Kerala
നിയമസഭയില്‍ അസാധാരണ നീക്കം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി പോയതിന് പിന്നാലെയാണ് തിരുത്തിയതും വെട്ടിയതുമായ ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിച്ചത്.
തിരുവനന്തപുരം | കേരള നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കിയാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വായിക്കുകയും ചെയ്തു.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി പോയതിന് പിന്നാലെയാണ് തിരുത്തിയതും വെട്ടിയതുമായ ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിച്ചത്.
കാബിനറ്റ് അംഗീകരിച്ച അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത് , അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12-ാം ഖണ്ഡികയില്‍ ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്- ഈ വാചകം ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഖണ്ഡിക 16 ന്റെ അവസാനഭാഗത്ത്, നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. ഈ വാചകം ഗവര്‍ണര്‍ അതേപടി വായിച്ചു. എന്നാല്‍ ഈ വാചകത്തിനൊപ്പം എന്റെ സര്‍ക്കാര്‍ കരുതുന്നു എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ത്തവ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപനപ്രസംഗമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയോട് ആവശ്യപ്പെട്ടു. നിയമസഭയില്‍ ഗവര്‍ണര്‍ നടത്തുന്നത് സര്‍ക്കാരിനു വേണ്ടി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ്. അതില്‍ നിന്നും വിട്ടുപോകുന്നതോ വ്യതിചലിക്കുന്നതോ ഔദ്യോഗികമായി അംഗീകരിക്കുന്നതല്ലെന്ന് സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കി.


