Connect with us

Articles

സമാധാനത്തിന്റെ വാതിലടയുമ്പോൾ

പത്ത് മാസം പിന്നിടുന്ന ഗസ്സയിലെ വംശഹത്യാ ആക്രമണത്തിന് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട വെടിനിർത്തൽ ചർച്ചകൾ സമ്പൂർണമായി നിലക്കുമെന്നതാണ് ഹനിയ്യ വധത്തിന്റെ ആദ്യ ആഘാതം. ആ ചർച്ച മുന്നേറിയിരുന്നത് ഹനിയ്യയിലൂടെയാണ്. ചർച്ച നയിച്ചയാളെ കൊന്നുകളഞ്ഞാൽ പിന്നെ ചർച്ച വേണ്ടല്ലോ. പുതിയ സാഹചര്യത്തിൽ ഹമാസിന് കൂടിയാലോചനയുടെ തണുപ്പിലിരിക്കാനാകില്ല. മാധ്യസ്ഥ്യം വഹിച്ച ഈജിപ്തിനും ഖത്വറിനും ഇതേ പ്രതിസന്ധിയുണ്ടാകും.

Published

|

Last Updated

ഹമാസിന്റെ നേതൃനിരയിലുള്ളവരെ കൊന്നുതള്ളുന്ന ഇസ്‌റാഈൽ ഉൻമൂലന രാഷ്ട്രീയം ഒരിക്കൽ കൂടി ഉഗ്രരൂപം പൂണ്ടിരിക്കുന്നു. ദീർഘകാലത്തെ തയ്യാറെടുപ്പുകൾക്കും ഗൂഢാലോചനകൾക്കും അമേരിക്ക നൽകിയ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ട്രേസിംഗിനുമൊടുവിൽ തെഹ്‌റാനിൽ വെച്ച് തന്നെ ഇസ്മാഈൽ ഹനിയ്യയെ കൊല്ലാൻ ജൂതരാഷ്ട്രത്തിന് സാധിച്ചു. ലോകത്താകമാനമുള്ള ഫലസ്തീൻ, മുസ്‌ലിംവിരുദ്ധർക്ക് അതുണ്ടാക്കിയ ആഹ്ലാദം നുരഞ്ഞു പൊങ്ങുകയാണ്. ഹനിയ്യയുടെ രാഷ്ട്രീയത്തിന് നേർ ഏതിർദിശയിൽ നിൽക്കുന്നവർക്ക് പോലും, അവർ ഫലസ്തീൻ സ്വാതന്ത്ര്യ ദാഹത്തിനൊപ്പമാണെങ്കിൽ, തൊണ്ടയിൽ അടക്കാൻ പാടുപെടുന്ന ഗദ്ഗദത്തോടെ മാത്രമേ ആ അരുംകൊലയുടെ വാർത്ത വായിക്കാനാകൂ. ചതി പ്രയോഗങ്ങളുടെ കണിശതയോർത്ത് മനുഷ്യസ്‌നേഹികൾ ഞെട്ടും. അക്രമിക്ക് ഏത് കോണിൽ നിന്നും ഗൂഢ സഹായം ലഭിച്ചേക്കാമെന്ന യാഥാർഥ്യത്തിന് മുന്നിൽ അവർ അന്ധാളിച്ച് നിൽക്കും.
അധിനിവേശ ശക്തികൾക്ക് അവരുടെ പദ്ധതികൾ നടപ്പാക്കുന്നതിന് അതിർത്തിയോ അന്താരാഷ്ട്ര മര്യാദകളോ സുരക്ഷാ സംവിധാനങ്ങളോ ഒന്നും തടസ്സമല്ലെന്ന സത്യം ലോകത്തെ ഏതിടവും അരക്ഷിതമാണെന്ന ഉൾക്കിടിലമുണ്ടാക്കുന്നുണ്ട്. ഹമാസിന്റെ മുതിർന്ന നേതാവും രാഷ്ട്രീയകാര്യ മേധാവിയും ഫലസ്തീൻ മുൻ പ്രധാനമന്ത്രിയുമായ ഹനിയ്യ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. പരമോന്നത നേതാവ് അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്. അദ്ദേഹത്തിന് വലിയ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നു. ചുറ്റും വിശ്വസ്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അക്രമി രാഷ്ട്രത്തിന്റെ ചാരൻമാർക്ക് എല്ലാ വിവരങ്ങളും, ഹനിയ്യ താമസിക്കുന്ന മുറിയടക്കം ലഭിച്ചുവെന്നതിന്റെ അർഥമെന്താണ്? ഇറാനെപ്പോലെ ഒരു രാജ്യത്തിന്റെ വ്യോമസുരക്ഷാ സംവിധാനങ്ങൾ ഇത്ര ദുർബലമാണോ? അതോ ആ രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളെയാകെ വെല്ലുവിളിക്കുന്ന ചതിയൻമാർ അവരുടെ ഉന്നത കേന്ദ്രങ്ങളിൽ വരെയുണ്ടെന്നോ? ഗസ്സയുടെ അരക്ഷിതാവസ്ഥയിൽ നിന്ന് ദോഹയിലേക്ക് മാറിയ ഹനിയ്യയെ ഇറാനിൽ എത്തിക്കുന്നത് മുതൽ തുടങ്ങിയ ഗൂഢാലോചനയാണോ? ഒന്നിനുമില്ല ഉത്തരം. മക്കളെ കൊന്ന, കുടുംബത്തിലെ 60ഓളം പേരെ കൊന്ന ഇസ്‌റാഈൽ ഒടുവിൽ ഹനിയ്യയെയും കൊന്നിരിക്കുന്നു. തെളിവോ മൊഴികളോ ആവശ്യമില്ലാത്ത സത്യപ്രസ്താവനയാണത്. ഹനിയ്യ തന്നെ അത് പറഞ്ഞിട്ടുണ്ട്. ഏപ്രിലിൽ തന്റെ മൂന്ന് ആൺമക്കൾ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഈ പോരാട്ടത്തിൽ ഗസ്സയിലെ ഓരോ മനുഷ്യരും അവരുടെ ഉറ്റവരുടെ രക്തം നൽകിയിട്ടുണ്ട്. എനിക്കുമത് നൽകേണ്ടി വരും.
ഹനിയ്യയടക്കമുള്ള ഹമാസ് നേതാക്കൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം നീതിയുക്തമായ ഫലസ്തീൻ സാധ്യമാക്കാനുള്ള ഏകവഴിയാണെന്നോ നേർവഴിയാണെന്നോ ലോകവിശേഷത്തിന് അഭിപ്രായമില്ല. എന്നാൽ, ഹനിയ്യയുടെ ജീവിതം ഹമാസിന്റെ സഞ്ചാരപാതയിൽ ചില വെട്ടിത്തിരിയലുകൾ സൃഷ്ടിച്ചുവെന്ന വസ്തുത കാണാതിരുന്നു കൂടാ. ശാതി അഭയാർഥി ക്യാമ്പിലാണ് ഹനിയ്യ ജനിച്ചത്. 1948ലെ ഇസ്‌റാഈൽ രൂപവത്കരണ ഘട്ടത്തിൽ അഷ്‌കലോണിൽ നിന്ന് പലായനം ചെയ്‌തെത്തിയവരാണ് മാതാപിതാക്കൾ. ഗസ്സ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികാലം അദ്ദേഹത്തെ രാഷ്ട്രീയ പ്രവർത്തകനാക്കി മാറ്റി. ഹമാസിന്റെ പൂർവരൂപമെന്ന് വിശേഷിപ്പിക്കാവുന്ന വിദ്യാർഥി സംഘടനയിൽ സജീവ പ്രവർത്തകനായി. 1987ലെ ഒന്നാം ഇൻതിഫാദയിൽ ഹനിയ്യ മുൻനിരയിലുണ്ടായിരുന്നു. അതേ വർഷം ഹമാസ് പിറന്നപ്പോൾ സംഘടനയിൽ അണിചേർന്നു. 1989ൽ മൂന്ന് വർഷം ഇസ്‌റാഈൽ തടവറയിൽ കിടന്നു. 1992ൽ ജയിൽ മോചിതരായ അദ്ദേഹത്തെയും സംഘത്തെയും ലബനാനിലേക്ക് നാടുകടത്തി. മുതിർന്ന ഹമാസ് നേതാവ് അബ്ദുൽ അസീസ് റൻതീസി, മുഹമ്മദ് സഹർ തുടങ്ങിയവർ നാടുകടത്തിയ കൂട്ടത്തിലുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷം ഓസ്‌ലോ കരാർ നിലവിൽവന്നതോടെ ഹനിയ്യ ഗസ്സയിൽ മടങ്ങിയെത്തി. ഹമാസിന്റെ ആത്മീയ നേതാവും സ്ഥാപകനുമായ ശൈഖ് അഹ്മദ് യാസീന്റെ പേഴ്‌സനൽ അസ്സിസ്റ്റന്റായത് ഇതിന് പിറകേയാണ്.

