Connect with us

Kerala

കേരളം വികസന പാതയില്‍ കുതിക്കുന്നു; കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈകടത്തുന്നു: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗംതുടങ്ങി.അതിദാരിദ്ര നിര്‍മാര്‍ജ്ജനം നടത്തിയ കേരളം വികസനപാതയില്‍ കുതിക്കുകയാണെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാനം പത്തുവര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റം നടത്തിയെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിനാണ് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമിട്ടത്. നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രി എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വായിച്ചു.വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചുവെന്നും തൊഴിലുറപ്പ് പദ്ധതി പഴയ നിലയില്‍ നടപ്പാക്കുന്നത് തുടരണമെന്നും പ്രസംഗത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈ കടത്തുന്നുവെന്ന വിമര്‍ശവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്

വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജിഎസ്ടി വിഹിതത്തില്‍ കുറവുണ്ട്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു

ആദ്യദിവസം നയപ്രഖ്യാപനപ്രസംഗം മാത്രമേ ഉണ്ടാകൂ. അന്തരിച്ച സഭാംഗം കാനത്തില്‍ ജമീലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ബുധനാഴ്ച പിരിയും.22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 26ന് സഭ പിരിയും. അതിനിടയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ സമ്മേളനം വെട്ടിച്ചുരുക്കും. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മിലെ ഡി കെ മുരളി നല്‍കിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടേക്കും

---- facebook comment plugin here -----

Latest