Connect with us

Siraj Article

കൊളീജിയത്തെ നിഷ്പ്രഭമാക്കുമ്പോൾ

കൊളീജിയം ശിപാർശകൾ യഥാസമയം അംഗീകരിക്കാതിരിക്കുന്നതിലൂടെ ന്യായാധിപരുടെ സീനിയോറിറ്റി അവകാശത്തെയാണ് ഭരണകൂടം ഹനിക്കുന്നത്. കഴിവും പരിചയ സമ്പത്തും മാത്രമല്ല നിശ്ചിത കാലയളവിൽ ചീഫ് ജസ്റ്റിസാകുമെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കൊളീജിയം ശിപാർശകൾ തയ്യാറാക്കുന്നത്. എന്നാൽ കൊളീജിയത്തെ പാടെ അവഗണിക്കുന്ന ഭരണകൂടം ജുഡീഷ്യറിയെയും ന്യായാധിപരെയും അവഹേളിക്കുകയാണ്

Published

|

Last Updated

രാജ്യത്തെ ഭരണഘടനാ കോടതികളിലെ ന്യായാധിപ നിയമനത്തിൽ രക്ഷാകർതൃ സ്ഥാനം സുപ്രീം കോടതി കൊളീജിയത്തിനാണ്. ജുഡീഷ്യൽ നിയമനങ്ങളിലെ അന്തിമ വിധി കർത്താവ് കൊളീജിയമാണ്. നിയമനങ്ങളിലെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുണ്ടായ ചുവടുവെപ്പാണ് കൊളീജിയം സംവിധാനം. എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകൾക്കപ്പുറം നീതിന്യായ സ്വാതന്ത്ര്യം വകവെച്ചു നൽകുന്നുണ്ട് സുപ്രീം കോടതി കൊളീജിയം സംവിധാനം.

ഭരണഘടനയുടെ രക്ഷാകർതൃ ഉത്തരവാദിത്വമുള്ള സുപ്രീം കോടതിയുടെ മേധാവിത്വം ഇന്ത്യയെപ്പോലുള്ള ജനാധിപത്യ വ്യവസ്ഥയിൽ നിർണായക സ്വാധീനമുണ്ടാക്കുന്നതാണ്. എക്‌സിക്യൂട്ടീവിന് ഭരണഘടനാപരമല്ലാത്ത ഹിഡൻ അജൻഡകളുണ്ടെങ്കിൽ ജുഡീഷ്യറിയെ ഏത് വിധേനയും കരവലയത്തിലാക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അത്തരം നീക്കങ്ങളാണ് 2014 മുതൽ കൊളീജിയം സംവിധാനത്തെ പ്രശ്‌നവത്കരിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ന്യായാധിപ നിയമനങ്ങൾക്കുള്ള കൊളീജിയം ശിപാർശകളെ പ്രതി കഴിഞ്ഞ വാരങ്ങളിൽ കേന്ദ്ര സർക്കാർ നിരന്തരം വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത് കാണാം. 2021 മെയ് മുതൽ ഹൈക്കോടതികളിലെ ന്യായാധിപ നിയമനത്തിന് 106 നാമനിർദേശങ്ങൾ കേന്ദ്ര സർക്കാറിന് അയച്ചെന്ന് ഈയിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ വെളിപ്പെടുത്തിയിരുന്നു. അതിൻ മേലാണ് ഒരേ കൊളീജിയം പ്രമേയത്തിലെ നാമനിർദേശങ്ങളിൽ വിവേചനപരമായ തിരഞ്ഞെടുപ്പ് നടത്തി തീർത്തും ഏകപക്ഷീയമായ വിജ്ഞാപനങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്.

ആഗസ്റ്റ് 21 മുതൽ ഒക്ടോബർ 14 വരെ ഏഴ് തവണ ഹൈക്കോടതി ന്യായാധിപ നിയമന വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ എല്ലാ തവണയും കൊളീജിയം സമർപ്പിച്ച ശിപാർശകളിൽ നിന്ന് തങ്ങൾക്ക് ഹിതകരമായ നാമനിർദേശങ്ങൾ മാത്രം അംഗീകരിക്കുകയായിരുന്നു. അങ്ങനെ മാറ്റിനിർത്തിയ നാമനിർദേശങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാനും ഭരണകൂടം തയ്യാറല്ല.

