Connect with us

Articles

വാളേന്തിയ മുഹമ്മദ് നബിയെ ആർക്കാണ് കാണേണ്ടത്?

മുസ്ലിം വിരുദ്ധരുടെ ചർച്ചകളെല്ലാം ചെന്നെത്തുന്നത് ഒരേ ആശയങ്ങളിലേക്കാണ്‌. പ്രവാചകൻ മാനവികനായിരുന്നില്ല, കരുണയുടെ പ്രതിരൂപമല്ല, ക്രൂരമായ അസ്ഹിഷ്‌തയുടെ വക്താവായിരുന്നു.. എന്നിങ്ങനെ പോകുന്ന ഈ ചർച്ചകളെല്ലാം. കാലങ്ങളായി ഓറിയന്റലിസ്റ്റുകളും വർഗീയവാദികളും മുസ്ലിം വിരോധികളും ആവർത്തിച്ചു പറയുന്ന ഇത്തരം പ്രമേയങ്ങളെ പതിച്ചുകൊടുക്കുകയാണ് ചിലരെങ്കിലും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

Published

|

Last Updated

തിരുനബി (സ)യെ മാനവിക വിരുദ്ധനായി അവതരിപ്പിക്കുക എന്നത് മുസ്ലിം വിരോധികൾ കാലങ്ങളായി നടത്തുന്ന യജ്ഞയമാണ്. റോബർട്ട് സ്പെൻസറിന്റെ The Truth About Muhammad: Founder of the World’s Most Intolerant Religion എന്ന പുസ്തകം അവസാനിക്കുന്നത് തീവ്രവാദം, സ്ത്രീ വിരുദ്ധത തുടങ്ങി മനുഷ്യാവകാശ ധ്വംസനങ്ങളുടെ മുഴുവനും മൂർത്തി ഭാവമായി പ്രവാചകരെ അവതരിപ്പിച്ചു കൊണ്ടാണ്. മതപരമായ അസഹിഷ്ണുതയുടെ അപ്പോസ്തലനായും ഈ പുസ്തകത്തിൽ തിരുനബിയെ അടയാളപ്പെടുത്തുന്നുണ്ട്. നബി വിരുദ്ധ ഓറിയന്റലിസ്റ്റ് രചനകളുടെ ഭാവവും ശൈലിയും എകദേശം സ്പെൻസറുടേതിനു സമാനമാണ്.

മാനവിക വിരുദ്ധ പക്ഷത്ത് തിരുമേനിയെ പ്രതിഷ്ഠിച്ചു കല്ലെറിയുന്നതിന് ബദലായി നബി ജീവിതത്തിൻറെ യഥാർത്ഥ ചിത്രങ്ങളെ അവതരിപ്പിച്ച സീറകളും അവകളെ അവലംബിച്ച് എഴുതിയ ഗ്രന്ഥങ്ങളും ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. പകൽവെളിച്ചം പോലെ സത്യം ബോധ്യപ്പെട്ടിട്ടും മുഹമ്മദ് നബി മാനവികനല്ല എന്നു പറയാനായിരുന്നു മുസ്ലിം വിരോധികളുടെ താല്പര്യം.

മനുഷ്യപ്പറ്റില്ലാത്ത പ്രവാചകനെ ഓറിയന്റലിസ്റ്റുകൾ അവതരിച്ചതിന്റെ തനി പകർപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത് ആര്യ സമാജമാണ്. സമാജത്തിന്റെ സ്ഥാപകനായ മൂൽ തങ്കർ തിവാരി എന്ന ദയാനന്ദ സരസ്വതി എഴുതിയ സത്യാർത്ഥപ്രകാശം (1875) ചില വരികൾ ഈ സത്യം കൂടുതൽ ബോധ്യപ്പെടുത്തും.

“ഇതിൽ നിന്ന് ഒന്ന് വ്യക്തമാകുന്നുണ്ട്. തന്റെ കാര്യം നേടുന്നതിലും പരദ്രോഹം ചെയ്യുന്നതിലും മുഹമ്മദ് നിപുണനായിരുന്നു.” (സത്യാർത്ഥപ്രകാശം, പേജ് 400).

“ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കരുത്” എന്ന ഖുർആനിക വചനത്തെ പരിഹസിച്ചുകൊണ്ട് തിവാരി എഴുതി.

“നബിക്ക് ശക്തിക്ഷയം ഉണ്ടായപ്പോൾ ഈ ഉപായം കണ്ടെത്തിയതാകാം. ശക്തി വർദ്ധിച്ചപ്പോൾ ശണ്ഠ കൂടുകയും ചെയ്തിരിക്കാം.” (സത്യാർത്ഥപ്രകാശം, പേജ് 402) ഇങ്ങനെ തുടങ്ങി പതിനാലാം അധ്യായം ക്രൂരൻ,അമുസ്ലിങ്ങളുടെ തലയറുക്കുന്നവൻ എന്നു തുടങ്ങി രൂക്ഷമായ വിമർശനങ്ങൾ അഴിച്ചുവിടുന്നു.

സാക്ഷാൽ ആർഎസ്എസിന്റെ രൂപീകരണത്തിന് പ്രചോദനമായത് ആര്യസമാജമാണ് എന്നത് ചരിത്ര സത്യമാണ്.

