയിൻസ്, മിസിസിപ്പി വാലി, മിഡ് അറ്റ്ലാന്റിക് മേഖലകളിൽ അനുഭവപ്പെടുന്ന ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. രാത്രികാലങ്ങളിൽ പോലും താപനില 20 ഡിഗ്രി സെൽഷ്യസിന് താഴേക്ക് പോകില്ല. കിഴക്കൻ കാനഡയിലെ ഒന്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിലും താപനില ശരാശരിയേക്കാൾ 10 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

അവസാന 32 ഘട്ടത്തിലെ എല്ലാ മത്സരങ്ങളെയും ഉഷ്ണതരംഗം ബാധിക്കില്ലെങ്കിലും ചില പ്രധാന മത്സരങ്ങൾ കടുത്ത ചൂടിലായിരിക്കും നടക്കുക. ടെക്സാസിലാണ് ഏറ്റവും ഉയർന്ന താപനില പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഹൂസ്റ്റണിലും ആർലിംഗ്ടണിലുമുള്ള എയർ കണ്ടീഷൻഡ് സ്റ്റേഡിയങ്ങളിലേക്ക് (air conditioned stadiums) എത്തുന്ന ആരാധകർക്കായിരിക്കും ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുക. ഹൂസ്റ്റണിൽ ഇപ്പോൾ നടക്കുന്ന ബ്രസീൽ – ജപ്പാൻ മത്സരസമയത്ത് 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടുന്നത്. ചൊവ്വാഴ്ച ഡാളസിൽ നടക്കുന്ന മത്സരത്തിൽ ഇത് 41 ഡിഗ്രി സെൽഷ്യസ് വരെയാകാം. സ്റ്റേഡിയങ്ങൾക്കുള്ളിൽ അത്യാധുനിക എയർ കണ്ടീഷനിംഗ് സംവിധാനം ഉള്ളതിനാൽ കളിക്കാർക്കും കാണികൾക്കും ബുദ്ധിമുട്ടുണ്ടാകില്ല. ബുധനാഴ്ച അറ്റ്ലാന്റയിൽ നടക്കുന്ന ഇംഗ്ലണ്ട് വേഴ്സസ് ഡി ആർ കോംഗോ മത്സരത്തിനും സ്റ്റേഡിയത്തിന് പുറത്ത് കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും.

എയർ കണ്ടീഷനിംഗ് ഇല്ലാത്ത സ്റ്റേഡിയങ്ങളിൽ ചൂട് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ചൊവ്വാഴ്ച ന്യൂജേഴ്‌സിയിൽ നടക്കുന്ന ഫ്രാൻസ് വേഴ്സസ് സ്വീഡൻ മത്സരത്തിൽ 30 ഡിഗ്രി സെൽഷ്യസും വ്യാഴാഴ്ച ടൊറന്റോയിൽ നടക്കുന്ന പോർച്ചുഗൽ വേഴ്സസ് ക്രോയേഷ്യ മത്സരത്തിൽ 31 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തും. വെള്ളിയാഴ്ച മിയാമിയിൽ നടക്കുന്ന അർജന്റീന വേഴ്സസ് കേപ്പ് വെർദെ മത്സരത്തിലും കാൻസാസ് സിറ്റിയിലെ കൊളംബിയ വേഴ്സസ് ഗായന മത്സരത്തിലും ചൂട് 32 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മിയാമിയിലെയും കാൻസാസ് സിറ്റിയിലെയും ഉയർന്ന ആർദ്രത കാരണം അനുഭവപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മനുഷ്യശരീരത്തെ ചൂടും ഈർപ്പവും എങ്ങനെ ബാധിക്കുന്നു എന്ന് അളക്കുന്ന വെറ്റ് ബൾബ് ഗ്ലോബൽ ടെംപറേച്ചർ (Wet Bulb Global Temperature) സൂചിക പ്രകാരം ഈ രണ്ട് മത്സരങ്ങളും ഫിഫ്പ്രോ നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പരിധിക്ക് അരികിലെത്തിയേക്കാം. വാരാന്ത്യത്തോടെ ഫിലാഡൽഫിയ, ന്യൂജേഴ്സി എന്നിവിടങ്ങളിൽ താപനില സാധാരണ നിലയേക്കാൾ വളരെ ഉയർന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താൻ സാധ്യതയുണ്ട്.

Also Readഅമേരിക്കയിൽ കടുത്ത ഉഷ്ണതരംഗവും കാട്ടുതീയും; താപനില 46 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു ഉയർന്ന താപനിലയോടൊപ്പം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും (thunderstorms) മത്സരങ്ങൾക്ക് ഭീഷണിയുയർത്തുന്നുണ്ട്. സ്റ്റേഡിയത്തിന്റെ എട്ട് മൈൽ ചുറ്റളവിൽ ഇടിമിന്നൽ ഉണ്ടായാൽ കളിക്കാർക്കും കാണികൾക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതിനായി മത്സരം താൽക്കാലികമായി നിർത്തിവെക്കേണ്ടി വരും. ബുധനാഴ്ച അറ്റ്ലാന്റയിൽ നടക്കുന്ന ഇംഗ്ലണ്ടിന്റെ മത്സര സമയത്തും വെള്ളിയാഴ്ച മിയാമിയിൽ നടക്കുന്ന അർജന്റീനയുടെ മത്സര സമയത്തും ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.

 

 

Content highlights:

A severe heatwave and high humidity building across the United States and Canada could impact the upcoming World Cup round of 32 matches this week. Temperatures and wet bulb global temperature indexes are expected to approach thresholds considered unsafe for play by the players’ union Fifpro. While air-conditioned stadiums will protect some games, matches in cities like Miami and Kansas City will face extreme conditions, alongside potential disruptions from nearby thunderstorms.

Latest