കേന്ദ്ര സർക്കാർ അംഗീകരിക്കാതെ കൊളീജിയത്തിന് പുനഃപരിശോധനക്ക് അയക്കുന്ന നാമനിർദേശങ്ങൾ കൊളീജിയം വീണ്ടും അയച്ചാൽ സർക്കാർ അംഗീകരിക്കണമെന്നാണ് ചട്ടം.
എന്നാൽ അവ്വിധം തിരിച്ചയച്ച കൊളീജിയം ശിപാർശകളിൽ പോലും തോന്നിയ പടി തിരഞ്ഞെടുപ്പാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പ്രധാന കക്ഷിക്ക് എതിരായി വിധി പ്രസ്താവം നടത്തുകയോ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ വിപരീത ദിശയിൽ സഞ്ചരിക്കുകയോ ചെയ്യുന്ന ന്യായാധിപരെയാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ വേട്ടയാടുന്നതെന്ന് പലതവണ തെളിഞ്ഞതാണ്. അതിന് ശരിയായ ഉദാഹരണമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച പ്രതിലോമകരമായ സമീപനം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഭരണ കക്ഷിക്കെതിരെ പുറപ്പെടുവിച്ച വിധിയുടെ പേരിലായിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്റെ നാമനിർദേശത്തിൽ നീതിന്യായ സംവിധാനത്തെയാകെ നിസ്സാരപ്പെടുത്തുന്ന വിധത്തിലുള്ള ഒളിച്ചോട്ടം കേന്ദ്ര സർക്കാർ നടത്തിയത്. പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു പിന്നീട്. മൂന്ന് ജുഡീഷ്യൽ ഓഫീസർമാരെ അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താനുള്ള ശിപാർശ കേന്ദ്ര സർക്കാർ മടക്കി അയച്ചപ്പോൾ ആഗസ്റ്റ് 24ന് കൊളീജിയം അത് കേന്ദ്ര സർക്കാറിന് തിരിച്ചയച്ചതിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 14ന് മൂന്നിൽ ഒരാളുടെ നാമനിർദേശം മാത്രം അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കപ്പുറം ഒരു ജനാധിപത്യ മൂല്യവും പരിഗണിക്കപ്പെടേണ്ടതല്ലെന്ന ധാർഷ്ട്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഗോപാൽ സുബ്രഹ്്മണ്യത്തെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപനായി ഉയർത്തികൊണ്ടുള്ള കൊളീജിയം ശിപാർശ 2014ൽ കേന്ദ്ര സർക്കാർ അവഗണിച്ച നടപടി ഇപ്പോൾ ഓർക്കുന്നത് സംഗതമായിരിക്കും. ഗോപാൽ സുബ്രഹ്്മണ്യത്തെ തഴഞ്ഞ നടപടിക്കെതിരെ വ്യാപക വിമർശമാണ് അന്നുയർന്നത്.
ജുഡീഷ്യറിയെ പ്രതി കേന്ദ്ര സർക്കാർ പ്രതിരോധത്തിലായ ഒരു ഘട്ടമായിരുന്നു അത്.
പ്രതിഷേധമറിയിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ആർ എം ലോധ തന്നെ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന് കത്തെഴുതുകയും ചെയ്തിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപനാകാൻ ഗോപാൽ സുബ്രഹ്്മണ്യം അർഹനാണെന്ന നിയമവൃത്തങ്ങളിലെ പൊതുവികാരം മാത്രമല്ല അന്ന് കേന്ദ്ര സർക്കാറിനെതിരെ തിരിഞ്ഞത്. പ്രത്യുത ഒരേ കൊളീജിയം ശിപാർശയിലെ ചില പേരുകൾ മാത്രം തിരഞ്ഞെടുത്ത് വിവേചനപരമായി അംഗീകാരം നൽകുക പതിവല്ലായിരുന്നു അതുവരെ. ആ നീതി ദീക്ഷയില്ലാത്തതും അമിതാധികാര പ്രയോഗം തെളിഞ്ഞുകാണുന്നതുമായ നടപടിക്കെതിരായിരുന്നു പ്രതിഷേധം കനത്തത്. എന്നാൽ 2014ൽ ഗോപാൽ സുബ്രഹ്്മണ്യത്തെ മാറ്റിനിർത്തിയതിലൂടെ കേന്ദ്ര സർക്കാർ തുടക്കമിട്ട അപൂർവ അപവാദ നടപടി ഇന്ന് കേന്ദ്ര സർക്കാറിന്റെ നയമായി മാറിയിരിക്കുന്നു എന്നതാണ് അപകടം നിറഞ്ഞ വർത്തമാനം. അതായത് ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള ഭരണകൂട ശ്രമങ്ങൾ ഏഴ് വർഷങ്ങൾക്കിപ്പുറം വിജയ വഴിയിലാണ് സഞ്ചരിക്കുന്നതെന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ്.

കൊളീജിയം ശിപാർശകൾ യഥാസമയം അംഗീകരിക്കാതിരിക്കുന്നതിലൂടെ ന്യായാധിപരുടെ സീനിയോറിറ്റി അവകാശത്തെയാണ് ഭരണകൂടം ഹനിക്കുന്നത്. കഴിവും പരിചയ സമ്പത്തും മാത്രമല്ല നിശ്ചിത കാലയളവിൽ ചീഫ് ജസ്റ്റിസാകുമെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കൊളീജിയം ശിപാർശകൾ തയ്യാറാക്കുന്നത്. എന്നാൽ പലപ്പോഴും കൊളീജിയം ദൗത്യത്തെ പാടെ അവഗണിച്ച് മുന്നോട്ടുപോകുന്ന ഭരണകൂടം ജുഡീഷ്യറിയെയും ന്യായാധിപരെയുമാണ് അവഹേളിക്കുന്നത്.

കൊളീജിയം സംവിധാനത്തിന് ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാഷനൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ്‌സ് കമ്മീഷൻ റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി പാലിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ വിമ്മിഷ്ടം കൂടെയാണ് ഇവിടെ പ്രകടമാകുന്നത്. ന്യായാധിപ നിയമനത്തിന് വേണ്ട മെമ്മോറാണ്ടം ഓഫ് പ്രൊസീജർ(എം ഒ പി) രൂപവത്കരിച്ച് നടപ്പാക്കാൻ പ്രസ്തുത വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആറ് വർഷങ്ങൾക്ക് ശേഷവും പ്രസ്താവിത നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ അന്തിമമായി തീർപ്പാക്കാതിരിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ കൂടുതൽ ആലോചിക്കേണ്ടതില്ല. നിയമപ്രാബല്യമുള്ള വ്യവസ്ഥാപിത രൂപം ന്യായാധിപ നിയമനത്തിന് ഉണ്ടായാൽ നീതിപീഠത്തിലെ ഭരണകൂട അജൻഡകൾ പടിക്ക് പുറത്താകുമെന്ന ബോധ്യം തന്നെയാണ് കേന്ദ്ര സർക്കാറിനെ അലോസരപ്പെടുത്തുന്നത്.

Latest