Editorial
എല്‍ നിനോ ആഘാതം മത്തിയിലൊതുങ്ങുമോ?
കാലവര്‍ഷത്തില്‍ മഴ കുറയുന്നതും അതിതീവ്രമഴ കൂടുന്നതും ആഗോളതാപനത്തിന്റെ സൂചനയാണ്. ഈ പ്രതിഭാസങ്ങളുടെ ഇരയെന്ന നിലയില്‍ കേരളത്തിലെ കൃഷി, ജല ഉപയോഗം, മാലിന്യ സംസ്‌കരണം, ആരോഗ്യപരിപാലനം തുടങ്ങിയവയിലെല്ലാം സമൂല പരിഷ്‌കരണം അനിവാര്യമാണ്.
സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം സംബന്ധിച്ച് നിരവധി ഏജന്‍സികള്‍ കേരളത്തിന് ഗൗരവതരമായ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ്. മത്തി ലഭ്യത കുറയുമെന്നാണ് കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനമായ സി എം എഫ് ആര്‍ ഐയുടെ മുന്നറിയിപ്പ്. രാജ്യത്താകെ മത്സ്യലഭ്യതയെ ഈ പ്രതിഭാസം ബാധിക്കുമെന്ന നിരീക്ഷണവും ഗവേഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് ആശങ്കപ്പെടുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നാണ് കരുതപ്പെടുന്നത്. കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മത്സ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. കടുത്ത ചൂടിനും ഉയര്‍ന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും ലവണാംശം പെട്ടെന്ന് മാറിമറിയുന്നതിന് കാരണമാകും. ഇത് തീരദേശ മത്സ്യ കൃഷിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഈ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണേണ്ടതാണ്. കാലാവസ്ഥാ മാറ്റമെന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങളും സര്‍ക്കാറും ഒരുങ്ങേണ്ടതുണ്ട്. പ്രകൃതിയില്‍ ഇത്തരം മാറ്റങ്ങള്‍ക്ക് മനുഷ്യരുടെ ചെയ്തികള്‍ ഹേതുവാകുന്നുവെന്നത് ഇന്ന് ഒരു പാരിസ്ഥിതിക സിദ്ധാന്തമല്ല, തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണവും മലിനീകരണവും അതിതാപനത്തിലേക്ക് നയിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വം മുഴുവന്‍ പേരും ചേര്‍ന്ന് വഹിക്കേണ്ടതാണ്. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതി നേരിട്ട് അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയും വേണം.
പസഫിക് സമുദ്രത്തിലെ ജലതാപനില ഉയരുന്നതുമൂലം ആഗോള കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് എല്‍ നിനോ. സാധാരണയായി രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ ഇടവേളകളില്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം, ഇന്ത്യന്‍ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തുകയും, കേരളമടക്കമുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും വരള്‍ച്ചക്കും കാരണമാകുകയും ചെയ്യുന്നു. എല്‍ നിനോ കാലങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കുന്ന മണ്‍സൂണ്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കൃഷിയെയും ജലസ്രോതസ്സുകളെയും ബാധിക്കുന്നു. അന്തരീക്ഷ താപനില വര്‍ധിക്കും. ചില വര്‍ഷങ്ങളില്‍ എല്‍ നിനോയുടെ ഫലമായി കേരളത്തില്‍ പ്രളയത്തിന് സമാനമായ കനത്ത മഴയും ഉണ്ടാകാറുണ്ട്.
