National
ഭയമില്ലാതെ നിഷ്പക്ഷമായി റിപ്പോര്‍ട്ടിംഗ് തുടരും: ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി
നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് പ്രധാനം.
		
      																					
              
              
            ന്യൂഡല്‍ഹി| ഭയമില്ലാതെ നിഷ്പക്ഷമായി റിപ്പോര്‍ട്ടിംഗ് തുടരുമെന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ബിബിസിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ടിം ഡേവി ഇക്കാര്യം പറഞ്ഞത്. ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ബിബിസിയുടെ വിശദീകരണം.
ജീവനക്കാരുടെ ധൈര്യത്തിന് ടിം ഡേവി നന്ദി പറഞ്ഞു. ബിബിസിയെ സംബന്ധിച്ച് നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഇ മെയിലില്‍ വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ വാര്‍ത്തകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ കടമയെന്ന് ഡേവി പറഞ്ഞു. ആ ചുമതലയില്‍ നിന്ന് ഞങ്ങള്‍ പിന്മാറുകയില്ല. ബിബിസിക്ക് പ്രത്യേകമായ ഒരു അജണ്ടയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് വംശഹത്യ പരാമര്‍ശിക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി നിരോധിച്ചതിനു പിന്നാലെയാണ് ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയത്. എന്നാല്‍ നടന്നത് റെയ്ഡല്ല, സര്‍വേ ആണെന്നായിരുന്നു വിശദീകരണം. മൂന്നു ദിവസമായി 60 മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. 10 വര്‍ഷത്തെ കണക്കുകളാണ് പരിശോധിച്ചത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
