Connect with us

articles

സുപ്രധാന കേസുകളില്‍ ഇനിയാര് തീര്‍പ്പുകല്‍പ്പിക്കും

ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളും മറ്റും അര്‍ഥപൂര്‍ണമാകുന്നതില്‍ രാജ്യത്തെ പരമോന്നത കോടതിക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. അവകാശങ്ങളുടെ കേവല പ്രഖ്യാപനങ്ങള്‍ കൊണ്ടായില്ല, അത് ഉറപ്പാക്കാന്‍ ഫലപ്രദമായ സംവിധാനം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണാര്‍ഥത്തില്‍ പുലരുന്നത്.

Published

|

Last Updated

ജനാധിപത്യത്തിന്റെ കാവല്‍ ഭടനായാണ് സുപ്രീം കോടതിയെ കണക്കാക്കപ്പെടുന്നത്. ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളും മറ്റും അര്‍ഥപൂര്‍ണമാകുന്നതില്‍ രാജ്യത്തെ പരമോന്നത കോടതിക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. അവകാശങ്ങളുടെ കേവല പ്രഖ്യാപനങ്ങള്‍ കൊണ്ടായില്ല, അത് ഉറപ്പാക്കാന്‍ ഫലപ്രദമായ സംവിധാനം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണാര്‍ഥത്തില്‍ പുലരുന്നത്. നിയമനിര്‍മാണം നടത്തുന്ന ലെജിസ്ലേച്ചറിനെയും അവയെ പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടുവരേണ്ട എക്‌സിക്യൂട്ടീവിനെയും ശരിയായ മാര്‍ഗത്തിലൂടെ വഴിനടത്താനും നിയന്ത്രിക്കാനും അധികാരമുള്ള സ്ഥാപനമെന്ന നിലയില്‍ ചലനാത്മകമായ സുപ്രീം കോടതി ജനായത്ത സംവിധാനത്തില്‍ വളരെ പ്രധാനമാണ്.

സുപ്രീം കോടതിയെ ക്രിയാത്മകമായി ഇടപെടുന്ന ഒരു സ്ഥാപനമാക്കി നിലനിര്‍ത്തുന്നതില്‍ അതിന്റെ നെടുനായകത്വം വഹിക്കുന്ന ആളെന്ന നിലയില്‍ ചീഫ് ജസ്റ്റിസിന് നിര്‍ണായക സ്ഥാനമാണുള്ളത്. ഇക്കഴിഞ്ഞ ദിവസമാണ് നാല്‍പത്തിയെട്ടാമത് ചീഫ് ജസ്റ്റിസ് ആയിരുന്ന എന്‍ വി രമണ സുപ്രീം കോടതിയില്‍ നിന്ന് പടിയിറങ്ങിയത്. അദ്ദേഹത്തിന്റെ ഒന്നര വര്‍ഷക്കാലത്തെ മുഖ്യ ന്യായാധിപക്കാലം ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരേസമയം പ്രതീക്ഷയും ആകുലതകളും നല്‍കുന്നതായിരുന്നു.

