Connect with us

science

വീണ്ടുമെത്തും, നാമാവശേഷമായ മാമ്മത്തുകള്‍

നാമാവശേഷമായ ജീവികളെ പുനര്‍ജീവിപ്പിക്കുന്നതിലൂടെ ഭാവിയില്‍ ഭൂമിയെ സംരക്ഷിക്കാന്‍ സാധിക്കും

Published

|

Last Updated

വാഷിംഗ്ടണ്‍ | ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചെന്ന് കരുതപ്പെടുന്ന ഭീമന്‍ ജീവിയായ മാമ്മത്തുകളെ പുനരുജ്ജീവിപ്പിക്കാമെന്ന അവകാശവാദവുമായി ബയോസയന്‍സ് കമ്പനി. ആര്‍ട്ടിക് ധ്രുവപ്രദേശത്തുണ്ടായിരുന്ന ചെമ്മരി രോമങ്ങള്‍ നിറഞ്ഞ മാമ്മത്തുകളെ വീണ്ടും കൊണ്ടുവരാമെന്ന വാഗ്ദാനമാണ് കൊളോസ്സല്‍ എന്ന കമ്പനി മുന്നോട്ടുവെച്ചത്. ഹാര്‍വാര്‍ഡ് ജനിതക വിദഗ്ധരുമായി ചേര്‍ന്നാണ് കമ്പനി ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്.

നാശോന്മുഖമായ ആവാസവ്യവസ്ഥ പുനഃസ്ഥാപിച്ചാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. മാമ്മത്തുകള്‍ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് നഷ്ടപ്പെട്ടത്. നാമാവശേഷമായ ജീവികളെ പുനര്‍ജീവിപ്പിക്കുന്നതിലൂടെ ഭാവിയില്‍ ഭൂമിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കൊളോസ്സല്‍ സി ഇ ഒയും സഹസ്ഥാപകനുമായ ബെന്‍ ലാം പറയുന്നു.

മാത്രമല്ല, ഇത്തരം സാങ്കേതികവിദ്യയിലൂടെ വംശനാശത്തിന്റെ വക്കിലുള്ള ജീവിവര്‍ഗങ്ങളെ സംരക്ഷിക്കാനും സാധിക്കും. പല ജീവികളുടെയും വംശനാശത്തിന് മനുഷ്യകരങ്ങളുള്ളതിനാല്‍ പ്രത്യേകിച്ചും. ആര്‍ട്ടിക് പ്രദേശത്ത് അലഞ്ഞുനടന്ന ജീവിവര്‍ഗമായിരുന്നു ആനയോട് സാമ്യമുള്ള മാമ്മത്തുകള്‍. ഭക്ഷണത്തിനും മറ്റുമായി ആദിമ മനുഷ്യര്‍ ഇവയെ വേട്ടയാടുകയായിരുന്നു. നാലായിരം വര്‍ഷം മുമ്പാണ് ഈ ജീവിവര്‍ഗം അപ്രത്യക്ഷമായത്.

Latest