ഒലിവില
ഹനിയ്യയെ വധിക്കാൻ ഇസ്‌റാഈൽ മുമ്പ് പലതവണ ശ്രമിച്ചിട്ടുണ്ട്. 2003 സെപ്തംബറിൽ ശൈഖ് യാസീനും ഹനിയ്യയും ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരു മാസത്തിന് ശേഷം യാസീനെ ഇസ്‌റാഈൽ സൈന്യം വധിച്ചു. സുബ്ഹി നിസ്‌കാരത്തിന് ശേഷം പള്ളിയിൽ നിന്ന് പുറത്തേക്ക് വന്ന അദ്ദേഹത്തെ വകവരുത്തുകയായിരുന്നു. തൊട്ടടുത്ത മാസം ഗസ്സയിൽ നടന്ന ഹെലികോപ്റ്റർ മിസൈൽ ആക്രമണത്തിൽ റൻതീസിയും കൊല്ലപ്പെട്ടു. 2006ലെ ഫലസ്തീൻ അതോറിറ്റി തിരഞ്ഞെടുപ്പിൽ ഹമാസ് മത്സരിക്കുന്നതിലും രാഷ്ട്രീയ കക്ഷിയായി രൂപാന്തരം പ്രാപിക്കുന്നതിലും ഹനിയ്യയുടെ ഇടപെടൽ നിർണായകമായി. വലിയ വിജയമാണ് അന്ന് ഹമാസ് നേടിയത്. ഇസ്മാഈൽ ഹനിയ്യ ഫലസ്തീൻ അതോറിറ്റി പ്രധാനമന്ത്രിയായി. അതോടെ അമേരിക്കയടക്കമുള്ളവരുടെ തനിസ്വഭാവം പുറത്ത് വന്നു. അന്ന് ഹിലാരി ക്ലിന്റന്റെ ഒരു സംഭാഷണ ശകലം പുറത്തുവന്നിരുന്നു. അന്ന് ന്യൂയോർക്ക് സെനറ്ററായിരുന്ന ഹിലാരിയുടെ വാക്കുകളിതായിരുന്നു: “നമ്മൾ ഫലസ്തീൻ തിരഞ്ഞെടുപ്പിനെ പിന്തുണക്കരുതായിരുന്നു. അത് വലിയ തെറ്റായിപ്പോയി. പിന്തുണക്കുന്നുണ്ടെങ്കിൽ ആര് ജയിക്കണമെന്ന് നിശ്ചയിച്ചുറപ്പിക്കണമായിരുന്നു’. ലോകത്താകെയുള്ള തിരഞ്ഞെടുപ്പുകളിൽ എങ്ങനെയാണ് യു എസ് ഇടപെടുന്നത് എന്ന് മാത്രമല്ല അത് വ്യക്തമാക്കിയത്. ഹമാസ് നേതാവിനെ ഭരിക്കാൻ അനുവദിക്കില്ല എന്നുകൂടിയായിരുന്നു. ഫലസ്തീനുള്ള സഹായം ഒന്നൊന്നായി റദ്ദാക്കാൻ തുടങ്ങി. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങി ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പിരിച്ചുവിടുന്നതിലാണ് വരിഞ്ഞൊതുക്കൽ നയം കലാശിച്ചത്. അതോടെ ഐക്യ സർക്കാർ തകരുകയും ഗസ്സയുടെ അധികാരം ഹമാസ് ഏറ്റെടുക്കുകയും ചെയ്തു. ഹനിയ്യയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ ശ്വാസം മുട്ടിക്കാൻ ഇസ്‌റാഈൽ ഗസ്സയെ അക്ഷരാർഥത്തിൽ വളയുന്നതാണ് പിന്നീട് കണ്ടത്. ഒരു വെടിക്ക് രണ്ട് പക്ഷികളെ ഇസ്‌റാഈൽ വീഴ്ത്തി. ഒന്ന് ഹമാസിനെ ഗസ്സയിലൊതുക്കി. രണ്ട്, ഹമാസ്- ഫതഹ് സംഘർഷം രൂക്ഷമാക്കി. വെസ്റ്റ് ബാങ്കിലെ അധിനിവേശം തുടർന്നു. ഗസ്സക്ക് കൂട്ടക്കുരുതി.