കാലവര്‍ഷത്തിന്റെ പകുതിയിലേറെ പിന്നിട്ടിട്ടും കേരളത്തില്‍ മഴ പ്രതീക്ഷിച്ച തോതില്‍ സജീവമായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അസാധാരണ ശക്തിയാര്‍ജിച്ച കാറ്റ് തീരദേശത്തും മലയോര മേഖലയിലും നിത്യജീവിതത്തെയും വിവിധ സാമ്പത്തിക മേഖലകളെയും സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. സാധാരണ കാലവര്‍ഷകാലത്ത് മഴയും കാറ്റും സന്തുലിതമായാണ് അനുഭവപ്പെടാറുള്ളത്. മഴയുടെ കുറവും ശക്തമായ കാറ്റും ഒരേസമയം അനുഭവപ്പെടുന്നത് കൃഷി, മത്സ്യബന്ധനം, ജലവൈദ്യുതി ഉത്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധിക്കിടയാക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ എം ഡി) കണക്കുകള്‍ പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 11 വരെ സംസ്ഥാനത്ത് ലഭിച്ചത് 653.6 മില്ലീമീറ്റര്‍ മഴ മാത്രമാണ്. സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടത് 891.9 മില്ലീമീറ്റര്‍ മഴയാണ്. ശരാശരി 27 ശതമാനം മഴക്കുറവുണ്ടെന്നാണ് ഇത് കാണിക്കുന്നത്. മഴക്കുറവ് ഏറ്റവും രൂക്ഷമായത് മലയോര ജില്ലകളിലാണ്. വയനാട്ടില്‍ 55 ശതമാനവും ഇടുക്കിയില്‍ 52 ശതമാനവും മഴ കുറഞ്ഞു.
സമുദ്ര- അന്തരീക്ഷ വ്യവസ്ഥയില്‍ ഒരേസമയം ഉണ്ടായ നിരവധി മാറ്റങ്ങളുടെ ഫലമാണ് നിലവിലെ അസാധാരണ സാഹചര്യമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പ്രധാന ചാലകശക്തിയായ സോമാലി ജെറ്റ് സ്ട്രീം ശക്തിപ്പെട്ടതോടെ അറബിക്കടലിലൂടെ ഈര്‍പ്പമുള്ള വായു കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. എന്നാല്‍ മഴമേഘങ്ങള്‍ രൂപപ്പെടാനാവശ്യമായ അന്തരീക്ഷ സാഹചര്യം എല്ലാ ദിവസവും ലഭിക്കാത്തതിനാല്‍ വ്യാപകമായ മഴ പെയ്യുന്നില്ല. ജൂലൈ രണ്ടാം പകുതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടുകയും അതിന്റെ സ്വാധീനത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടും സജീവമാകുകയും ചെയ്താല്‍ മാത്രമേ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുള്ളൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
എല്‍ നിനോ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍, മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ് നിയമസഭയെ അറിയിച്ചിരുന്നു. മനുഷ്യരെ ആശങ്കയിലേക്ക് തള്ളിവിടുന്നതില്‍ അസാംഗത്യമുണ്ടെങ്കിലും കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെ അവഗണിക്കാനാകില്ല. എല്‍ നിനോ മൂലമുള്ള മഴക്കുറവും മഴയൊഴിയുന്ന നേരത്തെ കടുത്ത ചൂടും വലിയ സങ്കീര്‍ണതകളാണ് സൃഷ്ടിക്കുന്നത്. ജൂണില്‍ തന്നെ ഈ പ്രതിഭാസങ്ങള്‍ ദൃശ്യമായത് കാലവര്‍ഷം പിന്‍വാങ്ങുന്നതോടെ വരള്‍ച്ചയുടെ കടന്നുവരവിന് സാധ്യതയേറ്റുന്നുണ്ട്. കാലവര്‍ഷത്തില്‍ മഴ കുറയുന്നതും അതിതീവ്രമഴ കൂടുന്നതും ആഗോളതാപനത്തിന്റെ സൂചനയാണ്. ഈ പ്രതിഭാസങ്ങളുടെ പ്രത്യക്ഷ ഇരയെന്ന നിലയില്‍ കേരളത്തിലെ കൃഷി, ജല ഉപയോഗം, സംരക്ഷണം, സംഭരണം, ഊര്‍ജ സ്രോതസ്സ്, മാലിന്യ സംസ്‌കരണം, ആരോഗ്യപരിപാലനം തുടങ്ങിയവയിലെല്ലാം സമൂല പരിഷ്‌കരണം അനിവാര്യമാണ്. ജനകീയ പങ്കാളിത്തവും വൈദഗ്ധ്യവും കൈകോര്‍ക്കുകയും സര്‍ക്കാര്‍ അതിന് നേതൃത്വം നല്‍കുകയും ചെയ്യുമ്പോള്‍ മാത്രമേ മുന്നോട്ടുള്ള വഴി തെളിയുകയുള്ളൂ.