തന്റെ മുമ്പ് മുഖ്യ ന്യായാധിപ സ്ഥാനം വഹിച്ചിരുന്നവരുടെ അനാസ്ഥ കൊണ്ട് സുപ്രീം കോടതിയുടെ വിശ്വാസ്യത വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ട, ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജനാധിപത്യ സമൂഹത്തിന്റെയാകെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിയാതെ പോയ, തീര്‍ത്തും പ്രതികൂല സാഹചര്യത്തിലാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് നിയുക്തനാകുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനേറ്റ പുഴുക്കുത്തുകള്‍ പൂര്‍ണമായും നീക്കാനായില്ലെങ്കിലും സമൂഹ മധ്യത്തില്‍ നഷ്ടമായ ജുഡീഷ്യറിയുടെ വിശ്വാസ്യത ഒരളവോളം പുനഃസ്ഥാപിക്കാന്‍ അദ്ദേഹത്തിന് പതിനാറ് മാസക്കാലത്തെ തന്റെ ചീഫ് ജസ്റ്റിസ് പദവിക്കാലത്ത് സാധിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണ വാഴ്ചക്ക് ജുഡീഷ്യറിയും കീഴ്‌പ്പെട്ടുവെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍ വേരുറച്ച കാലത്ത് തന്നെ ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വസിക്കാന്‍ വകയുള്ള ഒട്ടനവധി വിധികളും പരാമര്‍ശങ്ങളും ഇക്കാലയളവില്‍ സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. രാജ്യസുരക്ഷയെന്ന ഉമ്മാക്കി കാണിച്ച് പെഗാസസ് കേസില്‍ നിന്ന് വഴുതിപ്പോകാന്‍ ശ്രമിച്ച കേന്ദ്ര സര്‍ക്കാറിനെ, രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനാകില്ലെന്ന് ഓര്‍മപ്പെടുത്തുകയുണ്ടായി.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത നിഷ്‌കളങ്കരായ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരായ അന്വേഷണം ഫലപ്രദമായി മുന്നോട്ടുപോയത് ചീഫ് ജസ്റ്റിസ് അംഗമായ ബഞ്ചിന്റെ സജീവമായ ഇടപെടല്‍ മൂലമാണ്. ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസര്‍ രാജിന് തടയിട്ടതും ഇക്കാലയളവില്‍ നാം സാക്ഷ്യംവഹിച്ച സുപ്രീം കോടതിയുടെ മികച്ച ഇടപെടലുകളിലൊന്നായിരുന്നു. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്ന 152 വര്‍ഷം പഴക്കമുള്ള രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചതും ഇക്കാലയളവിലാണ്. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന്റെ തലേദിവസം അദ്ദേഹം നടത്തിയ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണ്.

ആശ്വസിക്കാവുന്ന ചില മുന്നേറ്റങ്ങളുണ്ടെങ്കിലും ജസ്റ്റിസ് രമണയുടെ ജുഡീഷ്യല്‍ സംഭാവനകള്‍ പൊതുവില്‍ നിരാശാജനകമായിരുന്നുവെന്ന് പറയാതെ വയ്യ. 2021 ഏപ്രില്‍ മാസത്തില്‍ അദ്ദേഹം ചീഫ് ജസ്റ്റിസായി നിയമിതനാകുമ്പോള്‍ കോടതിയുടെ മുന്നിലുണ്ടായിരുന്ന ഒരു ഡസനോളം വരുന്ന ഭരണഘടനാ പ്രാധാന്യമുള്ള കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനായി ലിസ്റ്റ് ചെയ്യാന്‍ പോലും അദ്ദേഹം തയ്യാറായില്ല. തന്റെ തൊട്ടുമുമ്പ് ചീഫ് ജസ്റ്റിസായിരുന്ന ബോബ്‌ഡെയെ പോലെ അദ്ദേഹവും ഭരണഘടനാപരമായ ഒരു നിര്‍ണായക വിധിയും നടത്തിയിട്ടില്ല.

മുഖ്യ ന്യായാധിപനായിരിക്കെ ഒരു ഭരണഘടനാ ബഞ്ച് പോലും അദ്ദേഹം രൂപവത്കരിച്ചില്ലെന്നതും ഗൗരവതരമായ വീഴ്ചയാണ്. ഫലത്തില്‍ രാജ്യത്തെ പൗരന്മാരുടെ ജീവിതത്തെ പലതരത്തില്‍ നേരിട്ട് ബാധിക്കുന്ന സുപ്രധാനമായ കേസുകള്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കെട്ടിക്കിടക്കുന്നു.
പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിനെ ദോഷകരമായി ബാധിക്കുന്ന പല കേസുകളില്‍ നിന്നും സുപ്രീം കോടതി മനപ്പൂര്‍വം ഒഴിഞ്ഞുമാറുന്ന സമീപനം ഇക്കാലത്തും വലിയ രീതിയില്‍ ദൃശ്യമായിട്ടുണ്ട്. കോടതിയുടെ ഇത്തരം ഒഴിഞ്ഞുമാറലിനെ ജുഡീഷ്യല്‍ ഇവേഷന്‍ എന്നാണ് പറയുന്നത്. ജുഡീഷ്യല്‍ ഇവേഷനെ ലളിതമായി ഇങ്ങനെ മനസ്സിലാക്കാം – ഒരു കേസ് തീര്‍പ്പുകല്‍പ്പിക്കാതിരിക്കുന്നതിലൂടെയും തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലവിളംബം വരുത്തുന്നതിലൂടെയും നിലവിലുള്ള രീതി തുടരാന്‍ അനുവദിക്കുന്നു. ഇത് ഫലത്തില്‍ ഒരു കക്ഷിക്ക് (മിക്കപ്പോഴും ശക്തനായ കക്ഷി – ഭരണകൂടം) അനുകൂലമായി വിധി പ്രസ്താവിച്ചതിന് തുല്യമായിത്തീരുന്നു.

പൗരത്വ ഭേദഗതി നിയമം, ആര്‍ട്ടിക്കിള്‍ 370, ഇലക്ടറല്‍ ബോണ്ട്, ഹിജാബ് നിരോധനം, ആധാര്‍ ഭേദഗതികള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടങ്ങിയ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള, സുപ്രധാനമായ ഭരണഘടനാ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ട നിരവധി കേസുകളാണ് സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നത്. വളരെ വേഗത്തില്‍ തീര്‍പ്പ് ആവശ്യമായിരുന്ന ഈ കേസുകളെ അവഗണിച്ചത് നിഷ്‌കളങ്കമാണെന്ന് കരുതാനാകില്ല. അതേസമയം ഈ കേസുകളെ അപേക്ഷിച്ച് അത്രമേല്‍ പ്രാധാന്യമില്ലാത്ത കേസുകള്‍ക്കായി ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതിയില്‍ എത്തിയ ഹിജാബ് നിരോധന കേസില്‍ വലിയ അനവധാനതയാണ് എന്‍ വി രമണയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേസിന്റെ പ്രാധാന്യം പലകുറിയായി അഭിഭാഷകര്‍ അദ്ദേഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും അതിനെ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. ആഗസ്റ്റ് രണ്ടിന് നാലാം തവണയും ഓര്‍മപ്പെടുത്തിയപ്പോള്‍ പുതിയൊരു ബഞ്ച് പെട്ടെന്ന് തന്നെ രൂപവത്കരിക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് അതുണ്ടായില്ല. ഇതുതന്നെയാണ് മറ്റു പല കേസുകളിലും സംഭവിച്ചത്. സുപ്രധാനമായ കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ വന്ന ഗുരുതരമായ വീഴ്ച അദ്ദേഹം തന്നെ വിടവാങ്ങല്‍ ദിവസം തുറന്ന് സമ്മതിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുകയുണ്ടായി.

അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് ജുഡീഷ്യറിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ജുഡീഷ്യറിയിലെ ഒഴിവുകളെ സമയബന്ധിതമായി നികത്തുന്നതില്‍ അദ്ദേഹം ഏറെ ജാഗ്രത കാണിക്കുകയുണ്ടായി. സുപ്രീം കോടതി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗസംഖ്യയോടെ പ്രവര്‍ത്തിച്ചത് ഇക്കാലയളവിലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ മാത്രം ഒറ്റത്തവണ ഒമ്പത് പേരെയാണ് സുപ്രീം കോടതിയിലേക്ക് പുതുതായി നിയമിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് നിയമിക്കുന്നത്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്കായി 224 ജഡ്ജിമാരെയും നിയമിക്കുകയുണ്ടായി. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന, വിധി തീര്‍പ്പുകളിലെ കാലവിളംബത്താല്‍ നിരന്തരം ക്രൂശിക്കപ്പെടുന്ന ഇന്ത്യന്‍ ജുഡീഷ്യറിയെ സക്രിയാമാക്കാന്‍ ഇത് സഹായിക്കുമെന്നത് തീര്‍ച്ചയാണ്. അതേസമയം ഭരിക്കുന്ന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി നിരവധി വിധി പ്രസ്താവങ്ങള്‍ നടത്തിയ ജസ്റ്റിസ് അഖീല്‍ ഖുറേശിയെ തഴഞ്ഞത് ഈ നേട്ടങ്ങള്‍ക്കു മേല്‍ കരിനിഴലായി നില്‍ക്കുന്നുണ്ട്.