ഏറ്റവും ഒടുവിൽ ബീജിംഗിൽ ഒപ്പുവെച്ച ഫതഹ്- ഹമാസ് ഐക്യ കരാറിലും ഹനിയ്യയുടെ കൈയൊപ്പുണ്ടായിരുന്നു. മറ്റ് ഫലസ്തീൻ ഗ്രൂപ്പുകളുമായി അദ്ദേഹത്തിനുള്ള ഊഷ്മളമായ ബന്ധം ഹമാസിന് അനുരഞ്ജനത്തിന്റെ മുഖം കൂടി സമ്മാനിച്ചു. ഒരു കൈയിൽ തോക്കും മറുകൈയിൽ ഒലിവ് ചില്ലയുമെന്ന പഴയ അറഫാത്ത് വാക്യം ഹനിയ്യക്ക് ചാർത്തി നൽകുന്നത് അനുചിതമാകാമെങ്കിലും അദ്ദേഹത്തിന്റെ കീശയിൽ ഒരു കുഞ്ഞു ഒലിവിലയുണ്ടായിരുന്നുവെന്ന് പറയാം. ഹനിയ്യയുടെ ചരമക്കുറിപ്പിൽ റോയിട്ടേഴ്‌സ് ഇങ്ങനെ പറയുന്നുണ്ട്: കൂടുതൽ കർക്കശക്കാരായ അംഗങ്ങൾക്കിടയിലെ മിതവാദി നേതാവ്.

