Connect with us

abudhabi

അബൂദബിയില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി

വീണ്ടും തുറക്കുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന പ്രത്യേകത പുതിയ അധ്യയന വര്‍ഷത്തിനുണ്ട്

Published

|

Last Updated

അബൂദബി | ശൈത്യകാല അവധിക്കായി യു എ ഇ യിലെ സ്‌കൂളുകള്‍ അടച്ചു. വീണ്ടും തുറക്കുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന പ്രത്യേകത പുതിയ അധ്യയന വര്‍ഷത്തിനുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കൊപ്പം, അടുത്ത വര്‍ഷം അബൂദബിയിലെ സ്‌കൂളുകളും നാലര ദിവസത്തെ പ്രവൃത്തി ദിവസത്തിലേക്ക് മാറും. വെള്ളി ശനി ദിവസങ്ങള്‍ക്ക് പകരം, ശനി, ഞായര്‍, വെള്ളിയാഴ്ചയുടെ അര്‍ദ്ധദിനങ്ങള്‍ എന്നിവ പുതിയ വാരാന്ത്യ അവധി ദിവസമായി മാറും. ജനുവരി മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നകം ക്ലാസുകള്‍ പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ റെഗുലേറ്റര്‍ അതോറിറ്റി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം, അഞ്ചു ദിവസമുണ്ടായിരുന്ന അക്കാദമിക് ആഴ്ച നാലര ദിവസമായി ചുരുങ്ങുന്നതിനാല്‍ ഇത് നികത്താന്‍ ചില സ്‌കൂളുകള്‍ സ്‌കൂള്‍ ദിനങ്ങള്‍ കൂട്ടാന്‍ ആലോചിക്കുന്നുണ്ട്. വെള്ളിയാഴ്ചയില്‍ സ്‌കൂളുകള്‍ പകുതി ദിവസമാണ് പ്രവര്‍ത്തിക്കുക, ഇത് പരിഹരിക്കാന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം അഞ്ചുമിനിറ്റ് വര്‍ദ്ധിപ്പിക്കുകയും ഇടവേളകളുടെ ദൈര്‍ഘ്യം കുറക്കുകയും ചെയ്യാനുള്ള ആലോചനയുണ്ടെന്ന് അബൂദബി സണ്‍ റൈസ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷീല ജോണ്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ വ്യാഴം വരെ സ്‌കൂള്‍ സമയം വര്‍ദ്ധിപ്പിക്കും, രണ്ട് പാഠങ്ങള്‍ അധികമായി നല്‍കും അല്‍ ഖലീജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സി ഇ ഒ ഗദീര്‍ അബു ഷമത്ത് പറഞ്ഞു. പുതിയ ഘടന നിലവിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ സ്‌കൂള്‍ സമയം മാത്രമേ നഷ്ടപ്പെടൂ. പാഠ്യപദ്ധതി സമയം ഉള്‍പ്പെടുത്താത്ത സ്‌കൂളിന്റെ മറ്റ് മേഖലകളില്‍ നിന്ന് ഈ സമയം കണ്ടെത്തും. ഇത് സിലബസ് പൂര്‍ത്തീകരണ വേഗതയെ ബാധിക്കില്ല. ഉച്ചഭക്ഷണ സമയവും ഇടവേള സമയവും ക്രമീകരിക്കുമെന്നും അല്‍ ഖൈല്‍ ജെംസ് വെല്ലിംഗ്ടണ്‍ അക്കാദമി പ്രിന്‍സിപ്പല്‍ കാംബെല്‍ ഡഗ്ലസ് പറഞ്ഞു.

വൈകുന്നേരം 3.15 നാണ് സ്‌കൂളുകളുടെ പ്രവൃത്തി അവസാനിക്കുന്നത്. പ്രവൃത്തി സമയം നാലു മണി വരെ ദീര്‍ഘിപ്പിച്ച് ഒരു പിരിയഡ് അധികം കണ്ടെത്തുമെന്ന് മുസഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി ഉമ്മന്‍ പറഞ്ഞു.

വ്യക്തത കാത്ത് സ്വകാര്യ മേഖലാ ജീവനക്കാര്‍

അബൂദബി | സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങളില്‍ മാറ്റംവരുത്തിയ യു എ ഇ പ്രഖ്യാപനത്തിനു പിന്നാലെ സ്വകാര്യമേഖലയിലെ ജീവനക്കാരും ഇക്കാര്യത്തില്‍ വ്യക്തതയ്ക്കു വേണ്ടി കാത്തിരിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ആഴ്ചയില്‍ രണ്ടരദിവസം അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കു സമാനമായി സ്വകാര്യമേഖലയിലും അവധി ദിനങ്ങള്‍ കൂട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. വെള്ളിയാഴ്ചത്തെ പൊതു അവധി ഞായറാഴ്ചയിലേക്ക് നീട്ടിയ സര്‍ക്കാര്‍ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമായി മാറ്റുകയാണ് ചെയ്തത്. ഇതോടെ ഫലത്തില്‍ ആഴ്ചയില്‍ നാലരദിവസം പ്രവൃത്തിദിനങ്ങളും രണ്ടരദിവസം അവധിയുമായി.