Uae
ഇത്തിഹാദ് യാത്രാ ട്രെയിനിലെ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍; അഭിമാനമായി ആലപ്പുഴക്കാരന്‍ നിഷാദ്
.ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിന്റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുന്നതിലേക്കുള്ള നിഷാദിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.
ദുബൈ | ഫുജൈറയില്‍നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ട്രെയിനുകള്‍ ചൂളംവിളിച്ചു പായുമ്പോള്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും അഭിമാന നിമിഷമാകുമത്. യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയില്‍ ശൃംഖലയെ നയിക്കുന്നവരില്‍ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവുമായി മലയാളിയായ നിഷാദുമുണ്ടാകും. ഇത്തിഹാദ് റെയിലിലെ ട്രെയിന്‍ ഡ്രൈവേഴ്സ് ലൈന്‍ മാനേജരാണ് ഈ 29-കാരനായ ആലപ്പുഴ സ്വദേശി.ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിന്റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുന്നതിലേക്കുള്ള നിഷാദിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.
2014-ലാണ് അദ്ദേഹം ആദ്യമായി യു.എ.ഇ.യിലെത്തിയത്. ഒരു സ്ഥാപനത്തില്‍ കാഷ്യറായിട്ടാണ് പ്രവാസജീവിതം ആരംഭിച്ചത്. പിന്നീട് പെര്‍ഫ്യൂമുകള്‍വിറ്റും ഹോട്ട്ഡോഗ് സാന്‍ഡ്വിച്ചുകള്‍ തയ്യാറാക്കിയും ഹോംഡെലിവറി സേവനങ്ങള്‍ നല്‍കിയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയി. മാതാപിതാക്കളായ നൗഷാദും ഷീബയും ഉറച്ച പിന്തുണയും നല്‍കി.തീരെ ചെറുതെന്നു തോന്നുന്ന ഈ ജോലികളാണ് തന്നില്‍ അച്ചടക്കം, ക്ഷമ, വിനയം, ലക്ഷ്യബോധം എന്നിവ സൃഷ്ടിച്ചതെന്ന് നിഷാദ് പറയുന്നു. 2017-ല്‍ മോണോ റെയിലിലൂടെയാണ് റെയില്‍ ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ജീവിതം ഒരു കരക്കെത്തിയെന്ന് സമാധാനിച്ചിരുന്നപ്പോഴേക്കും അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോയി.
ദുബായ് ട്രാമിന്റെയും മെട്രോയുടെയും പ്രവര്‍ത്തനങ്ങളില്‍നിന്ന് റെയില്‍മേഖലയ്ക്ക് അനുയോജ്യമായി കഴിവുകള്‍ വികസിപ്പിച്ചു. പ്രവര്‍ത്തന മികവിലൂടെ കീ ഇന്‍സ്ട്രക്ടര്‍ ആന്‍ഡ് അസസര്‍ പദവികളിലൂടെ തൊഴിലിലെ ഉത്തരവാദിത്വം വര്‍ധിച്ചു. അത് തൊഴില്‍ജീവിതത്തിലെ നിര്‍ണായക നാഴികക്കല്ലായി മാറി. അതിനുശേഷം 2023-ല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓപ്പറേഷന്‍സ് ടീം ലീഡറായി ചേരുകയും അധികം വൈകാതെ സ്ഥാനക്കയറ്റംലഭിച്ച് സീനിയര്‍ ടീം ലീഡറാവുകയുംചെയ്തു.എന്നാല്‍ ഇത്തിഹാദ് റെയിലിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. 2020-ല്‍ ട്രെയിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും ഇ-മെയില്‍ വിലാസത്തിലെ പിഴവു കാരണം വഴിമുട്ടി. പരാജയപ്പെട്ടു പിന്മാറാന്‍ തയ്യാറല്ലാത്തതിനാല്‍ വീണ്ടും അപേക്ഷിച്ചു. 2022-ഓടെ പരീക്ഷകളും അഭിമുഖങ്ങളുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി.2024-ല്‍ ഇത്തിഹാദ് റെയില്‍ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രെയിന്‍ ഓപ്പറേഷന്‍സ് ടീം ലീഡര്‍, കീ ഇന്‍സ്ട്രക്ടര്‍, അസസര്‍ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹിബ ഗഫൂറാണ് നിഷാദിന്റെ ഭാര്യ. മകന്‍: ഖലീഫ സായിദ്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിന്‍ഷാദാണ് സഹോദരന്‍. സഹോദരി: നസ്ലി
#EtihadRail #NishadAlappuzha #ProudMalayali #UAERailway #GulfNews #Inspiration
Content Highlights: Nishad from Alappuzha became the first Indian captain of UAE’s Etihad Rail passenger network. The 29-year-old started his career in Dubai as a cashier before advancing into the rail sector through hard work. He previously worked with Dubai Tram and Zayed International Airport.





