ആരോഗ്യം
ജീവിതശൈലി മാറ്റങ്ങൾ സ്ത്രീകളെ അലട്ടുന്നതെങ്ങനെ?
ഉയർന്ന ഇൻസുലിൻ അളവ് സ്ത്രീകളിൽ ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുന്നതായി കാണപ്പെടുന്നു. ഇത് ആൻഡ്രജൻ (പുരുഷ ഹോർമോൺ) വർധനവിന് കാരണമാകുകയും അതിലൂടെ മുഖക്കുരു, ഭാരം കൂടൽ, പി സി ഒ എസ് പോലുള്ള അവസ്ഥകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ഇന്നത്തെ വേഗതയേറിയ ജീവിതത്തിൽ സ്ത്രീകൾ ജോലി, കുടുംബം, മാനസിക സമ്മർദങ്ങൾ എന്നിവക്കിടയിൽ മുന്നോട്ടു പോകുമ്പോൾ, അവരുടെ ആരോഗ്യത്തെ നിശബ്ദമായി ബാധിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളാണ് പഞ്ചസാര, സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ.
ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പി സി ഒ എസ്, ഇൻസുലിൻ പ്രതിരോധം, ശരീരഭാരം കൂടുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഉയരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പഞ്ചസാര എന്ന വില്ലൻ
ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുന്ന ചായ, ബിസ്‌കറ്റ്, ബ്രെഡ്, വിവിധ പാക്കറ്റ് പലഹാരങ്ങൾ, “ഹെൽത്തി’ എന്ന് അവകാശപ്പെടുന്ന ഗ്രനോള ബാറുകൾ തുടങ്ങിയവയിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് പലർക്കും വ്യക്തമായി മനസ്സിലാകാറില്ല. ഈ “മറഞ്ഞിരിക്കുന്ന പഞ്ചസാര’ ആരോഗ്യത്തെ മന്ദഗതിയിൽ ബാധിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നായി മാറുകയാണ്.
ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നു. ഈ വർധനവ് നിയന്ത്രിക്കാൻ ശരീരം ഇൻസുലിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിച്ച് ഊർജമായി ഉപയോഗിക്കാൻ സഹായിക്കുന്നതാണ് ഇൻസുലിന്റെ പ്രധാന ജോലി.
എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം ആവർത്തിക്കുമ്പോൾ ശരീരം നിരന്തരം കൂടുതൽ ഇൻസുലിൻ നിർമിക്കാൻ നിർബന്ധിതമാകുന്നു. കാലക്രമേണ കോശങ്ങൾ ഇൻസുലിനോട് വേണ്ടത്ര പ്രതികരിക്കാതെയാകുന്നു. ഇതാണ് ഇൻസുലിൻ പ്രതിരോധം.
ഇൻസുലിൻ പ്രതിരോധം ഉണ്ടാകുമ്പോൾ
• രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയില്ലാതാകും
• കൂടുതൽ ഇൻസുലിൻ നിർമാണം നടക്കും
• ശരീരത്തിൽ കൊഴുപ്പ് സങ്കലനം വർധിക്കും
ഉയർന്ന ഇൻസുലിൻ അളവ് സ്ത്രീകളിൽ ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുന്നതായും കാണപ്പെടുന്നു. ഇത് ആൻഡ്രജൻ (പുരുഷ ഹോർമോൺ) വർധനവിന് കാരണമാകുകയും, അതിലൂടെ മുഖക്കുരു, ഭാരം കൂടൽ, പി സി ഒ എസ് പോലുള്ള അവസ്ഥകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
സമ്മർദം – നിശബ്ദ ശത്രു
നിത്യേന അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സമ്മർദം ശരീരത്തിലെ പ്രധാന സമ്മർദ ഹോർമോണായ കോർട്ടിസോൾ ഉയരാൻ കാരണമാകുന്നു. സാധാരണ സാഹചര്യങ്ങളിൽ കോർട്ടിസോൾ ശരീരത്തെ അപകടസാഹചര്യങ്ങൾക്ക് തയ്യാറാക്കാൻ സഹായിക്കുന്നതാണ്. എന്നാൽ ദീർഘകാലം ഇത് ഉയർന്ന നിലയിൽ തുടരുമ്പോൾ ആരോഗ്യത്തിന് ഹാനികരമായിമാറുന്നു.
