Editorial
വനിതാ സംവരണ ബില്‍ പൊടിതട്ടിയെടുക്കുമ്പോള്‍
ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രയോഗത്തില്‍ വരാതിരിക്കാനുള്ള വ്യവസ്ഥകള്‍ അതില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് ലക്ഷ്യമാക്കി മാത്രമാണ് ബില്‍ ഇപ്പോള്‍ പൊടിതട്ടിയെടുത്തത്.

ദശാബ്ദങ്ങളായി ശീതീകരണിയിലായിരുന്ന വനിതാ സംവരണ ബില്‍ ചില മാറ്റങ്ങളോടെ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഈ ബില്ലിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1996 സെപ്തംബര്‍ 12ന് ദേവെഗൗഡ സര്‍ക്കാറാണ് വനിതാ സംവരണ ബില്‍ കൊണ്ടുവന്നത്. അന്ന് സഭയില്‍ പരാജയപ്പെട്ട ബില്‍ 2008ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ചില ഭേദഗതികളോടെ വീണ്ടും അവതരിപ്പിക്കുകയും 2010ല്‍ രാജ്യസഭയില്‍ പാസ്സാക്കുകയും ചെയ്തു. പിന്നീട് പതിമൂന്ന് വര്‍ഷം കടന്നു പോയിട്ടും ബില്‍ ലോക്‌സഭയില്‍ വന്നില്ല.
രാജ്യം വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചെങ്കിലും ജനസംഖ്യയില്‍ പകുതി വരുന്ന സ്ത്രീകളുടെ സാന്നിധ്യം രാഷ്ട്രീയത്തില്‍ വളരെ കുറവാണെന്ന പരാതി കാലങ്ങളായുള്ളതാണ്. നിലവില്‍ ലോക്‌സഭാ അംഗങ്ങളില്‍ 15 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം. 2022 ഡിസംബറിലെ കണക്കനുസരിച്ച് ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, ഒഡിഷ, സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെയും ബിഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പത്ത് മുതല്‍ 12 ശതമാനവുമാണ് സ്ത്രീ പ്രാതിനിധ്യം.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുമെന്നല്ലാതെ നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനോട്, പുരുഷാധിപത്യം നിലനില്‍ക്കുന്ന രാജ്യത്തെ ഒരു പാര്‍ട്ടി നേതൃത്വവും മാനസികമായി അനുകൂലമല്ലെന്നതാണ് വസ്തുത. അധികാര സ്ഥാനങ്ങളില്‍ പുരുഷന്മാരുടെ പ്രാതിനിധ്യം ഗണ്യമായി കുറക്കാനിടയാക്കുന്ന ഈ നടപടിക്ക്, ആദര്‍ശ രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിനു വഴിമാറിയ നിലവിലെ സാഹചര്യത്തില്‍ ആരാണ് താത്പര്യപ്പെടുക. വനി
താ സംവരണ ബില്‍ ഇത്രയും കാലം ശീതീകരണിയില്‍ കിടന്നതും ഇതുകൊണ്ട് തന്നെ.
നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുമെന്ന അവകാശവാദത്തോടെ ഇപ്പോള്‍ മോദി സര്‍ക്കാര്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രയോഗത്തില്‍ വരാതിരിക്കാനുള്ള വ്യവസ്ഥകള്‍ അതില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസ്സാക്കി അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ തന്നെ 33 ശതമാനം സ്ത്രീകള്‍ക്ക് നല്‍കുന്നതിന് നിയമപരമോ സാങ്കേതികമോ ആയ തടസ്സങ്ങളേതുമില്ല. പിന്നെയെന്തിനാണ് ഇങ്ങനെയൊരു വ്യവസ്ഥ വെച്ചത്? അധികാര മോഹികളായ ആണ്‍ രാഷ്ട്രീയക്കാരുടെ താത്പര്യങ്ങളെ ബാധിക്കുമെന്നത് കൊണ്ട് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് ലക്ഷ്യമാക്കി മാത്രമാണ് ബില്‍ ഇപ്പോള്‍ പൊടിതട്ടിയെടുത്തത്.
സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്നു പറയുന്ന പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സംവരണ ബില്ലിന്റെ ആവശ്യം തന്നെയില്ല. അതില്ലാതെ തന്നെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നീക്കിവെക്കാവുന്നതേയുള്ളൂ. എന്നാല്‍ ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രം (1952-2019) പരിശോധിച്ചാല്‍ ജനസംഖ്യയുടെ ഏകദേശം അമ്പത് ശതമാനത്തോളം വരുന്ന സ്ത്രീകള്‍ക്ക് ലോക്‌സഭയില്‍ ലഭിച്ച പ്രാതിനിധ്യം പന്ത്രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ്. വിദ്യാഭ്യാസപരമായി മികച്ചു നില്‍ക്കുന്ന കേരളത്തില്‍ നിന്ന് കഴിഞ്ഞ ഏഴ് ദശകങ്ങള്‍ക്കിടയില്‍ ഒമ്പത് വനിതാ എം പിമാര്‍ മാത്രമാണ് പാര്‍ലിമെന്റിലെത്തിയത്. അവര്‍ക്ക് അനുവദിച്ച സീറ്റുകളുടെ എണ്ണക്കുറവ് തന്നെയാണ് പ്രധാന കാരണം. അനുവദിക്കുന്ന സീറ്റുകളില്‍ മിക്കതും ജയസാധ്യത കുറഞ്ഞതുമായിരിക്കും. പാര്‍ട്ടി കമ്മിറ്റികളിലെ പ്രധാന ഉത്തരവാദിത്വങ്ങള്‍ സ്ത്രീകള്‍ക്ക് കൈമാറുന്നതും ചുരുക്കമാണ്.
മാത്രമല്ല, രാഷ്ട്രീയാധികാരമുള്ള സ്ത്രീകള്‍ നയപരിപാടികള്‍ തീരുമാനിക്കപ്പെടുന്ന കമ്മിറ്റികളില്‍ അരികുവത്കരിക്കപ്പെടുകയും ചെയ്യുന്നു മിക്കപ്പോഴും. സ്ത്രീകള്‍ ഭരിക്കുന്ന പല പഞ്ചായത്തുകളിലും അവര്‍ നോക്കുകുത്തികളാണ്. പുരുഷന്മാരുടെ പിന്‍സീറ്റ് ഡ്രൈവിംഗാണ് അവിടങ്ങളില്‍ നടക്കുന്നത്. സംവരണ സീറ്റ് പിന്നീട് ജനറല്‍ സീറ്റ് ആകുമ്പോള്‍ സ്ത്രീകള്‍ക്കത് നഷ്ടപ്പെടുകയും ചെയ്യുന്നു. സി പി എം ദേശീയ നേതാവ് ബൃന്ദാ കാരാട്ട് ഉള്‍പ്പെടെ പല രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട് രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന. നിയമ നിര്‍മാണ സഭകളിലെത്തുന്നവര്‍ മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരും കുടുംബപരമായി രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുള്ളവരുമാണ്. സാധാരണക്കാരില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ നന്നേ കുറവാണ്.
അതേസമയം സ്ത്രീകള്‍ പൊതുവെ രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍, രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന അക്രമോത്സുകത, സ്വഭാവഹത്യക്കുള്ള സാധ്യത തുടങ്ങിയവയാണ് ഇതിനു കാരണങ്ങളായി സൂചിപ്പിക്കപ്പെടുന്നത്. രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യം സ്ത്രീകളുടെ കുടുംബ ജീവിതത്തിലെ ഉത്തരവാദിത്വങ്ങളെ ബാധിക്കുന്നു. ഇതായിരിക്കാം ഒരു തവണ അധികാര പങ്കാളിത്തം കഴിഞ്ഞ പല സ്ത്രീകളും രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ കാരണം. കുടുംബം, കുട്ടികള്‍ തുടങ്ങി വൈകാരിക, സ്വകാര്യ ഇടങ്ങളാണ് സ്ത്രീകള്‍ക്ക് ഉത്തമമെന്ന് വിശ്വസിക്കുന്നവരാണ് സ്ത്രീസമൂഹത്തില്‍ ഭൂരിഭാഗവും. സമീപ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ കടന്നു വന്നത് വനിതാ സംവരണം സൃഷ്ടിച്ച നിര്‍ബന്ധിതാവസ്ഥയിലാണ്. മാത്രമല്ല, ഉന്നത അധികാര പദവികള്‍ കൈയാളിയ വനിതകള്‍ ആ രംഗത്ത് വിജയിച്ച ചരിത്രവും കുറവാണ്.