നെതന്യാഹുവിന്റെ ചിരി

പത്ത് മാസം പിന്നിടുന്ന ഗസ്സയിലെ വംശഹത്യാ ആക്രമണത്തിന് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട വെടിനിർത്തൽ ചർച്ചകൾ സമ്പൂർണമായി നിലക്കുമെന്നതാണ് ഹനിയ്യ വധത്തിന്റെ ആദ്യ ആഘാതം. ആ ചർച്ച മുന്നേറിയിരുന്നത് ഹനിയ്യയിലൂടെയാണ്. ചർച്ച നയിച്ചയാളെ കൊന്നുകളഞ്ഞാൽ പിന്നെ ചർച്ച വേണ്ടല്ലോ. പുതിയ സാഹചര്യത്തിൽ ഹമാസിന് കൂടിയാലോചനയുടെ തണുപ്പിലിരിക്കാനാകില്ല. മാധ്യസ്ഥ്യം വഹിച്ച ഈജിപ്തിനും ഖത്വറിനും ഇതേ പ്രതിസന്ധിയുണ്ടാകും. ഹനിയ്യ വധം ഇസ്‌റാഈൽ സൈന്യത്തെ ഉൻമാദികളാക്കും. ബെഞ്ചമിൻ നെതന്യാഹു ആഭ്യന്തര വിമർശങ്ങളിൽ നിന്ന് തത്കാലം രക്ഷപ്പെടും. അദ്ദേഹം കൂടുതൽ അഹങ്കാരിയും അപകടകാരിയുമാകും. ഗസ്സയിൽ കൂടുതൽ കുഞ്ഞുങ്ങളെ കൊന്നുതള്ളും.
യുദ്ധവ്യാപനത്തിന്റെ ആശങ്കയിലേക്ക് പശ്ചിമേഷ്യ ഒരിക്കൽ കൂടി എടുത്തെറിയപ്പെടുകയാണ്. ഹിസ്ബുല്ലയും ഹൂതികളും ലബനാനും ഇറാനും ചേർന്ന് നടത്തുന്ന നിഴൽ യുദ്ധങ്ങളെ വകഞ്ഞു മാറ്റി ഒരു തുറന്ന ബഹുരാഷ്ട്ര പോര് നെതന്യാഹു വല്ലാതെ കൊതിക്കുന്നുണ്ട്. ആ യുദ്ധത്തിന്റെ യഥാർഥ നടത്തിപ്പുകാർ അമേരിക്കയായിരിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. യുക്രൈന് കിട്ടുന്നതുപോലുള്ള പരിലാളന പാശ്ചാത്യ രാജ്യങ്ങൾ തന്നുകൊള്ളുമെന്നും അദ്ദേഹം സ്വപ്നം കാണുന്നു.

ഇറാന്റെ വിശിഷ്ട അതിഥിയാണ് തെഹ്‌റാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ആയത്തുല്ല ഖാംനഈയുടെ രോഷ പ്രകടനത്തിൽ പ്രതികരണം ഒതുക്കാനാകില്ല. എന്തെങ്കിലും ചെയ്‌തേ ഒക്കൂ. അത്തരമൊരു ചാട്ടമാണ് നെതന്യാഹു ആഗ്രഹിക്കുന്നത്. ഇറാൻ നേരിട്ടിറങ്ങണം. ആ കളിയിൽ പകിടയെറിയാൻ അറബ് രാജ്യങ്ങളെപ്പോലും കിട്ടുമെന്ന് സയണിസ്റ്റുകൾ കരുതുന്നു. ദുർബലമായ ഇറാനെന്ന പ്രതീതി സൃഷ്ടിക്കാൻ ഹനിയ്യ വധത്തിന് സാധിച്ചിട്ടുണ്ട്. ദമസ്‌കസിലെ ഇറാൻ എംബസി മിസൈലിട്ട് തകർത്തിട്ട് വല്ലതും സംഭവിച്ചോ? ഇബ്‌റാഹീം റഈസി മരിച്ച കോപ്റ്റർ അപകടം വെറും അപകടമായിരുന്നോ?

ഹനിയ്യയെ കൊന്നതിൽ ആവേശം കൊണ്ട് തീവ്ര സയണിസ്റ്റും നെതന്യാഹു മന്ത്രിസഭയിലെ അംഗവുമായ അമിഷായ് എലിയാഹു എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ വായിക്കാം: “ഈ അഴുക്കിൽ നിന്ന് ലോകത്തെ ശുദ്ധീകരിക്കാനുള്ള ശരിയായ വഴി ഇതാണ്. ഹനിയ്യയുടെ മരണം ലോകത്തെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കുന്നു. ഇനി സാങ്കൽപ്പിക സമാധാന കരാറുകൾ അഥവാ കീഴടങ്ങൽ കരാറുകൾ ഉണ്ടാകില്ല. കടുത്ത പ്രഹരം നൽകുന്ന ഇരുമ്പ് കൈകൾ സമാധാനവും അൽപ്പം ആശ്വാസവും നൽകുകയും ജീവിക്കാനുള്ള നമ്മുടെ കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്യും’. ഇത്തരക്കാർ ഭരിക്കുന്ന ഇസ്‌റാഈലിനെയാണ് “തിൻമയുടെ അച്ചുതണ്ടെ’ന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്