editorial
ലോകാരോഗ്യ സംഘടനയില്‍ നിന്ന് യു എസ് പിന്മാറുമ്പോള്‍
അമേരിക്ക പിന്മാറ്റ തീരുമാനം പുനഃപരിശോധിക്കുന്നില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മറ്റു അംഗ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹായവും സഹകരണവും അനിവാര്യമാണ്. വിശിഷ്യാ വികസിത രാജ്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.
അവിവേകവും അന്താരാഷ്ട്ര മര്യാദകള്‍ക്ക് നിരക്കാത്തതുമാണ് ആഗോള ആരോഗ്യ രംഗത്തെ പരമോന്നത സമിതിയായ ലോകാരോഗ്യ സംഘടന(ഡബ്ല്യു എച്ച് ഒ)യില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം. ലോകം കടുത്ത ആരോഗ്യ പ്രതിസന്ധികളിലൂടെ കടന്നു പോകവെ, ഒട്ടും ന്യായീകരണമില്ലാത്തതാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ഡബ്ല്യു എച്ച് ഒക്ക് വീഴ്ച സംഭവിച്ചുവെന്നും രോഗം പടരാനിടയാക്കിയ ചൈനയോട് മൃദുസമീപനം സ്വീകരിച്ചുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ഇത് ശരിയെങ്കില്‍ തന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വിവേകം.
അമേരിക്കയുള്‍പ്പെടെയുള്ള ആഗോള രാഷ്ട്രങ്ങള്‍ സ്ഥാപിച്ച ലോകാരോഗ്യ സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പിന്മാറ്റ നടപടിയിലേക്ക് നീങ്ങുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും സാങ്കേതിക മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യവുമാണ് അമേരിക്ക. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സും അമേരിക്കയാണ്. ഡബ്ല്യു എച്ച് ഒയുടെ ബജറ്റിന്റെ പതിനെട്ട് ശതമാനം അമേരിക്കയുടെ സംഭാവനയാണ്. മാത്രമല്ല 2024, 2025 വര്‍ഷത്തെ കുടിശ്ശിക 260 മില്യന്‍ ഡോളര്‍ നല്‍കാതെയാണ് അമേരിക്കയുടെ പിന്മാറ്റം. ഈ സാമ്പത്തിക സ്രോതസ്സ് അടയുന്നത് സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. അംഗരാജ്യങ്ങള്‍ നല്‍കുന്ന തുക ഉപയോഗിച്ചാണ് ഡബ്ല്യു എച്ച് ഒ വാക്‌സീനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
എച്ച് ഐ വി, മലേറിയ, ക്ഷയരോഗം, പോളിയോ തുടങ്ങിയവക്കെതിരായ പോരാട്ടത്തില്‍ അമേരിക്കന്‍ ഫണ്ട് നിര്‍ണായകമാണ്. ആഗോള പോളിയോ നിര്‍മാര്‍ജന പദ്ധതി ഫണ്ടിന്റെ പകുതിയോളം അമേരിക്കയില്‍ നിന്നാണ് ലഭിച്ചിരുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന ഘട്ടങ്ങളില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഡാറ്റാ കൈമാറ്റം പ്രധാനമാണ്. സാങ്കേതിക മികവുള്ള അമേരിക്കയെ പോലുള്ള രാജ്യം വിട്ടുനില്‍ക്കുന്നത് പുതിയ വൈറസുകളെക്കുറിച്ച് യഥാസമയം വിവരം ലഭിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന മഹാമാരികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മരുന്നുകളും വാക്‌സീനുകളും വികസിപ്പിക്കുന്ന ഗവേഷണ പദ്ധതികള്‍ക്കും ഫണ്ടിന്റെ കുറവ് തിരിച്ചടിയാകും.
മാത്രമല്ല സംഘടനയില്‍ നിന്ന് പിന്മാറുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദയും കാണിച്ചില്ല ട്രംപ് ഭരണകൂടം. നിയമപ്രകാരം സംഘടന വിടുന്നതിന് ഒരു വര്‍ഷം മുമ്പ് നോട്ടീസ് നല്‍കുകയും കുടിശ്ശിക മുഴുവന്‍ അടച്ചു തീര്‍ക്കുകയും വേണം.