The other side of the prophet എന്ന രചനയിലൂടെ തോംസൺ ഡേവിഡും പറഞ്ഞു വെക്കുന്നത് ഈ ആശയങ്ങളാണ്. പ്രവാചകനെ അസഹിഷ്ണതയുടെയും അന്യമത വിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും ‘ രക്തസാക്ഷിത്വത്തിന്റെയും’ ഉടയാളൻ ആക്കാനാണ് അയാൾ ഉദ്യമിക്കുന്നത്.

ആധുനിക രചനകളിൽ എങ്ങനെയാണ് മുഹമ്മദ് നബിയുടെ ജീവിതം വായിക്കപ്പെട്ടതെന്നും വളച്ചൊടിക്കപ്പെട്ടതെന്നും ബോസ്റ്റൺ യൂണിവേഴ്‌സിറ്റി പ്രഫസറായ കേഷ്യാ അലി കുറിച്ചിടുന്നുണ്ട്. കേഷ്യാ അലിയുടെ The Lives Of Muhammad അന്വേഷിക്കുന്നത് ഈ പശ്ചാത്തലത്തെയാണ്.

“വാളേന്തിയ പ്രവാചകൻ” മൂന്നു പതിറ്റാണ്ടുകൾക്ക് ഇപ്പുറവും യുക്തിവാദി സദസ്സുകളിലെ കേൾവിക്കാരുള്ള ഇനമാണ്. സോഷ്യൽ മീഡിയ വാളുകളിൽ പ്രത്യക്ഷപ്പെടുന്ന പ്രവാചകന്റെ വാൾ ഈ കൂട്ടരെ സന്തോഷിപ്പിക്കും എന്നുറപ്പാണ്.

ചുരുക്കത്തിൽ മുസ്ലിം വിരുദ്ധരുടെ ചർച്ചകളെല്ലാം ചെന്നെത്തുന്നത് ഒരേ ആശയങ്ങളിലേക്കാണ്‌. പ്രവാചകൻ മാനവികനായിരുന്നില്ല, കരുണയുടെ പ്രതിരൂപമല്ല, ക്രൂരമായ അസ്ഹിഷ്‌തയുടെ വക്താവായിരുന്നു.. എന്നിങ്ങനെ പോകുന്ന ഈ ചർച്ചകളെല്ലാം. കാലങ്ങളായി ഓറിയന്റലിസ്റ്റുകളും വർഗീയവാദികളും മുസ്ലിം വിരോധികളും ആവർത്തിച്ചു പറയുന്ന ഇത്തരം പ്രമേയങ്ങളെ പതിച്ചുകൊടുക്കുകയാണ് ചിലരെങ്കിലും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു വലിയ സമൂഹം പിൻപറ്റുന്ന നേതാവിനെ സംബന്ധിച്ച് വരുന്ന ചർച്ചകൾ, സാമൂഹിക അന്തരീക്ഷങ്ങളിൽ ഉണ്ടാക്കുന്ന പ്രതിഫലനവും ചില്ലറയായിരിക്കില്ല. പടിഞ്ഞാറിന് അറബ് രാഷ്ട്രങ്ങളോടുള്ള അടങ്ങാത്ത പകയുടെയും വിദ്വേഷത്തിന്റെയും പിന്നാമ്പുറത്ത്, തീർത്തും തെറ്റായി എഴുതപ്പെട്ട തിരുനബി ജീവിതത്തിന്റെ പങ്കു കൂടി കാരൻ ആംസ്ട്രോങ് നിരീക്ഷിക്കുന്നുണ്ട്. ചരിത്രാവതരണങ്ങൾ കൊണ്ട് ഒരു ജനതയെ നിതാന്ത ശത്രുക്കൾ ആക്കി മാറ്റിയതിന്റെ ചിത്രങ്ങളെ അതിൽ നിന്ന് വായിച്ചെടുക്കാനുണ്ട്.

കാർട്ടൂണുകളിൽ വരച്ചിട്ടത് അലിവുള്ള പ്രവാചകനെ ആയിരുന്നില്ല. ക്രൂരനായ,വിസ്ഫോടന ശേഷിയുള്ള ആശയങ്ങൾ തലയിൽ ഏറ്റിയ മുഹമ്മദ് നബിയെയാണ്. വിരോധികൾ എവിടെയും മനുഷ്യപ്പറ്റുള്ള ഒരു നബിയെ അവതരിപ്പിച്ചിട്ടില്ല. മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിച്ച ഒരു വ്യക്തിയേയാണ് എപ്പോഴും ഉയർത്തി പിടിച്ചത്. തിരു ദർശനങ്ങളുടെ കാലിക പ്രസക്തിയെ മൂടുപടങ്ങൾക്ക് പിന്നിലൊളിപ്പിച്ച് വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതം എന്നു വരുത്തി തീർക്കാനാണ് എപ്പോഴും ശ്രമിച്ചത്.

ഇനി ആലോചിച്ചു നോക്കൂ… ആരുടെ താത്പര്യമാണ് പ്രവാചകന്‍ വാളേന്തേണ്ടത്? വാളുമേന്തി നിൽക്കുന്ന പ്രവാചകൻ ആരെയാണ് സന്തോഷിപ്പിക്കുന്നത്?

Latest