Connect with us

Kerala

നഷ്ടപ്പെട്ട തൊഴിലിനായി യുവജന സംഘടനകള്‍ ഉണരുമോ? തൊഴില്‍ രഹിതര്‍ ഉറ്റുനോക്കുന്നു

പൊതുമേഖലാ പെന്‍ഷന്‍ പ്രായം ഏകീകരിക്കല്‍ തീരുമാനത്തിനെതിരെ യുവജന സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധം, നിലവില്‍ പൊതുമേഖലയിലെ തൊഴില്‍ കൂട്ടത്തോടെ നഷ്ടപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരായ പ്രക്ഷോഭമായി ഉയരുമോ എന്നാണു തൊഴില്‍ രഹിതരായ അഭ്യസ്ഥ വിദ്യര്‍ ഉറ്റുനോക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസ്സാക്കാനുള്ള തീരുമാനത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും യുവജനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരമില്ല. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെന്‍ഷന്‍ പ്രായം ഏകീകരിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ ഡി വൈ എഫ് ഐ, എ ഐ വൈ എഫ് അടക്കമുള്ള ഭരണപക്ഷ യുവജന സംഘടനകളും പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ നടപടികള്‍ മരവിപ്പിപ്പിച്ചു.

അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ ആശങ്കയിലാക്കുന്ന നടപടിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നാണ് യുവജന സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. പെന്‍ഷന്‍ പ്രായം ഏകീകരണത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ യുവജന സംഘടനകള്‍ക്കു മുമ്പില്‍ ഇതോടെ, പൊതു മേഖലയിലെ തൊഴിലില്ലായ്മ പ്രധാന വിഷയമായി മാറുകയാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുകയും തൊഴിലുകളെല്ലാം കരാര്‍ വല്‍ക്കരിക്കുകയും ചെയ്തിട്ടും യുവജന സംഘടനകളുടെ വലിയ പ്രക്ഷോഭം ഉയര്‍ന്നിരുന്നില്ല.

രൂക്ഷമായ തൊഴിലില്ലായ്മ ഉയര്‍ത്തി ഇനിയെങ്കിലും യുവജന പ്രക്ഷോഭം ശക്തിപ്പെടുമോ എന്നാണ് അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതര്‍ ഉറ്റുനോക്കുന്നത്. 2021ല്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തുന്ന തസ്തികകളില്‍ വളരെ കാലമായി നിയമനം നടക്കുന്നില്ല. 2017-18 ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 10.87 ലക്ഷമായിരുന്നത് 2020-21-ല്‍ 8.61 ലക്ഷമായി ചുരുങ്ങി എന്നാണു കണക്ക്.
2014 മുതല്‍ 22.05 കോടി അപേക്ഷ കേന്ദ്ര ഒഴിവുകളിലേക്കു ലഭിച്ചിരുന്നു. ഇതില്‍ റിക്രൂട്ട്മെന്റിനായി ശുപാര്‍ശ ചെയ്തത് വെറും 7.22 ലക്ഷം മാത്രം.

വിവിധ കേന്ദ്ര സര്‍വകലാശാലകളിലായി എസ് സി വിഭാഗത്തില്‍ 958, എസ്ടി വിഭാഗത്തില്‍ 576, ഒ ബി സി വിഭാഗത്തില്‍ 1761 അധ്യാപക ഒഴിവുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 2016 മുതല്‍ ഓരോ വര്‍ഷവും കുറയുകയാണ്. 2016-2021 ല്‍ മാത്രം 2.68 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞു. 2016-17ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 11.29 ലക്ഷം ജീവനക്കാരുണ്ടായിരുന്നത് 2021 ആയപ്പോള്‍ 8.61 ലക്ഷമായി ചുരുങ്ങി എന്നാണു കണക്കുകള്‍ പറയുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പ്പം തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്. ന്യത്തില്‍ നടപ്പാക്കിയ കരാര്‍ വല്‍ക്കരണം രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി വിട്ടിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തു പ്രവര്‍ത്തനം ആരംഭിച്ചതും കേന്ദ്രം അടച്ചു പൂട്ടി വില്‍ക്കാന്‍ വച്ച ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത് പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആരംഭിച്ചതും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ കേരളം സന്നദ്ധത അറിയിച്ചതും തൊഴില്‍ രഹതിരായ യുവാക്കള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്.

പൊതുമേഖലാ പെന്‍ഷന്‍ പ്രായം ഏകീകരിക്കല്‍ തീരുമാനത്തിനെതിരെ യുവജന സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധം, നിലവില്‍ പൊതുമേഖലയിലെ തൊഴില്‍ കൂട്ടത്തോടെ നഷ്ടപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരായ പ്രക്ഷോഭമായി ഉയരുമോ എന്നാണു തൊഴില്‍ രഹിതരായ അഭ്യസ്ഥ വിദ്യര്‍ ഉറ്റുനോക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest