National
സത്യത്തെ മോദി ഭയപ്പെടുന്നു; പ്രധാന മന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളില്‍ മോദി പരിഭ്രാന്തനായിരിക്കുകയാണ്. നുണകളിലാണ് അദ്ദേഹം അഭയം പ്രാപിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യത്തെ ഭയപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളില്‍ അദ്ദേഹം പരിഭ്രാന്തനായിരിക്കുകയാണ്. നുണകളിലാണ് മോദി അഭയം പ്രാപിച്ചിരിക്കുന്നതെന്നും തനിക്ക് ശരിയെന്ന് തോന്നിയതാണ് താന്‍ ചെയ്തതെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
നേരത്തെ, പാര്‍ലിമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രധാനമന്ത്രി മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഖാര്‍ഗെയുടെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തിന് ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിക്കാമെന്നായിരുന്നു മോദിയുടെ പരിഹാസം.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ എത്തിയത്. പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷ എം പിമാര്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. ഏകാധിപത്യത്തിനെതിരെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. ബഹളം ശക്തമായതോടെയാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെക്കെതിരെ മോദി പരിഹാസം കലര്‍ന്ന പരാമര്‍ശം നടത്തിയത്. പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഒട്ടേറെ ചോദ്യങ്ങളാണ് ഭരണപക്ഷത്തോട് ഉന്നയിച്ചത്. എന്നാല്‍, രാജ്യസഭയിലെ മറുപടി പ്രസംഗത്തില്‍ ഇതിനോടൊന്നും മോദി പ്രതികരിച്ചില്ല. പകരം രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷത്തേയും കടന്നാക്രമിക്കുകയാണ് ചെയ്തത്. ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷം സംബന്ധിച്ച് മുന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. പ്രസിദ്ധീകരിക്കാത്ത പുസ്തകമെന്ന് ഭരണപക്ഷം ആരോപിച്ചപ്പോള്‍ അടുത്തദിവസം പുസ്തകവുമായി പ്രതിപക്ഷ നേതാവ് സഭയിലെത്തുകയായിരുന്നു.