2020ല്‍ തന്റെ ആദ്യ ഭരണകാലത്ത് തന്നെ ഡബ്ല്യു എച്ച് ഒയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു ട്രംപ്. പിന്നീട് അധികാരത്തില്‍ വന്ന ബൈഡന്‍ ഈ നയത്തില്‍ നിന്ന് പിന്മാറുകയും ഡബ്ല്യു എച്ച് ഒയില്‍ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രംപ് രണ്ടാമതും അധികാരമേറ്റ ആദ്യദിവസം വീണ്ടും പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് പിന്മാറ്റം പൂര്‍ണമായത്. ട്രംപിനെ പിന്തിരിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രീയേസസ് ഉള്‍പ്പെടെ ആരോഗ്യരംഗത്തെ വിദഗ്ധര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ലോകാരോഗ്യ സംഘടനയില്‍ പാളിച്ചകളും പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുമുണ്ടെങ്കില്‍ അകത്ത് നിന്ന് അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും പരിഹാരവും പരിഷ്‌കരണവും ആവശ്യപ്പെടുകയും ചെയ്യുന്നതിനു പകരം പുറത്തു പോകുന്നത് ജനാധിപത്യ ഭരണകൂടത്തിന് നിരക്കുന്നതല്ല. മനുഷ്യജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധമുള്ള ഒരു രാജ്യം സ്വീകരിക്കേണ്ട നിലപാടല്ല ഇത്. ലോകാരോഗ്യ സംഘടന കുറ്റമറ്റ, മികച്ച പ്രസ്ഥാനമല്ലായിരിക്കാം. എന്നാല്‍ അതിനു പകരം മറ്റൊരു പ്രസ്ഥാനമില്ല. രാഷ്ട്രീയ പ്രശ്‌നങ്ങളെ ചൊല്ലി നിലവിലുള്ള ഈ പ്രസ്ഥാനത്തെ കൂടി ക്ഷയിപ്പിച്ചാല്‍ ഭാവിയില്‍ ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കും. അവിചാരിതമായി ഒരു പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ അത് ഉത്ഭവ സ്ഥാനത്തോ പ്രസ്തുത രാജ്യത്തോ ഒതുങ്ങി നില്‍ക്കില്ല. ഇന്ന് ലോകത്തിന്റെ ഒരു മൂലയിൽ കണ്ടെത്തിയ വൈറസ് നാളെ എല്ലാ വൻകരയിലേക്കും പടര്‍ന്നേക്കാം.
അനുഭവങ്ങള്‍ ധാരാളം മുമ്പിലുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവരം പങ്കിടാനും പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഡബ്ല്യു എച്ച് ഒ പോലുള്ള ഒരു കേന്ദ്രം ആവശ്യമാണ്. ഒത്തൊരുമിച്ചു നിന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള വിവേകപൂര്‍ണമായ നടപടികളാണ് അമേരിക്ക ഉള്‍പ്പെടെ എല്ലാ അംഗരാജ്യങ്ങളും സ്വീകരിക്കേണ്ടത്. രാഷ്ട്രീയ ആയുധമാക്കാവുന്നതല്ല ആഗോള ആരോഗ്യം.
അമേരിക്ക പിന്മാറ്റ തീരുമാനം പുനഃപരിശോധിക്കുന്നില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മറ്റു അംഗ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹായവും സഹകരണവും അനിവാര്യമാണ്. വിശിഷ്യാ വികസിത രാജ്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഫണ്ടിംഗിന് ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളെയും കോര്‍പറേറ്റുകളുടെ സാമൂഹിക സേവന ഫണ്ടുകളെയും ആശ്രയിക്കാവുന്നതുമാണ്.
മാനേജ്‌മെന്റ് ടീമിലും ജീവനക്കാരുടെ എണ്ണത്തിലും വെട്ടിക്കുറവ് വരുത്തി പ്രവര്‍ത്തന ചെലവ് കുറക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. നാലിലൊന്ന് ജീവനക്കാരെ പിരിച്ചു വിടാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. അമേരിക്കയുടെ പിന്മാറ്റം സംഘടനയെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനും ഒരു രാജ്യത്തെ പ്രത്യേകമായി ആശ്രയിക്കുന്ന വിധേയത്വ നിലപാട് ഒഴിവാക്കാനും ഇടയാക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നവരുമുണ്ട്.