കോർട്ടിസോൾ ഉയർന്ന നിലയിൽ
• വയറിനോട് ചേർന്ന കൊഴുപ്പ് (abdominal fat) വർധിപ്പിക്കുന്നു
• രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു
• ഇൻസുലിൻ പ്രവർത്തനത്തെ ബാധിക്കുന്നു
• മാസവിരാമം അനിയമിതമാക്കുന്നു
• ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു
ഇതോടൊപ്പം സമ്മർദം മാനസിക ഭക്ഷണശീലങ്ങളെയും (emotional eating) ശക്തമായി സ്വാധീനിക്കുന്നു. സമ്മർദം അനുഭവിക്കുമ്പോൾ പലർക്കും മധുരമുള്ളതും കലോറി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം കൂടുന്നതായും ശ്രദ്ധിക്കപ്പെടുന്നു.
പരിഹാരം എന്ത്?
പഞ്ചസാര, സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയുടെ ദുഷ്ചക്രം മറികടക്കാൻ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങൾ നിർണായകമാണ്. സമീകൃതാഹാരം ശീലമാക്കുന്നത് വളരെ പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.
കേരളത്തിന്റെ പരമ്പരാഗത ഭക്ഷണരീതിയിൽ നിന്നുള്ള പുട്ട്- കടലക്കറി, ഇഡലി – സാമ്പാർ, ചപ്പാത്തി – പച്ചക്കറിക്കറി, അല്ലെങ്കിൽ ബ്രൗൺ റൈസും പരിപ്പും പച്ചക്കറികളും ചേർന്ന ഒരു സാധാരണ ഉച്ചഭക്ഷണവും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നൽകുന്നു. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാനും ഊർജം നിലനിർത്താനും സഹായിക്കുന്നു.
അതുപോലെ ഭക്ഷണം കഴിക്കുന്നതിൽ സമയക്രമം പാലിക്കുന്നതും അത്യാവശ്യമാണ്. വലിയ ഇടവേളകൾ ഒഴിവാക്കി 3 – 4 മണിക്കൂറിൽ ഒരിക്കൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്താനും, അതിലൂടെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.
സമ്മർദ നിയന്ത്രണവും ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ്. ദിവസവും കുറഞ്ഞത് 20 – 30 മിനുട്ട് നടക്കുക, ലളിതമായ ശ്വസന വ്യായാമങ്ങൾ ചെയ്യുക, യോഗ അഭ്യസിക്കുക, അനാവശ്യമായ സ്‌ക്രീൻ സമയം കുറയ്ക്കുക എന്നിവ ശരീരത്തെയും മനസ്സിനെയും സമതുലിതമാക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ ജലാംശം നിലനിർത്തുന്നതും വളരെ പ്രധാനമാണ്. മതിയായ വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കോർട്ടിസോൾ നിയന്ത്രണത്തിനും ഹോർമോൺ പ്രവർത്തനത്തിനും സഹായിക്കുകയും ചെയ്യുന്നു.
കൂടാതെ, കറുവപ്പട്ട, ഉലുവ, ജീരകം പോലുള്ള പ്രകൃതിദത്ത ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായകരമാണെന്ന് വിലയിരുത്തപ്പെടുന്നു. സ്ത്രീകളുടെ ശരീരം പഞ്ചസാരയുടെയും സമ്മർദത്തിന്റെയും സ്വാധീനത്തോട് കൂടുതൽ പ്രതികരിക്കുന്നതാണ്. അതിനാൽ വലിയ മാറ്റങ്ങൾക്കായി കാത്തിരിക്കാതെ, ചിട്ടയായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുന്നതിലൂടെ ദീർഘകാല ആരോഗ്യത്തിനും ഹോർമോൺ സന്തുലിതാവസ്ഥക്കും ശക്തമായ അടിത്തറ ഒരുക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.
Content Highlights:
Modern lifestyle stresses combined with high hidden sugar intake significantly damage women’s health by triggering insulin resistance and hormonal imbalance. Elevated cortisol from prolonged psychological stress causes abdominal fat accumulation, erratic sleep cycles, and irregular menstrual periods. Experts suggest that balancing meals with traditional rich fiber choices, maintaining regular eating intervals, and daily physical exercise can disrupt this harmful cycle. Small, consistent shifts in daily habits build a solid foundation for long-term physiological equilibrium and emotional well-being.







