National
ആര്‍ക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്: രാഷ്ട്രപതി
വികസനത്തിന്റെ നേട്ടങ്ങള്‍ ഓരോ വ്യക്തിയിലും എത്തിച്ചേരണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു
ന്യൂഡല്‍ഹി | ആര്‍ക്ക് നേരെയും നീതി നിഷേധിക്കപ്പെടരുതെന്നും രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. 2047-ഓടെ ഒരു ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്നും ആധുനിക രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ പുരോഗമിക്കുമ്പോള്‍, വികസനത്തിന്റെ നേട്ടങ്ങള്‍ ഓരോ വ്യക്തിയിലും എത്തിച്ചേരണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് എല്ലാവരും വികസനത്തിനു വേണ്ടി സംഭാവനകള്‍ നല്‍കുകയാണ്. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുകയാണ്. യുദ്ധവും അസ്ഥിരതയും ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വളര്‍ച്ച കൈവരിക്കുന്നു. 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യമുക്തമാക്കി. സൗജന്യ റേഷന്‍ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു.
ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഓര്‍ക്കുന്നു. വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളായെന്നും രാഷ്ട്രപതി പറഞ്ഞു. ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചു. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് ദേശീയ താത്പര്യപ്രകാരമുള്ള നിര്‍ണായക കാല്‍വെപ്പായിരുന്നു. നടപടി രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ നക്‌സല്‍ വിമുക്തമാക്കിയത് ഒരു വലിയ ദേശീയ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദശാബ്ദങ്ങളോളം നക്‌സലിസം രാജ്യത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. ഒരുകാലത്ത് നക്‌സലിസം ബാധിച്ചിരുന്ന പ്രദേശങ്ങളില്‍ ഇന്ന് വലിയ ആവേശമാണ് കാണപ്പെടുന്നത്. ഈ മേഖലകളില്‍ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
മത്സര പരീക്ഷകള്‍ വലിയ അവസരങ്ങള്‍ തുറക്കുന്നുവെന്ന് പറഞ്ഞ രാഷ്ട്രപതി യുവശക്തിയെക്കുറിച്ചും പരാമര്‍ശിച്ചു. നമ്മുടെ യുവാക്കള്‍ കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരുമാണ്. ഇന്ത്യന്‍ യുവാക്കളുടെ നേട്ടങ്ങളും ശക്തിയും ഇച്ഛാശക്തിയും ലോകം അംഗീകരിച്ചിരിക്കുന്നു. പൊതുപരീക്ഷകളിലെ അനഭിലഷണീയ പ്രവണതകള്‍ തടയാനായി. ഇത് നമ്മുടെ യുവാക്കള്‍ക്ക് വലിയ പ്രചോദനവും ഉത്സാഹവും നല്‍കിയെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൈനികര്‍ക്കുള്ള വീരതാ പുരസ്‌കാരങ്ങളും രാഷ്ട്രപതി പ്രഖ്യാപിച്ചു. ഒന്‍പത് പേര്‍ക്ക് കീര്‍ത്തിചക്രയും ഏഴുപേര്‍ക്ക് മരണാനന്തര ബഹുമതി, 19 പേര്‍ക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥനായ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര ബഹുമതി ലഭിച്ചു. ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവച്ചതിനാണ് മേജര്‍ തരുണിന് ശൗര്യ ചക്ര നല്‍കുന്നത്. ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിന് കീര്‍ത്തിചക്ര നല്‍കി ആദരിക്കും.
മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ടതിനാണ് ബഹുമതി. കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗിന് കീര്‍ത്തിചക്ര നല്‍കും. ജമ്മു കശ്മീര്‍ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും കീര്‍ത്തിചക്ര നല്‍കി ആദരിക്കും. കത്വ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍. സര്‍ക്കാര്‍ യുവാക്കള്‍ക്കൊപ്പമെന്നും പരീക്ഷകളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പാക്കുന്നുവെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
Content Highlights:
President Draupadi Murmu addressed the nation on the eve of Independence Day, highlighting India’s economic growth and goal of Vikasit Bharat by 2047. She lauded the armed forces for eradicating Naxalism and curbing cross-border terror threats. Gallantry awards were announced, including Shaurya Chakra for Malayali officer Major Tarun Vasudevan.



