Ongoing News
വന്‍കിട കമ്പനികളുടെ പേരില്‍ വ്യാപക തൊഴില്‍ തട്ടിപ്പ്; മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയത് നിരവധി പേര്‍

അബൂദബി | വന്‍കിട കമ്പനികളുടെ പേരില്‍ നടത്തുന്ന തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി നിരവധി പേര്‍. കൊവിഡ് വ്യാപകമായതോടെ ലോകത്ത് സംജാതമായ തൊഴില്‍ പ്രതിസന്ധി മറയാക്കിയാണ് വ്യാപകമായ തൊഴില്‍ തട്ടിപ്പ് അരങ്ങേറുന്നത്. യു എ ഇ യില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാനം ചെയ്താണ് പലരെയും യു എ ഇ യുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത്. മോഹന വാഗ്ദാനത്തില്‍ വിശ്വസിച്ചു ഭാര്യയുടെ കെട്ടുതാലിയും വീടിന്റെ ആധാരവും പണയം വച്ചാണ് പലരും യു എ ഇയില്‍ എത്തിയത്. കുറഞ്ഞത് 2,500 ദിര്‍ഹം സാലറിയും മറ്റു ആനുകൂല്യവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് പലരെയും കൊണ്ടുവന്നത്. വന്നിട്ട് മാസങ്ങള്‍ ആയെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. വഞ്ചിതരായവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
അജ്മാന്‍, ഖിസൈസ്, സജ മേഖലകളിലെ ലേബര്‍ ക്യാമ്പിലാണ് ജോലി ലഭിക്കുമെന്ന വിശ്വാസത്തില്‍ വന്നവരെ ഏജന്റുമാര്‍ താമസിപ്പിച്ചിട്ടുള്ളത്. തൊഴില്‍ ലഭിക്കുമെന്ന വാഗ്ദാനം ലഭിച്ചിരുന്ന കമ്പനിയില്‍ അജ്മാനിലെ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ മുഖേന ബന്ധപ്പെട്ടപ്പോഴാണ് വഞ്ചിതരായെന്ന് പലരും അറിയുന്നത്. ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കാഷ്യറായി ജോലി വാഗ്ദാനം ലഭിച്ചയാള്‍ അജ്മാനിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാതായപ്പോള്‍ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്ന സ്ഥാപനത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് നിലവില്‍ സ്ഥാപനത്തില്‍ ആരെയും ജോലിക്ക് എടുക്കുന്നില്ലെന്ന കാര്യം അറിയുന്നത്. 2,000 ദിര്‍ഹം സാലറിയും താമസവും ഭക്ഷണവുമാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ കാഷ്യര്‍ ജോലിക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍ രാജ്യത്ത് എവിടെയും സൂപ്പര്‍ മാര്‍ക്കറ്റ് കാഷ്യര്‍ ജോലിക്ക് ഇത്രയും ശമ്പളം നല്‍കുന്നില്ല.വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ കെണിയില്‍ വീണ് ആയിരക്കണക്കിന് പേരാണ് യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കഴിയുന്നത്. ചിലര്‍ക്ക് സന്നദ്ധ സംഘടനകള്‍ ജോലി ശരിയാക്കി നല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും നാട്ടില്‍ പോകാനാകാതെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.
ലക്ഷങ്ങള്‍ ബേങ്കില്‍ നിന്നും വായ്പ എടുത്തതിനാല്‍ ഇനി എങ്ങനെ നാട്ടിലേക്ക് പോകുമെന്നാണ് പലരും ചോദിക്കുന്നത്. തൊഴില്‍ തട്ടിപ്പ് നടത്തുന്നവര്‍ ചിലര്‍ക്ക് ഒരു മാസത്തെ വിസിറ്റിംഗ് വിസ നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് മൂന്ന് മാസത്തെ വിസയാണ് നല്‍കിയത്. 300 മുതല്‍ 600 ദിര്‍ഹം വരെയുള്ള വിസിറ്റിംഗ് വിസക്ക് പലരും നല്‍കിയത് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ്. വ്യാജ റിക്രൂട്ട്‌മെന്റിന്റെ പ്രധാന കേന്ദ്രം അജ്മാനാണ്. പുരുഷന്മാരെ കൂടാതെ സ്ത്രീകളും തൊഴില്‍ തട്ടിപ്പില്‍ വഞ്ചിതരായവരില്‍പ്പെടും. ലേബര്‍ ക്യാമ്പുകളില്‍ ഒരു മുറിയില്‍ 25 മുതല്‍ 30 വരെ ആളുകളെയാണ് താമസിപ്പിക്കുന്നത്. വിസിറ്റിംഗ് വിസക്ക് ചെലവായ തുക കഴിച്ചു ബാക്കി തുക ഏജന്റുമാരോട് വഞ്ചിതരായവരില്‍ ചിലര്‍ ചോദിച്ചുവെങ്കിലും ജോലി ഉറപ്പ് നല്‍കി കബളിപ്പിക്കല്‍ തുടരുകയാണ്. തൊഴില്‍ രഹിതരെ കണ്ടെത്തി മോഹന വാഗ്ദാനം നല്‍കി വശീകരിക്കാന്‍ വിപുലമായൊരും ശ്രേണിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ തൊഴില്‍ രഹിതരെ വിശ്വസിപ്പിക്കാന്‍ യു എ ഇ യില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളുടെ ലെറ്റര്‍ ഹെഡ് ഉപയോഗിച്ചാണ് ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്.