Connect with us

Kerala

വനിത കൗണ്‍സിലര്‍മാര്‍ വോട്ട് അസാധുവാക്കി; തിരുവല്ല നഗരസഭയില്‍ യു ഡി എഫിന് ഉപാധ്യക്ഷ സ്ഥാനം നഷ്ടമായി

വോട്ട് പാഴാക്കിയവര്‍ ഇരുവരും നഗരസഭയുടെ മുന്‍ അധ്യക്ഷരുമാണ്.

Published

|

Last Updated

തിരുവല്ല  | തിരുവല്ല നഗരസഭ കൗണ്‍സിലില്‍ മൂന്നംഗങ്ങളുടെ അധിക പിന്തുണ ഉണ്ടായിട്ടും യു ഡി എഫിന് ഉപാധ്യക്ഷ സ്ഥാനം നഷ്ടം. നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിലെ ജിജി വട്ടശേരില്‍ വൈസ് ചെയര്‍മാനായി. വൈസ് ചെയര്‍മാനായിരുന്ന ജോസ് പഴയിടം (കേരള കോണ്‍ഗ്രസ്) യു ഡി എഫ് ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞതിനേ തുടര്‍ന്ന് ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസിലെ മാത്യു ചാക്കോയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചത്. എന്‍ സി പി ജില്ലാ പ്രസിഡന്റു കൂടിയായ ജിജി വട്ടശേരിയെ എല്‍ ഡി എഫും നിര്‍ദേശിച്ചു. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പ് എല്‍ ഡി എഫിനെ തുണച്ചു. യു ഡി എഫിലെ രണ്ട് വനിത കൗണ്‍സിലര്‍മാര്‍ വോട്ട് അസാധുവാക്കിയതോടെയാണ് എല്‍ ഡി എഫിന് ഒപ്പമെത്താന്‍ സാധിച്ചത്. വോട്ട് പാഴാക്കിയവര്‍ ഇരുവരും നഗരസഭയുടെ മുന്‍ അധ്യക്ഷരുമാണ്.

കേരള കോണ്‍ഗ്രസിലെ ഷീല വര്‍ഗീസും കോണ്‍ഗ്രസിലെ ബിന്ദു ജയകുമാറും ചെയ്ത വോട്ടുകളാണ് അസാധുവായത്. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 15 വീതം വോട്ടുകളാണ് സാധുവായി ലഭിച്ചത്. സ്വതന്ത്രനും എസ് ഡി പി ഐ അംഗവും യു ഡി എഫിന് വോട്ട് ചെയ്തു. മുന്‍ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം വിദേശത്ത് ആയതിനാല്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. ബി ജെ പി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മൂന്നാമത്തെ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. ഭൂരിപക്ഷം ലഭിച്ച യു ഡി എഫിലെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളില്‍ രണ്ടരവര്‍ഷത്തെ വീതം ധാരണയുണ്ടായിരുന്നു. ഇതില്‍ തന്നെ ഇരുപാര്‍ട്ടികളും ഉള്‍പാര്‍ട്ടി ധാരണകളുമുണ്ടാക്കി. തുടര്‍ന്ന് ആദ്യധാരണ നീണ്ടുപോയതോടെ തര്‍ക്കങ്ങളായി. ചെയര്‍പേഴ്സണായിരുന്ന ബിന്ദു ജയകുമാര്‍ രാജിവച്ചതിനേ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭരണത്തിലുമെത്തി. പിന്നീട് എല്‍ ഡി എഫിനെ താഴെയിറക്കി 2023 മാര്‍ച്ചില്‍ യു ഡി എഫ് വീണ്ടും ഭരണം പിടിച്ചു. തുടര്‍ന്ന് ധാരണ നടപ്പാക്കാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. കോണ്‍ഗ്രസിന്റെ കൈവശമുള്ള അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 15ന് ഇത് ഒഴിയുമെന്ന ധാരണയിലാണ് ഇന്നലെ യു ഡി എഫ് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് നിര്‍ദേശിക്കുമെന്ന് കരുതുന്ന ഷീല വര്‍ഗീസ് തന്നെ വോട്ട് അസാധുവാക്കിയത് തിരിച്ചടിയായിട്ടുണ്ട്. യു ഡി എഫ് -16, എല്‍ ഡി എഫ് -14, എന്‍ ഡി എ -7, എസ് ഡി പി ഐ -1, സ്വതന്ത്രന്‍ -1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.