From the print
മോദി-പുടിന്‍ കൂടിക്കാഴ്ച: നയം, തന്ത്രം
പഹല്‍ഗാം ആത്മാവിന് നേരെയുള്ള ആക്രമണം.

ടിയാന്‍ജിന്‍ | പ്രതികാരച്ചുങ്കം ചുമത്തി യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധത്തിന്റെയും പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ നടന്ന ഷാംഗ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടി നയതന്ത്ര വിജയമാക്കി ഇന്ത്യ. ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ്വ്‌ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം പകരച്ചുങ്കത്തിന് പുറമെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം പ്രതികാരച്ചുങ്കം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് പുടിനുമായുള്ള കൂടിക്കാഴ്ച.
പ്രയാസകരമായ സാഹചര്യങ്ങളിലും ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് നിലകൊണ്ടുവെന്നും ആഗോള സമാധാനത്തിനും സ്ഥിരതക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിര്‍ണായകമാണെന്നും പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. സാമ്പത്തികം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള, പ്രാദേശിക വിഷയങ്ങളിലെ നിലപാടുകള്‍ ഇരുവരും പങ്കുവെച്ചു.
ഉച്ചകോടി നടന്ന വേദിയില്‍ നിന്ന് ഉഭയകക്ഷി യോഗ വേദിയിലേക്ക് ഇരുവരും ഒരു കാറിലാണ് യാത്ര ചെയ്തത്. മോദിക്കൊപ്പം യാത്ര ചെയ്യാന്‍ പുടിന്‍ ആഗ്രഹിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മോദിക്കായി പത്ത് മിനുട്ടോളം പുടിന്‍ കാത്തുനിന്നതായാണ് വിവരം. യാത്രയില്‍ ഇരുനേതാക്കളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന് ശേഷം കൂടിക്കാഴ്ച 45 മിനുട്ടോളം നീണ്ടു. ഉള്‍ക്കാഴ്ച പകരുന്നവയാണ് എപ്പോഴും പുടിനുമായുള്ള സംഭാഷണങ്ങളെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് മോദി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്നും ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മോദി പറഞ്ഞു. ഉച്ചകോടിക്കിടെ പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ സാന്നിധ്യത്തിലായിരുന്നു ഭീകരവാദത്തിനെതിരെ മോദി സംസാരിച്ചത്.
പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള ആക്രമണം മാത്രമായിരുന്നില്ല. മറിച്ച് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമുള്ള തുറന്ന വെല്ലുവിളിയായിരുന്നു. ഭീകരതയെ പരസ്യമായി പിന്തുണക്കുന്ന രാജ്യം, നമ്മളില്‍ ആര്‍ക്കെങ്കിലും സ്വീകാര്യമാണോ? ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് നാം വ്യക്തമായി പറയണം. ഭീകരതക്കെതിരെ സഹിഷ്ണുത കാണിക്കരുത്.- മോദി പറഞ്ഞു.
ഉച്ചകോടിക്കിടെ ശഹബാസ് ശരീഫിനെ മോദിയും പുടിനും അവഗണിച്ച് കടന്നുപോകുന്ന വീഡിയോകളും പ്രചരിച്ചു. ഞായറാഴ്ച രാത്രി ചൈനീസ് പ്രസിഡന്റ്ഷി ജിന്‍പിംഗ് ഒരുക്കിയ വിരുന്നോടെയാണ് 25ാമത് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായത്. ഷി ജിന്‍പിംഗുമായി മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുരാജ്യങ്ങളും ശത്രുക്കളല്ല, വികസന പങ്കാളികളാണെന്നും അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരം തര്‍ക്കങ്ങളായി മാറരുതെന്നും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും വിലയിരുത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യു എസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ചൈനയും റഷ്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു.